മുംബൈ (മഹാരാഷ്‌ട്ര): പൂനെ പോർഷെ കാർ അപകടക്കേസിൽ 17 കാരനായ പ്രതിക്ക് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 17 കാരനെ ഉടൻ വിട്ടയക്കാൻ ജസ്‌റ്റിസ് ഭാരതി ദാംഗ്രെ, ജസ്‌റ്റിസ് മജുഷ ദേശ്‌പാണ്ഡെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. കുട്ടിയെ പിതാവിന്‍റെ സഹോദരിയുടെ കസ്‌റ്റഡിയിൽ വിട്ട നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്.
പ്രായപൂർത്തിയാകാത്ത കുട്ടിയെ ഒബ്‌സർവേഷൻ ഹോമിലേക്ക് റിമാൻഡ് ചെയ്‌തുകൊണ്ട് ജുവനൈൽ ജസ്‌റ്റിസ് ബോർഡ് പുറപ്പെടുവിച്ച ഉത്തരവുകൾ ബെഞ്ച് റദ്ദാക്കി. സർക്കാർ ഒബ്‌സർവേഷൻ ഹോമിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവിന്‍റെ സഹോദരി നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഉത്തരവ്. ജുവനൈൽ കോടതി ഉത്തരവിന് ശേഷം കുട്ടിയെ ഒബ്‌സർവേഷൻ ഹോമിൽ നിന്ന് പുറത്തിറക്കും.
പ്രതിക്ക് നല്‍കിവരുന്ന പ്രായപൂർത്തിയാകാത്തവർക്കുള്ള കൗൺസിലിങ് തുടരണമെന്നും കോടതി ഉത്തരവിട്ടു. മെയ് 19 ന് രാത്രിയാണ് പൂനെയിലെ കല്യാണി നഗറിൽ മദ്യ ലഹരിയിലായിരുന്ന 17-കാരന്‍ അമിത വേഗതയില്‍ ഓടിച്ച പോര്‍ഷെ കാര്‍ ഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ മരിച്ചത്.