ന്യൂഡൽഹി: രാജ്യത്ത് വിവിധ എയര്‍ലൈനുകളുടെ വിമാനങ്ങള്‍ക്കെതിരായ ബോംബ് ഭീഷണികള്‍ തുടര്‍ക്കഥയാകുന്നു. ഇൻഡിഗോ, വിസ്‌താര, എയർ ഇന്ത്യ കമ്പനികളുടെ 30 വിമാനങ്ങള്‍ക്കാണ് തിങ്കളാഴ്‌ച ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഞായറാഴ്‌ച (ഓഗസ്റ്റ് 20) 24 വിമാനങ്ങള്‍ക്കായിരുന്നു ഭീഷണി സന്ദേശം.
ഇൻഡിഗോയുടെ നാല് വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് ഇൻഡിഗോ വക്താവ് അറിയിച്ചു. 6E 164 (മംഗലാപുരം - മുംബൈ), 6E 75 (അഹമ്മദാബാദ് - ജിദ്ദ), 6E 67 (ഹൈദരാബാദ് - ജിദ്ദ), 6E 118 (ലഖ്‌നൗ - പൂനെ) എന്നിവയ്ക്കാണ് ഭീഷണി ഉയര്‍ന്നത്. അതേസമയം എല്ലാ വിമാനങ്ങളിലെയും യാത്രക്കാർ സുരക്ഷിതരാണെന്ന് എയർലൈന്‍ പ്രസ്‌താവനകൾ വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് ഭൂരിഭാഗം ഭീഷണികളും ലഭിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ ഇന്ത്യൻ വിമാനക്കമ്പനികൾ നടത്തുന്ന 120ല്‍ അധികം വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. കഴിഞ്ഞ 3 മാസത്തിനിടെ ചെന്നൈ വിമാനത്താവളത്തിൽ മാത്രം 24-ഓളം ബോംബ് ഭീഷണികളാണ് ഉണ്ടായത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി ലഭിച്ചിരുന്നു. ബോംബ് ഭീഷണികള്‍ വ്യാജമാണെങ്കിലും കാര്യങ്ങളെ ഗൗരവമായി കാണാതിരിക്കാനാകില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രി കെ രാംമോഹൻ നായിഡു പറയുന്നു.
നിരന്തമുള്ള ബോംബ് ഭീഷണികൾ നേരിടാൻ കുറ്റവാളികളെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള നിയമ നിർമാണ നടപടികൾ സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ട്.
Also Read: 'കയ്യില്‍ ബോംബ് ഉണ്ട്' എന്ന് യാത്രക്കാരന്‍; കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിൽ വീണ്ടും ഭീഷണി