ന്യൂഡല്‍ഹി : ഡല്‍ഹി നംഗ്ലോയ് മേഖലയില്‍ ബോംബ് വച്ചതായി പൊലീസ് ആസ്ഥാനത്തേക്ക് ഇ മെയില്‍ അയച്ച കൗമാരക്കാരന്‍ പിടിയില്‍. വിവരം ലഭിച്ചയുടന്‍ പൊലീസ് പ്രദേശത്ത് വിശദമായ പരിശോധന നടത്തി. സംശയാസ്‌പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
അന്വേഷണത്തിനിടെ മെയില്‍ അയച്ചത് കൗമാരക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. പൊലീസ് കുട്ടിയെ പിടികൂടി കൗണ്‍സിലിങ്ങിന് വിധേയനാക്കി. പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
കുറ്റക്കാരന്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെന്നും അതിനാല്‍ പേരുവിവരം പുറത്തുവിടാന്‍ കഴിയില്ലെന്നും കൗണ്‍സിലിങ് നല്‍കി വിട്ടയച്ചുവെന്നും പൊലീസ് പറഞ്ഞു. നംഗ്ലോയിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ ദൂരെയാണ് സെന്‍ട്രല്‍ ഡല്‍ഹിയിലെ ജയ് സിങ് റോഡിലുള്ള പൊലീസ് ഹെഡ്‌ക്വാട്ടേഴ്‌സ്.
കഴിഞ്ഞ ദിവസം (മെയ് 1) ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി ഉണ്ടായിരുന്നു. മെയ് 1ന് രാവിലെയാണ് സ്‌കൂളുകളുടെ പരിസരത്ത് ബോംബ് വച്ചതായി കാണിക്കുന്ന ഇ മെയില്‍ സന്ദേശം ലഭിച്ചത്. ദ്വാരകയിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ ഉള്‍പ്പടെയുള്ള സ്‌കൂളുകള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.
വിവരം ലഭിച്ചയുടന്‍ ഡല്‍ഹി പൊലീസും ബോംബ് നിര്‍വീര്യ സേനയും ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥരും സംഭവ സ്ഥലങ്ങളില്‍ എത്തി പരിശോധന നടത്തി. സ്‌കൂളുകള്‍ ഒഴിപ്പിച്ചായിരുന്നു പരിശോധന. സ്‌കൂളുകള്‍ക്ക് ലഭിച്ച ഇ മെയില്‍ സന്ദേശങ്ങള്‍ ഒരേ രീതിയിലുള്ളവയാണ് എന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഒരേ മെയില്‍ വിവിധ സ്‌കൂളുകള്‍ക്ക് അയച്ചതായാണ് അധികൃതര്‍ നല്‍കിയ വിവരം. അതേസമയം മെയിലില്‍ തീയതി രേഖപ്പെടുത്തിയിരുന്നില്ല.