ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മൂന്ന് മന്ത്രിമാര്‍ക്ക് ബോംബ് ഭീഷണി സന്ദേശം. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആഭ്യന്തരമന്ത്രി പരമേശ്വർ എന്നിവർക്കാണ് ഇ-മെയിലിലൂടെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.
ബസുകൾ, ട്രെയിനുകൾ, ക്ഷേത്രങ്ങൾ, ഹോട്ടലുകൾ എന്നിവയുൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ ബോംബ് സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത് (Karnataka government receives bomb threat email).
രാമേശ്വരം കഫേ സ്‌ഫോടനം നടന്നതിന്‍റെ പിറ്റേന്നാണ് മുഖ്യമന്ത്രി ഉള്‍പ്പെടെ മൂന്ന് മന്ത്രിമാര്‍ക്കും ഭീഷണി സന്ദേശം ലഭിച്ചത്. കഴിഞ്ഞ ശനിയാഴ്‌ച ഉച്ചയ്ക്ക് 2.48 നാണ് ഇമെയിൽ സന്ദേശം വന്നത്. ഷാഹിദ് ഖാന്‍ എന്ന വ്യക്തിയുടെ പേരിലാണ് ഇമെയിൽ വന്നത്.
സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ഇമെയിൽ സേവനം ഉപയോഗിച്ചാണ് ഷാഹിദ് ഖാന്‍റെ പേരിൽ ഭീഷണി സന്ദേശം ലഭിച്ചത്. കർണാടക സർക്കാർ, മുഖ്യമന്ത്രി, ആഭ്യന്തര സെക്രട്ടറി, അഡീഷണൽ കമ്മീഷണർ ഓഫ് പൊലീസ് അഡ്‌മിൻ ഡിവിഷൻ, ബാംഗ്ലൂർ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസ് ഡിസിപി തുടങ്ങി വിവിധ ഔദ്യോഗിക അക്കൗണ്ടുകളിലേക്കാണ് മെയിൽ അയച്ചിരിക്കുന്നത് (Bomb threat email to Karnataka CM, DCM and Home Minister).
സംഭവത്തില്‍ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. രാമേശ്വരം കഫേ സ്‌ഫോടനം ട്രെയിലറാണെന്നും, അമ്പാരി ഉത്സവ് ബസിൽ പൊട്ടിത്തെറിയുടെ രണ്ടാമത്തെ ട്രെയിലർ കാണിക്കാൻ ഞങ്ങൾ തയ്യാറാണെന്നും ഭീഷണിയായി ഇമെയിലിൽ പറയുന്നു.
2.5 മില്യൺ ഡോളർ നൽകിയില്ലെങ്കിൽ കർണാടകയിലുടനീളമുള്ള ബസുകൾ, ട്രെയിനുകൾ, ടാക്‌സികൾ, ക്ഷേത്രങ്ങൾ, ഹോട്ടലുകൾ എന്നിവയുൾപ്പെടെ പൊതുസ്ഥലങ്ങളിൽ വൻ സ്‌ഫോടനങ്ങൾ നടത്തുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു.
"ഞങ്ങൾ നിങ്ങൾക്ക് ഒരു ട്രെയിലർ കൂടി കാണിക്കും. അടുത്തത് അംബാരി ഉത്സവ് ബസിൽ പൊട്ടിത്തെറി നടക്കാൻ പോകുന്നു. അമ്പാരി ഉത്സവ് ബസ് സ്‌ഫോടനത്തിന് ശേഷം ഞങ്ങൾ ഞങ്ങളുടെ ആവശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉന്നയിക്കും. നിങ്ങൾക്ക് അയച്ച മെയിലിൻ്റെ സ്‌ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യും. അടുത്ത സ്ഫോടനത്തെക്കുറിച്ചുള്ള വിവരങ്ങളും ഞങ്ങൾ ട്വീറ്റ് ചെയ്യും," ഇതാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്.
മാർച്ച് ഒന്നിന് ബംഗളൂരുവിലെ പ്രശസ്‌തമായ ഭക്ഷണശാലയായ രാമേശ്വരം കഫേയിൽ സ്ഫോടനം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് ബോംബ് ഭീഷണി മെയിൽ അയച്ചിരിക്കുന്നത്. രാമേശ്വരം കഫേ സ്ഫോടനത്തിൽ കുറഞ്ഞത് 10 പേർ പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിലാണ്. സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തിരുന്നു.