ഗുവാഹത്തി : കനത്ത മഴയ്ക്കിടെ പിതാവിന്‍റെ സ്‌കൂട്ടറില്‍ നിന്ന് അഴുക്ക് ചാലിലേക്ക് വീണ എട്ടുവയസുകാരന്‍റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. മൂന്ന് ദിവസം മുമ്പാണ് കുട്ടി അഴുക്കു ചാലില്‍ വീണത്. വെള്ളപ്പൊക്കം മൂലം ഏതാണ്ട് പൂര്‍ണമായി മുങ്ങിയെന്ന് പറയാവുന്ന നഗരത്തില്‍ കുട്ടിയെ തിരയുന്ന പിതാവ് ഹിരാലാല്‍ ഒരു നൊമ്പരക്കാഴ്‌ച ആയിരുന്നു.
കുട്ടിയുടെ ചെരിപ്പ് മാത്രമാണ് ഹിരാലാലിന് കണ്ടെത്താനായത്. സര്‍ക്കാര്‍ തന്‍റെ കുഞ്ഞിനെ കണ്ടെത്താന്‍ സഹായിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിക്കുന്നുണ്ടായിരുന്നു. നേരത്തെ കുട്ടിയുടെ ചെരിപ്പുകള്‍ അദ്ദേഹം പൊലീസിന് കൈമാറിയിരുന്നു.
വ്യാഴാഴ്‌ച വൈകിട്ട് വീട്ടിലേക്ക് പിതാവിനൊപ്പം മടങ്ങും വഴിയാണ് കനത്ത മഴയ്ക്കിടെ അഭിനാഷ് അഴുക്കുചാലില്‍ വീണത്. കുട്ടിയുടെ കൈ താന്‍ വെള്ളത്തിന് മുകളില്‍ കണ്ടെന്നും എന്നാല്‍ പിടിക്കാനാകും മുമ്പ് അവന്‍ ആഴങ്ങളിലേക്ക് പോയെന്നും അവിനാഷിന്‍റെ പിതാവ് ഹിരാലാല്‍ പറഞ്ഞു. രാത്രി മുഴുവന്‍ ഇയാള്‍ ഒരു കടയുടെ വരാന്തയില്‍ ചെലവിട്ടു.
തനിക്ക് മകനില്ലാതെ വീട്ടിലേക്ക് മടങ്ങാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ടീഷര്‍ട്ടും ഷോര്‍ട്‌സും അണിഞ്ഞ് അയാള്‍ മാലിന്യങ്ങളില്‍ തന്‍റെ കുഞ്ഞിനായി തെരച്ചില്‍ നടത്തി. സര്‍ക്കാര്‍ സംവിധാനങ്ങളും പിന്നീട് ഹിരാലാലിനൊപ്പം തെരച്ചിലില്‍ പങ്കാളികളായി. നിരവധി ഏജന്‍സികളാണ് കുട്ടിയെ കണ്ടെത്താനായി രംഗത്ത് ഉണ്ടായിരുന്നത്.
പൊലീസ് നായയും മുങ്ങല്‍ വിദഗ്‌ധരും അടക്കം രംഗത്തിറങ്ങി. അഴുക്കുചാലിന്‍റെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഇളക്കി മാറ്റി വരെയാണ് തെരച്ചില്‍ നടത്തിയത്. ഹിരാലാലും ഭാര്യയും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയെ നേരില്‍ കണ്ട് പരാതി നല്‍കി. തെരച്ചില്‍ ശക്തമാക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു.
അതേസമയം അസമിലെ വെള്ളപ്പൊക്കത്തില്‍ 24 മണിക്കൂറിനിടെ ആറ് ജീവനുകള്‍ കൂടി നഷ്‌ടമായി. 23 ലക്ഷം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്. ഗുവാഹത്തിയിലെ അനില്‍ നഗരക്, നബിന്‍ നഗര്‍, രുഗ്മിണി നഗര്‍ തുടങ്ങിയ മേഖലകള്‍ നാലാം ദിവസവും വെള്ളത്തിനടിയിലാണ്. മിക്കയിടങ്ങളിലും ബ്രഹ്മപുത്ര നദിയിലെ വെള്ളം അപകടഘട്ടത്തിന് മുകളിലാണ്.