ഉത്തരകന്നഡ: വിദ്യാലയത്തില്‍ നിന്ന് പഠന യാത്ര പോയ നാല് കുട്ടികള്‍ മുരുദേശ്വരയിലെ കടലില്‍ മുങ്ങി മരിച്ചു. കോലാര്‍ ജില്ലയിലെ മുലാബാഗിലുവിലുള്ള മൊറാര്‍ജി ദേശായ് റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ദുരന്തത്തിനിരയായത്.
സ്‌കൂളില്‍ നിന്ന് 46 വിദ്യാര്‍ത്ഥികളും ഏഴ് അധ്യാപകരുമാണ് ചൊവ്വാഴ്‌ച പഠനയാത്രയ്ക്ക് പോയത്. ശ്രാവന്തി ഗോപാലപ്പ (15) എന്ന കുട്ടിയുടെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. ഇന്നാണ് വിദ്യാര്‍ത്ഥികളില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയത്. ദീക്ഷ (15), ലാവണ്യ (15), വന്ദന (15) എന്നിവരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നാട്ടുകാരായ മീന്‍പിടുത്തക്കാരും ലൈഫ് ഗാര്‍ഡുകളും ചേര്‍ന്ന് മൂന്ന് കുട്ടികളെ രക്ഷിച്ചു. യശോദ, വീക്ഷണ, ലിപിക എന്നിവരെയാണ് രക്ഷിച്ചത്. ഇവര്‍ ആര്‍എന്‍എസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഡെപ്യൂട്ടി കമ്മീഷണര്‍ കെ ലക്ഷ്‌മിപ്രിയയും ജില്ലാ പൊലീസ് സൂപ്രണ്ട് എം നാരായണയും സ്ഥലം സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തി. സ്‌കൂള്‍ ജീവനക്കാരില്‍ നിന്നും രക്ഷാപ്രവര്‍ത്തകരില്‍ നിന്നും വിവരങ്ങള്‍ തേടി. അപകടത്തെ തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
മുരുദേശ്വരയില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന ആക്ഷേപമാണ് പ്രധാനമായും ഉയരുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട യാതൊരു ഉപകരണങ്ങളും ലഭ്യമായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ധാരാളം സഞ്ചാരികള്‍ വന്ന് പോകുന്ന ഇവിടെയുള്ള ലൈഫ് ഗാര്‍ഡുമാരുടെ പക്കല്‍ പോലും യാതൊരു ജീവന്‍ രക്ഷാ ഉപകരണങ്ങളുമില്ലെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരനായ മഞ്ജുനാഥ് പറഞ്ഞു. ഇത് രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു.
ബീച്ചിലെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കൂടുതല്‍ ലൈഫ് ഗാര്‍ഡുമാരെ ഇവിടെ നിയോഗിക്കണം. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണമെന്നും അവര്‍ പറയുന്നു.
മുഖ്യമന്ത്രി സിദ്ധരാമയ്യ മരിച്ച വിദ്യാര്‍ത്ഥികളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. കുട്ടികളുടെ മരണത്തില്‍ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. ദുരന്ത വാര്‍ത്ത തന്നെ ഞെട്ടിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൃതദേഹങ്ങള്‍ ജന്മനാട്ടിലെത്തിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്ന് ഉത്തരകന്നഡ ജില്ലാ ഭരണകൂടത്തോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം യാത്രകളില്‍ കൂടുതല്‍ കരുതല്‍ പുലര്‍ത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അപകടകരമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അധ്യാപകര്‍ കുട്ടികളുടെ സുരക്ഷയില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഇത്തരം ദുരന്തങ്ങള്‍ ഇനി ഉണ്ടാകരുതേ എന്നാണ് തന്‍റെ പ്രാര്‍ത്ഥനയെന്നും മുഖ്യമന്ത്രി പറഞ്ഞു.