ന്യൂഡൽഹി : ഡല്‍ഹിയിലെ പ്രശാന്ത് വിഹാറില്‍ സിആർപിഎഫ് സ്‌കൂളിന് പുറത്ത് സ്‌ഫോടനം. എൻഐഎ സംഘവും എൻഎസ്‌ജി കമാൻഡോകളും ദേശീയ ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥരും സ്‌ഫോടനം നടന്ന സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. ഇന്ന് രാവിലെ (20-10-2024) 07.47 ന് ആണ് സ്‌കൂളിന് പുറത്ത് സ്ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ സ്‌കൂളിന് സമീപത്തെ കടകളുടെയും പാർക്ക് ചെയ്‌തിരുന്ന കാറിന്‍റെയും ചില്ലുകൾക്കും മറ്റുമായി കേടുപാടുകള്‍ സംഭവിച്ചിട്ടിട്ടുണ്ട്.
സ്‌ഫോടനത്തിന്‍റെ കാരണം സംബന്ധിച്ച് വ്യക്തമായ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നും സ്‌പെഷ്യൽ സെൽ ഉൾപ്പെടെയുള്ളവര്‍ അന്വേഷിക്കുകയാണെന്നും ഡൽഹി പൊലീസ് അറിയിച്ചു. സ്‌ഫോടന സ്ഥലത്ത് നിന്ന് ലഭിച്ച സൂചനകള്‍വച്ച് ക്രൂഡ് ബോംബിനോട് സാമ്യമുള്ളതാണെന്ന് ഫോറൻസിക് സയൻസ് ലബോറട്ടറി വൃത്തങ്ങൾ അറിയിക്കുന്നു. മുഴുവൻ റിപ്പോർട്ടുകളും ലഭിച്ചതിന് ശേഷം വിശദാംശങ്ങൾ വ്യക്തമാകുമെന്നും അവര്‍ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സ്‌ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ ഡൽഹിയിൽ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ദീപാവലി പ്രമാണിച്ച് മാർക്കറ്റുകളിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതിനിടെ, രാജ്യതലസ്ഥാനത്തെ ക്രമസമാധാന തകർച്ചയ്ക്ക് കാരണം കേന്ദ്രം ഭരിക്കുന്ന ബിജെപിയാണെന്ന് ഡൽഹി മുഖ്യമന്ത്രി അതിഷി ആരോപിച്ചു. ക്രമസമാധാന പാലനത്തിന്‍റെ ഉത്തരവാദിത്തം ബിജെപിക്കാണെങ്കിലും അവരുടെ ട്രാക്ക് റെക്കോഡ് മറിച്ചാണ് സൂചിപ്പിക്കുന്നതെന്നും അവർ പറഞ്ഞു. ബിജെപി ക്രമസമാധാനം പാലിക്കുന്ന ജോലി ഉപേക്ഷിച്ച് ഡൽഹിയിലെ ജനാധിപത്യ സർക്കാരിന്‍റെ പ്രവർത്തനം തടസപ്പെടുത്തുന്നതിലാണ് സമയം ചെലവഴിക്കുന്നതെന്നും അതിഷി കുറ്റപ്പെടുത്തി. ബിജെപിയുടെ ഈ നിലപാടാണ് 1990-കളിലെ മുംബൈ അധോലോക കാലഘട്ടം പോലെ ഡൽഹിയിലെ സാഹചര്യം എത്തിയത് എന്ന് അതിഷി എക്‌സില്‍ കുറിച്ചു.
Also Read: ഡല്‍ഹിയിലെ വായുവിന്‍റെ മോശം ഗുണനിലവാരം; കാരണം ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബസുകളെന്ന് എഎപി