മഹബൂബാബാദ് (തെലങ്കാന) : തനിക്കും കുടുംബത്തിനും എതിരെ മന്ത്രവാദം നടത്തുന്നു എന്നാരോപിച്ച് അയല്‍വാസികളായ വയോധികയേയും മകനെയും കൊലപ്പെടുത്തി യുവാവ് (Murders due to black magic). മഹബൂബാബാദ് ജില്ലയിലെ ഗുഡുരു ബൊല്ലെപള്ളിയിലാണ് സംഭവം. സമ്മക്ക (60), മകന്‍ സമ്മയ്യ (40) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതി ശിവരാത്രി കുമാരസ്വാമിയെ പൊലീസ് പിടികൂടി.
കുമാരസ്വാമിയുടെ പിതാവ് എല്ലയ്യ അടുത്തിടെ മരണപ്പെട്ടിരുന്നു. മകന് അപസ്‌മാരവും ഭാര്യയ്‌ക്ക് മാനസിക ബുദ്ധിമുട്ടും ഉണ്ടായി. ഇയാളുടെ സഹോദരന്‍റെ ഭാര്യ ഇടിമിന്നലേറ്റ് മരിക്കുകയായിരുന്നു. തന്‍റെ കുടുംബത്തില്‍ ഉണ്ടായ മരണങ്ങള്‍ക്കും രോഗങ്ങള്‍ക്കും കാരണം അയല്‍വാസികളായ അലകുന്ത്‌ല കൊമരയ്യയും ഭാര്യയും മകൻ സമ്മയ്യയും ആണെന്ന് കുമാരസ്വാമി ആരോപിച്ചിരുന്നു.
ഇയാള്‍ കൊമരയ്യയേയും കുടുംബത്തെയും ആക്രമിക്കുന്നതും പതിവായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് സമ്മയ്യ ഗ്രാമത്തിലൂടെ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുമ്പോള്‍ കുമാരസ്വാമി ഇയാളുടെ വാഹനം കൊണ്ട് ഓട്ടോയില്‍ ഇടിച്ചിരുന്നു. പിന്നാലെ തന്‍റെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് സമ്മയ്യ ഗുഡുരു പൊലീസില്‍ പരാതി നല്‍കി.
കുമാരസ്വാമിയെ വിളിച്ച് സംസാരിക്കാം എന്ന് പൊലീസ് പറഞ്ഞതനുസരിച്ച് ചൊവ്വാഴ്‌ച (ഫെബ്രുവരി 13) കൊമരയ്യ, ഭാര്യ സമ്മക്ക, മകന്‍ സമ്മയ്യ, മരുമകള്‍ രജിത എന്നിവര്‍ സ്റ്റേഷനിലെത്തി. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും കുമാരസ്വാമി എത്താത്തതിനാല്‍ കൊമരയ്യയും കുടുംബവും ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങി.
ഗുഡൂരില്‍ ഇവരെ കാത്തുനിന്ന കുമാരസ്വാമി ഓട്ടോ തടഞ്ഞുനിര്‍ത്തി സമ്മയ്യയെ മര്‍ദിച്ചു. മകനെ മര്‍ദിക്കുന്നത് തടഞ്ഞ കൊമരയ്യയേയും കുമാരസ്വാമി മര്‍ദിച്ചു. മര്‍ദനത്തില്‍ കൈ ഒടിഞ്ഞ കൊമരയ്യ ബോധരഹിതനായി.
Also Read: മദ്യപാനത്തിനിടെ തര്‍ക്കം : മലയിന്‍കീഴില്‍ യുവാവിനെ കുത്തിക്കൊന്നു
പിന്നാലെ കയ്യിലുണ്ടായിരുന്ന ഇരുമ്പ് വടികൊണ്ട് കുമാരസ്വാമി സമ്മക്കയേയും സമ്മയ്യയേയും ആക്രമിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു (Telangana man kills neighbors on suspicion of black magic). സമ്മയ്യയുടെ ഭാര രജിത ഭയന്ന് ഓട്ടോയുടെ പിന്നില്‍ ഒളിക്കുകയായിരുന്നു. നാട്ടുകാര്‍ പ്രതിയെ പിടികൂടി തൂണില്‍ കെട്ടിയിട്ട് പൊലീസിന് കൈമാറി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.