ഇറ്റാവ (യുപി) : സംസ്ഥാനത്തെ മെയിൻപുരി ലോക്‌സഭ മണ്ഡലത്തിലെ ബൂത്തുകൾ കൊള്ളയടിക്കാൻ ബിജെപി പ്രവർത്തകർ ശ്രമിക്കുന്നതായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ളവരെ പൊലീസ് സ്റ്റേഷനുകളിൽ തടഞ്ഞുവെക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ മൂന്നാം റൗണ്ടിൽ ചൊവ്വാഴ്‌ചയാണ് ഇവിടെ വോട്ടെടുപ്പ് നടന്നത്.
തൻ്റെ ഭാര്യയും സിറ്റിങ് എംപിയുമായ ഡിംപിൾ യാദവ് മത്സരിക്കുന്ന മെയിൻപുരി മണ്ഡലത്തിലെ സൈഫായിൽ (ഇറ്റാവ) വോട്ട് രേഖപ്പെടുത്തിയ യാദവ്, ഭാരതീയ ജനത പാർട്ടിയിൽ (ബിജെപി) അധികാര തർക്കം നടക്കുന്നുണ്ടെന്നും അവകാശപ്പെട്ടു. ബിജെപി നേതാക്കൾ സ്വയം പ്രീതിപ്പെടുത്താൻ പ്രസ്‌താവനകൾ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ചിലയിടങ്ങളിൽ കള്ളവോട്ട് നടന്നതായും അദ്ദേഹം ആരോപിച്ചു. "സർക്കാർ ബലപ്രയോഗം നടത്തുന്നതായി ചില സ്ഥലങ്ങളിൽ നിന്ന് വിവരങ്ങൾ ലഭിക്കുന്നു. പോളിങ് ബൂത്തിന് പുറത്ത് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി കേൾക്കുന്നു"- സമാജ്‌വാദി പാർട്ടി അധ്യക്ഷൻ പറഞ്ഞു.
ബിജെപി സർക്കാരിന് കർഷകർക്ക് മിനിമം താങ്ങുവില നൽകാൻ കഴിഞ്ഞില്ലെന്നും വിവാദമായ മൂന്ന് കർഷക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിൽ ആയിരത്തിലധികം കർഷകർക്ക് ജീവൻ നഷ്‌ടപ്പെട്ടെന്നും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ കാർ നാല് കർഷകർ ഇടിച്ചുതെറിപ്പിച്ച, 2021ലെ ലഖിംപൂർ ഖേരി അക്രമത്തെയും അദ്ദേഹം പരോക്ഷമായി പരാമർശിച്ചു. 'ഇവർ കർഷകരുടെ മേൽ കാർ ഓടിച്ചു. ബിജെപി സർക്കാർ അധികാരത്തിൽ വന്ന 2014 മുതൽ രാജ്യത്ത് ഒരു ലക്ഷം കർഷകരാണ് ആത്മഹത്യ ചെയ്‌തത്'.
കടുത്ത ചൂടിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനെക്കുറിച്ചും യാദവ് ചോദ്യങ്ങൾ ഉന്നയിച്ചു. ഇത് ജനങ്ങളെ മനഃപൂർവം ബുദ്ധിമുട്ടിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നിരുന്നാലും, മുഴവൻ വോട്ടർമാരോടും വോട്ട് രേഖപ്പെടുത്താൻ അദ്ദേഹം അഭ്യർഥിച്ചു.
"ഇത് നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കാൻ കഴിയുന്ന വോട്ടാണ്. ഈ വോട്ടാണ് ഭരണഘടനയെയും ജനാധിപത്യത്തെയും ശക്തിപ്പെടുത്തുന്നത്. കൂടുതൽ വോട്ടുകളിലൂടെ നമ്മുടെ ജനാധിപത്യം ശക്തമാകും," അഖിലേഷ് യാദവ് വ്യക്തമാക്കി.
അതേസമയം, അധികാരത്തിൽ തിരിച്ചെത്തിയാൽ ബിജെപി ഭരണഘടന മാറ്റുമെന്ന് സൈഫയിൽ വോട്ട് ചെയ്‌ത ശേഷം സമാജ്‌വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവ് ആരോപിച്ചു. "ബിജെപി പുതിയ ഭരണഘടനയും തയ്യാറാക്കിയിട്ടുണ്ട്. ഒരാൾക്ക് സമ്പൂർണ അധികാരം ലഭിക്കുമ്പോൾ അയാൾ സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുന്നു," അദ്ദേഹം പറഞ്ഞു.
നിലവിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് രാമഭക്തരും രാംദ്രോഹിയും തമ്മിലുള്ള തെരഞ്ഞെടുപ്പാണെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ പ്രസ്‌താവനയെക്കുറിച്ചും രാം ഗോപാൽ യാദവ് പറഞ്ഞു. അധികാരത്തിൻ്റെ ലഹരിയിൽ ഒരാൾ എന്തിനെക്കുറിച്ചും സംസാരിക്കാൻ തുടങ്ങുമെന്നും അതാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ ലോക്‌സഭ തെരഞ്ഞെടുപ്പിലെ പോരാട്ടം രാജ്യത്തെ രക്ഷിക്കാനാണെന്നും ഡിംപിൾ യാദവ് മെയിൻപുരി സീറ്റിൽ അഞ്ച് ലക്ഷം വോട്ടുകൾക്ക് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ബോളിവുഡ് താരം ശേഖര്‍ സുമന്‍ ബിജെപിയില്‍ ചേര്‍ന്നു