ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ആംആദ്‌മി പാര്‍ട്ടി നേതാക്കൾ എത്തില്ലെന്ന് ഉറപ്പുവരുത്തുന്നതിനായാണ് ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി സൗരഭ് ഭരദ്വാജ്. ഇതിന്‍റെ ഭാഗമായാണ് എഎപി നേതാക്കളെ ജയിലില്‍ അടയ്‌ക്കുന്നതെന്നും ഡല്‍ഹി മന്ത്രി പറഞ്ഞു. ആംആദ്‌മി എംഎൽഎ അമാനത്തുള്ള ഖാനെ ഇഡി അറസ്റ്റ് ചെയ്‌തതിനെതിരെ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പഴയ കേസിലാണ് അമാനത്തുള്ള ഖാനെ ഇഡി അറസ്റ്റ് ചെയ്‌തതെന്നും ഭരദ്വാജ് പറഞ്ഞു.
"എഎപി നേതാക്കളെയും എംഎൽഎമാരെയും മന്ത്രിമാരെയും അറസ്റ്റ് ചെയ്യുക എന്നതാണ് കേന്ദ്ര സർക്കാറിന്‍റെ ലക്ഷ്യം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) വ്യവസ്ഥകൾ വളരെ കർശനമാണ്, അവയിൽ ജാമ്യം ലഭിക്കാൻ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് എഎപി എംഎൽഎമാർ തങ്ങളുടെ മണ്ഡലങ്ങളിൽ ഇല്ലെന്ന് ഉറപ്പാക്കാനാണ് അവർ ആഗ്രഹിക്കുന്നത്" - സൗരഭ് ഭരദ്വാജ് പറഞ്ഞു.
കേന്ദ്ര എജന്‍സികളെ മോദി സര്‍ക്കാര്‍ ദുരുപയോഗം ചെയ്‌തെന്ന് കഴിഞ്ഞ ദിവസം സൗരഭ് ഭരദ്വാജ് വിമര്‍ശിച്ചിരുന്നു. ഇതു ഗുണ്ടാപ്രവർത്തനമാണെന്ന് അദ്ദേഹം തുറന്നടിക്കുകയും ചെയ്‌തു. അതേസമയം അമാനത്തുള്ള ഖാനെയും അദ്ദേഹവുമായി ബന്ധപ്പെട്ട ചിലരെയും കള്ളപ്പണം വെളുപ്പിക്കൽ കേസിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായി ഇന്ന് ( സെപ്റ്റംബർ 2 തിങ്കൾ) ഇഡി അറസ്റ്റ് ചെയ്‌തിരുന്നു.
ഡൽഹിയിലെ ഓഖ്‌ലയിലെ വസതിയിൽ റെയ്‌ഡ് നടത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്‍റെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരമാണ് ഇഡി കേസെടുത്തിരിക്കുന്നത്. എന്നാല്‍ കേസില്‍ അമാനത്തുള്ള ഖാനെതിരെ അന്വേഷണ ഏജൻസികൾ ഇതുവരെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സൗരഭ് ഭരദ്വാജ് പറഞ്ഞു.
'കേന്ദ്ര സർക്കാർ ഇങ്ങനെയുള്ള പ്രവർത്തികളിൽ ഏർപ്പെടുന്നത് വളരെ ആശങ്ക ജനകമാണ്. ഖാൻ പണം വാങ്ങി ആളുകളെ റിക്രൂട്ട് ചെയ്യുകയായിരുന്നുവെന്നത് തെറ്റായ കാര്യമായിരുന്നു എന്ന് കോടതിയിൽ തെളിഞ്ഞ കാര്യമാണ്. സിബിഐ നേരത്തെ അന്വേഷണം നടത്തിയിട്ട് അദ്ദേഹത്തിനെതിരെ ഒന്നും കണ്ടെത്തിയില്ല. ഖാനെ ഉപദ്രവിക്കാൻ വേണ്ടി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ് സർക്കാർ ചെയ്യുന്നത്.
ഓഖ്‌ലയിലെ അദ്ദേഹത്തിന്‍റെ വീട്ടിൽ അസുഖബാധിതയായ അമ്മയും മറ്റുകുടുംബാംഗങ്ങളും ഉണ്ടായിരുന്നു. ഖാന്‍റെ കുടുംബത്തെ ഉപദ്രവിക്കാൻ എത്ര തവണ നിങ്ങൾ അവിടെ പോകും?'- ഡല്‍ഹി മന്ത്രി പറഞ്ഞു.