ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള് രാജിവച്ചാലെ തലസ്ഥാനത്തെ സൗജന്യ വെള്ളവും വൈദ്യുതിയും മൊഹല്ല ക്ലിനിക്കുകളും നിർത്താൻ കഴിയുള്ളുവെന്ന് ബിജെപിയെ രൂക്ഷമായി വിമർശിച്ച് ആം ആദ്‌മി പാർട്ടി നേതാവും രാജ്യസഭ എംപിയുമായ സഞ്ജയ് സിങ്. സുപ്രീം കോടതിയിൽ നിന്ന് എക്സൈസ് നയ അഴിമതിയിൽ ജാമ്യം നേടി തിഹാർ ജയിലിൽ നിന്ന് മോചിതനായി മണിക്കൂറുകൾക്ക് ശേഷമാണ് ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി അദ്ദേഹം രംഗത്തെത്തിയത്.
പ്രതിപക്ഷം ഭരിക്കുന്ന ബംഗാൾ, പഞ്ചാബ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസ് തൻ്റെ വാതിലിൽ മുട്ടിയാൽ പ്രധാനമന്ത്രി അന്വേഷണത്തിൽ ചേരുമോ എന്ന് അദ്ദേഹം ബിജെപിയോട് ചോദിച്ചു. ആം ആദ്‌മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാളിനെയും മനീഷ് സിസോദിയയേയും സത്യേന്ദർ ജെയിനെയും ജയിലിലേക്ക് അയച്ചത് ഡൽഹിയിലെ സ്ത്രീകൾക്ക് നല്ല വിദ്യാഭ്യാസം, ആരോഗ്യ സൗകര്യങ്ങൾ, സൗജന്യ ബസ് യാത്ര, പ്രതിമാസം 1000 രൂപ എന്നിവ നൽകണമെന്ന് ആഗ്രഹിച്ചതിനാലാണെന്ന് സഞ്ജയ് സിങ് ആരോപിച്ചു.
ജയിലിൽ നിന്ന് പുറത്തിറങ്ങിയ എംപി അരവിന്ദ് കെജ്‌രിവാളിന്‍റെ ഭാര്യ സുനിത കെജ്‌രിവാളിനെ സന്ദർശിച്ചു. സുനിത കെജ്‌രിവാളിന്‍റെ കണ്ണുകളിൽ കണ്ണുനീർ കണ്ടതായും അദ്ദേഹം പറഞ്ഞു. സിസോദിയയുടെയും ജെയിനിന്‍റെയും കുടുംബങ്ങളെ താൻ പോയി കാണുമെന്നും സിങ് പറഞ്ഞു. രാജ്യത്തെ ജനങ്ങളോട്, കണ്ണീരൊഴുക്കുന്ന ബിജെപി സ്വേച്ഛാധിപതികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സിങ് ആവശ്യപ്പെട്ടു. കെജ്‌രിവാൾ ജനങ്ങളുടെ മുഖത്ത് പുഞ്ചിരി കൊണ്ടുവരുമെന്നും അവർക്ക് നല്ല വിദ്യാഭ്യാസവും ആരോഗ്യ സൗകര്യങ്ങളും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
'രാജ്യത്തെ സ്വേച്ഛാധിപതിക്ക് എന്‍റെ ശബ്‌ദം കേൾക്കാൻ കഴിയുമെങ്കിൽ, നിങ്ങൾ ഇത് കേൾക്കൂ, ആം ആദ്‌മി എന്നത് ഒരു പ്രസ്ഥാനത്തിൽ ജനിച്ച പാർട്ടിയാണ്, എന്തുവന്നാലും ഞങ്ങൾ ഒരു കുടുംബമാണ്, നിങ്ങളുയർത്തുന്ന ഭീഷണികളിൽ ഞങ്ങൾ ഭയപ്പെടില്ല' -ആം ആദ്‌മി പാർട്ടി ഓഫിസിൽ നടന്ന പ്രസംഗത്തിൽ സിങ് പറഞ്ഞു.
ബിജെപിയുടെ സ്വേച്ഛാധിപത്യത്തിനെതിരെ പോരാടിയതിനാണ് ആം ആദ്‌മി പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും ജയിൽവാസം ലഭിച്ചതെന്ന് സിങ് പറഞ്ഞു. മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ്, രാജ്യസഭ എംപി രാഘവ് ഛദ്ദ, എംഎൽഎ ദുർഗേഷ് പഥക് എന്നിവരുൾപ്പെടെ മറ്റ് എഎപി നേതാക്കളെയും അറസ്റ്റ് ചെയ്യാൻ ബിജെപി ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.