ഭുവനേശ്വര്‍ : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒഡിഷയില്‍ ബിജെപിയും ബിജെഡിയും സഖ്യമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയും ബിജെഡി അധ്യക്ഷനുമായ നവീന്‍ പട്‌നായിക് നേതാക്കളുടെ അടിയന്തര യോഗം വിളിച്ചതിന് പിന്നാലെയാണ് അഭ്യൂഹം ശക്തമായത്. ഇന്ന് (മാര്‍ച്ച് 6) വൈകിട്ടാണ് മുഖ്യമന്ത്രി ബിജെഡി നേതാക്കളുടെ യോഗം വിളിച്ചിട്ടുള്ളത്.
ഇതിന് പിന്നാലെ ഒഡിഷയിലെ ബിജെപി നേതാക്കള്‍ ഡല്‍ഹിയില്‍ കേന്ദ്രനേതാക്കളോടൊത്ത് യോഗം ചേരുന്നുമുണ്ട്. വൈകിട്ട് 5.30നാണ് ഈ യോഗം. സീറ്റ് വിഭജനം സംബന്ധിച്ച് ബിജെഡി ബിജെപിയുമായി ചര്‍ച്ച നടത്തുമെന്നും വിവരമുണ്ട്. വിഷയത്തില്‍ ഏതാനും ദിവസങ്ങളായി അഭ്യൂഹം ശക്തമായിട്ടുണ്ട്.
ഫെബ്രുവരി മുതലാണ് അഭ്യൂഹങ്ങള്‍ ഉയരാന്‍ തുടങ്ങിയത്. ഫെബ്രുവരി 3ന് സംബല്‍പൂരില്‍ ഒരു പരിപാടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് തന്‍റെ സുഹൃത്താണെന്ന് വേദിയില്‍ പറഞ്ഞിരുന്നു. ഇതോടെയാണ് സഖ്യം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. ഇന്നലെ (മാര്‍ച്ച് 5) ജാജ്‌പൂരിലെത്തി പ്രധാനമന്ത്രി വീണ്ടും പട്‌നായിക്കിനെ പ്രശംസിച്ചു.
ജനപ്രിയനായ മുഖ്യമന്ത്രിയാണ് നവീന്‍ പട്‌നായിക് എന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നാലെ പരിപാടിയില്‍ സംസാരിച്ച മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇന്നലെ ജാജ്‌പൂരില്‍ പ്രധാനമന്ത്രി 20,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് തറക്കല്ലിട്ടിരുന്നു. പട്‌നായിക്കിന്‍റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ബിജു ബാബുവിന്‍റെ 108ാം ജന്മവാര്‍ഷികമായിരുന്നു ചൊവ്വാഴ്‌ച. ഒഡിഷയുടെയും രാജ്യത്തിന്‍റെയും വികസനത്തിന് ബിജു ബാബുവിന്‍റെ സംഭാവനകൾ സമാനതകളില്ലാത്തതാണെന്ന് പ്രധാനമന്ത്രി പ്രസ്‌താവിച്ചിരുന്നു.
പരസ്‌പരം പ്രശംസിച്ച് ഇരുനേതാക്കളും സൗഹൃദം പ്രകടിപ്പിച്ചത് സഖ്യം സംബന്ധിച്ച സൂചനകള്‍ ശക്തമാക്കി. പ്രചാരണങ്ങള്‍ക്കിടെ മറ്റ് പാര്‍ട്ടികളെ വിമര്‍ശിച്ച പ്രധാനമന്ത്രി ബിജെഡിയെ തൊടാതിരുന്നതും ശ്രദ്ധേയമായിരുന്നു. ദേശീയ തലത്തില്‍ ബിജെപിയും ബിജെഡിയും പലപ്പോഴും സമാന ചിന്താഗതിയുള്ളവരായി കാണപ്പെടാറുണ്ട്. പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും ചര്‍ച്ച ചെയ്യപ്പെടുന്ന പല പ്രധാന വിഷയങ്ങളിലും ബിജെപിയുമായി ബിജെഡി യോജിക്കാറുമുണ്ട്.
ഇരുപാര്‍ട്ടികളുടെയും സഖ്യം നിലവിലെ സാഹചര്യത്തില്‍ രണ്ട് വിഭാഗത്തിനും ഗുണകരമായേക്കും. ലോക്‌സഭ തെരഞ്ഞെടുപ്പിന് പുറമെ നിയമസഭ തെരഞ്ഞെടുപ്പിലും സഖ്യം ഇരുകൂട്ടര്‍ക്കും അനുകൂല സാഹചര്യമൊരുക്കിയേക്കും.