ന്യൂഡല്‍ഹി: ബിജെപി നയിക്കുന്ന എന്‍ഡിഎ തുടര്‍ച്ചയായ മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത് ഭാരത്, സബ്‌കാ സാത്ത് സബ്‌കാ വികാസ് എന്നിവയുടെയും ഇന്ത്യന്‍ ഭരണഘടനയിലുള്ള ജനങ്ങളുടെ വിശ്വാസത്തിന്‍റെയും വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ശേഷം ബിജെപി കേന്ദ്ര ഓഫീസില്‍ പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും അഭിസംബോധന ചെയ്യുകയായിരുന്നു മോദി. ജനങ്ങള്‍ വീണ്ടും ബിജെപിയിലും എന്‍ഡിഎയിലും വിശ്വാസം അര്‍പ്പിച്ചിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1962 ന് ശേഷം ഒരു സര്‍ക്കാരിന് തുടര്‍ച്ചയായി മൂന്നാം തവണയും അധികാരം കിട്ടുന്നത് ഇതാദ്യമായാണ്. ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം പുതു ചരിത്രം സൃഷ്‌ടിച്ചിരിക്കുന്നു. ഒഡിഷയില്‍ ബിജെപി മികച്ച പ്രകടനം കാഴ്‌ച വച്ചെന്നും അദ്ദേഹം വിലയിരുത്തി. ആദ്യമായി ബിജെപി ഒഡിഷയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രത്തിന്‍റെ വിജയമാണിത്. വിജയകരമായി വലിയൊരു തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷനെയും മോദി അഭിനന്ദിച്ചു. കൊടും ചൂടിലും വിജയകരമായി അവര്‍ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കി. സുരക്ഷ സേനയും ഫലപ്രദമായി അവരുടെ കര്‍ത്തവ്യം നിര്‍വഹിച്ചു. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വസ്‌തതയിലും സംവിധാനങ്ങളിലും ഓരോ ഇന്ത്യാക്കാരനും അഭിമാനിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്‍ഡിഎ 291 സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ഇന്ത്യ സഖ്യത്തിന് 234 സീറ്റുകള്‍ നേടാനായി.
Also Read: തൃശൂരെടുത്ത് ബിജെപിക്ക് അക്കൗണ്ട് തുറന്ന് സുരേഷ് ഗോപി ; 74,686 വോട്ടിന്‍റെ ചരിത്ര വിജയം