ധൻബാദ് (ജാർഖണ്ഡ്): ഹേമന്ത് സോറനെ കള്ളക്കേസിൽ കുടുക്കുകയാണെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ചമ്പയ് സോറൻ (BJP Framed Hemant Soren In False Cases). സംസ്ഥാനത്തെ കൊള്ളയടിക്കുന്നത് തുടരാൻ ബിജെപി ഹേമന്ത് സോറനെ കുടുക്കിയതാണെന്ന് ചമ്പയ് സോറൻ ആരോപിച്ചു (Jharkhand CM Champai Soren). ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം) 52-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ധൻബാദിലെ ഗോൾഫ് ഗ്രൗണ്ടിൽ പാർട്ടി പ്രവർത്തകരുടെ റാലിയെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
19 വർഷമായി ബിജെപിയും മറ്റും സംസ്ഥാനത്തെ ധാതുക്കൾ കൊള്ളയടിക്കുകയാണെന്നും ചമ്പയ് സോറൻ ആരോപിച്ചു. 2019 ൽ ഹേമന്ത് സോറൻ അധികാരത്തിൽ വന്നതോടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയിട്ടതിനെ തുടര്‍ന്ന് കള്ളക്കേസിൽ കുടുക്കുകയായിരുന്നെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
1932 ലെ ഖതിയാൻ അധിഷ്‌ഠിത താമസ നയത്തിലൂടെ ആദിവാസികളുടെ അവകാശങ്ങൾ ഉറപ്പാക്കാനുള്ള നടപടികൾക്കും കൂടാതെ തദ്ദേശീയരായ 75 ശതമാനം യുവാക്കൾക്ക് സ്വകാര്യ കമ്പനികളിൽ തൊഴിൽ സംവരണവും ഹേമന്ത് സോറൻ നടപ്പിലാക്കിയിരുന്നു. ബിജെപിക്ക് ഇത് ദഹിക്കുന്നില്ലെന്നും അവർ ഹേമന്ത് സോറനെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി യുടെ ചോദ്യം ചെയ്യലിനെയും അറസ്റ്റിനെയും തുടർന്ന് ജനുവരി 31 ന് മുഖ്യമന്ത്രി സ്ഥാനം ഹേമന്ത് സോറൻ രാജിവെച്ച് രണ്ട് ദിവസത്തിന് ശേഷം ഫെബ്രുവരി 2 ന് മുതിർന്ന ജെഎംഎം നേതാവ് ചമ്പയ് സോറൻ മുഖ്യമന്ത്രിയായി അധികാരമേറ്റു.
1972 ഫെബ്രുവരി 4 ന് ഗോൾഫ് ഗ്രൗണ്ടിൽ ബിനോദ് ബിഹാരി മഹ്തോ, എ കെ റേ, പാർട്ടി അധ്യക്ഷൻ ഷിബു സോറൻ എന്നിവർ ചേർന്നാണ് ജെഎംഎം സ്ഥാപിച്ചത്. ആരോഗ്യപ്രശ്‌നങ്ങൾ കാരണം ഷിബു സോറന്‍ ഇത്തവണ ചടങ്ങിൽ പങ്കെടുത്തില്ല. എന്നാൽ അദ്ദേഹത്തിന്‍റെ സന്ദേശം പാർട്ടി എംപി വിജയ് ഹൻസ്‌ദ വായിച്ചിരുന്നു. അതില്‍ 'തന്‍റെ മകൻ ഹേമന്ത് സോറനെ തുടർന്നും പിന്തുണയ്ക്കാൻ പാർട്ടി നേതാക്കളോടും പ്രവർത്തകരോടും ഷിബു സോറൻ അഭ്യർത്ഥിച്ചു'.
ജെഎംഎം എംഎൽഎമാർ റാഞ്ചിയിലേക്ക്: വിശ്വാസ വോട്ടെടുപ്പിന് ഒരു ദിവസം മുമ്പ്, ഹൈദരാബാദ് റിസോർട്ടിൽ താമസിച്ചിരുന്ന 40 ജെഎംഎം എംഎൽഎമാർ റാഞ്ചിയിലേക്ക് പുറപ്പെട്ടു. പുതുതായി രൂപീകരിച്ച ചമ്പായ് സോറൻ സർക്കാർ അഭിമുഖീകരിക്കുന്ന വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി ബിജെപി തങ്ങളെ വേട്ടയാടാൻ ശ്രമിക്കുമെന്ന സഖ്യത്തിൻ്റെ ഭയത്തിനിടയിൽ ഫെബ്രുവരി 2 ന് നിയമസഭാംഗങ്ങൾ രണ്ട് വിമാനങ്ങളിലായാണ് ഹൈദരാബാദിൽ എത്തിയത്. ഇന്ന് (ഫെബ്രുവരി 4) ഷംഷാബാദിലെ ആർജിഐ വിമാനത്താവളത്തിലേക്കും അവിടെ നിന്ന് റാഞ്ചിയിലേക്കും പോകുമെന്ന് ജെഎംഎം നേതാക്കള്‍ പറഞ്ഞു .