ഉത്തർപ്രദേശ്: മുൻ ഗുസ്‌തി ഫെഡറേഷൻ തലവനും സിറ്റിങ് എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് ഇക്കുറി സീറ്റ് നല്‍കാതെ ബിജെപി. ബ്രിജ് ഭൂഷണിന്‍റെ മണ്ഡലമായ ഉത്തർപ്രദേശിലെ കൈസർഗഞ്ച് ലോക്‌സഭ സീറ്റില്‍ ഇത്തവണ മകൻ കരൺ ഭൂഷൺ സിങ് മത്സരിക്കും. കരണിനെ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.
ബ്രിജ് ഭൂഷൺ മൂന്ന് തവണ കൈസർഗഞ്ചില്‍ നിന്ന് എംപിയായിട്ടുണ്ട്. 2019-ലെ തെരഞ്ഞെടുപ്പിൽ ബിഎസ്പിയുടെ ചന്ദ്രദേവ് റാം യാദവിനെ രണ്ടര ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ബ്രിജ് ഭൂഷൺ പരാജയപ്പെടുത്തിയത്. എന്നാൽ, ഇത്തവണ ബിജെപി അദ്ദേഹത്തിന് ടിക്കറ്റ് നൽകിയിരുന്നില്ല.
ബ്രിജ് ഭൂഷൺ വനിതാ ഗുസ്‌തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ച കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ സീറ്റ് ആര്‍ക്ക് നല്‍കുമെന്ന ചര്‍ച്ചയിലായിലായിരുന്നു ബിജെപി. കഴിഞ്ഞ വർഷം ജൂണിലാണ് ബ്രിജ് ഭൂഷണ് എതിരായ കേസില്‍ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് ഗുസ്‌തി താരങ്ങള്‍ നടത്തിയ സമരം ആഗോള ശ്രദ്ധ നേടിയിരുന്നു.
റായ്ബറേലിയിലും സ്ഥാനാർഥിയായി: ഗാന്ധി കുടുംബത്തിന്‍റെ ശക്തികേന്ദ്രമായ റായ്ബറേലി മണ്ഡലത്തില്‍ ദിനേശ് പ്രതാപ് സിങ്ങിന്‍റെ സ്ഥാനാർഥിത്വവും ബിജെപി പ്രഖ്യാപിച്ചു. 2019-ൽ സോണിയ ഗാന്ധിക്കെതിരെ ഇതേ സീറ്റിൽ മത്സരിച്ച് തോറ്റ വ്യക്തിയാണ് ദിനേശ് പ്രതാപ് സിങ്.
രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടതിനാൽ സോണിയ ഇത്തവണ മത്സരിക്കില്ല. അതേസമയം, അമേഠിയിലും റായ്ബറേലിയിലും കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്തതിനാൽ സസ്‌പെൻസ് തുടരുകയാണ്.
2019-ൽ അമേഠിയിൽ മത്സരിച്ച രാഹുൽ ഗാന്ധിയെ സ്‌മൃതി ഇറാനി പരാജയപ്പെടുത്തിയിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ടമായ മെയ് 20-ന് ആണ് കൈസർഗഞ്ചിലും റായ്ബറേലിയിലും വോട്ടെടുപ്പ് നടക്കുക.
Also Read : ഡല്‍ഹി വനിത കമ്മിഷനില്‍ കൂട്ടപ്പിരിച്ചുവിടല്‍ ; 223 ജീവനക്കാരെ അടിയന്തരമായി നീക്കി