ഭുവനേശ്വര്‍: 2024ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കരുത്ത് കാട്ടാന്‍ ഒരു സഖ്യകക്ഷി കൂടി രംഗത്തേക്ക്. ഒഡിഷയില്‍ ബിജുജനതാദളുമായി ബിജെപി തെരഞ്ഞെടുപ്പ് പൂര്‍വ്വ സഖ്യത്തിലെത്തിയെന്ന് റിപ്പോര്‍ട്ട്(Loksabha election 2024).
എന്‍ഡിഎയുടെ സ്വപ്‌നമായ നാനൂറ് എന്ന മാന്ത്രിക സംഖ്യ കടക്കാന്‍ ഈ സഖ്യം ഏറെ സഹായകമാകുമെന്നാണ് വിലയിരുത്തല്‍. ഒഡിഷയില്‍ അധികാരം തിരിച്ച് പിടിക്കാനും ഭരണകക്ഷിയായ ബിജെഡിക്ക് ഈ സഖ്യം ഗുണകരമാകുമെന്നാണ് വിലയിരുത്തുന്നത്. ബിജെപി -ബിജെഡി സഖ്യമെന്നത് രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി നവീന്‍പട്‌നായിക്കിന്‍റെ പിറന്നാള്‍ ആഘോഷങ്ങളില്‍ സംബന്ധിക്കാന്‍ ഇക്കഴിഞ്ഞ അഞ്ചിന് ചാന്ദിഖോല്‍ സന്ദര്‍ശിച്ചതോടെ ഈ അഭ്യൂഹങ്ങള്‍ക്ക് കരുത്താര്‍ജ്ജിച്ചു(BJP).
സര്‍ക്കാരിന്‍റെ ജനപ്രിയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെ പട്‌നായിക് ഒരു ജനപ്രിയ മുഖ്യമന്ത്രിയാണെന്ന് സൂചിപ്പിച്ച് പ്രശംസകള്‍ കോരിച്ചൊരിയുകയും ചെയ്‌തിരുന്നു. രാജ്യത്തെ സാമ്പത്തിക സുസ്ഥിരതയ്ക്ക് പ്രധാനമന്ത്രി മോദി വഹിക്കുന്ന പങ്കിനെ പട്‌നായിക്കും പുകഴ്‌ത്തി. ഇരുകക്ഷികളും തമ്മില്‍ തെരഞ്ഞെടുപ്പ് സഖ്യത്തിന് സാധ്യതയുണ്ടെന്ന സൂചന നല്‍കി ഈ മാസം ആറിന് ബിജെപി 21 ലോക്‌സഭാസീറ്റുകളില്‍ പതിനാലെണ്ണത്തില്‍ മാത്രം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി. ബാക്കിയുള്ള സീറ്റുകള്‍ ഭരണകക്ഷിയ്ക്ക് വേണ്ടി ഒഴിച്ചിടുകയായിരുന്നു എന്നതാണ് ഇപ്പോള്‍ വ്യക്തമാകുന്നത്(BJD).
കഴിഞ്ഞ ദിവസം ഇരുകക്ഷികളും തമ്മില്‍ വിവിധ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ബിെജഡിയുടെ ഉന്നതനേതാക്കള്‍ പങ്കെടുത്ത ഒരു യോഗം ഭുവനേശ്വറിലെ നവീന്‍ നിവാസില്‍ നവീന്‍ പട്‌നായിക്കിന്‍റെ അധ്യക്ഷതയിലും ചേര്‍ന്നു. കേന്ദ്രമന്തരി അമിത്ഷായും പാര്‍ട്ടി അധ്യക്ഷന്‍ ജെ പിനദ്ദയും ഒഡിഷ അധ്യക്ഷന്‍ മന്‍മോഹനുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. 2009ല്‍ എന്‍ഡിഎ സഖ്യമുപേക്ഷിച്ച നവീന്‍ പട്‌നായിക്കിനെ തിരികെ എന്‍ഡിഎയില്‍ എത്തിക്കാനുള്ള ചര്‍ച്ചകളാണ് ഷായും നദ്ദയും നടത്തിയത്. മുഖ്യമന്ത്രിയുമായി കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്‌ചയ്ക്ക് ശേഷം, ഒഡിഷയിലെ ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്ന ഒരു സഖ്യത്തെക്കുറിച്ച് തങ്ങള്‍ ചര്‍ച്ച ചെയ്‌തതായി മുതിര്‍ന്ന നേതാവ് ദേവി മിശ്ര പറഞ്ഞു.
വരുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാന താത്‌പര്യം പരാവധി സംരക്ഷിക്കാനായി തികഞ്ഞ ആത്മാര്‍ത്ഥതയോടെ മത്‌്സരിക്കാനാണ് ബിജെഡി ശ്രമിക്കുന്നത്. ശരിയായ സമയത്ത് പാര്‍ട്ടി അധ്യക്ഷനും മുഖ്യമന്ത്രിയും ശരിയായ തീരുമാനമെടുക്കുമെന്നും ദേവി മിശ്ര കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്‌ചകള്‍ക്ക് ശേഷം, ലോക്‌സഭയിലെയും നിയമസഭയിലെയും ഓരോ സീറ്റിനെ സംബന്ധിച്ചും പാര്‍ട്ടി ചര്‍ച്ച ചെയ്‌തതായി ഒഡിഷ ബിജെപി നേതാവ് ജുവല്‍ ഒറം വ്യക്തമാക്കി.
പതിനൊന്ന് കൊല്ലം നീണ്ട സഖ്യം അവസാനിപ്പിച്ച് ബിജെപിയും ബിജെഡിയും തമ്മില്‍ വേര്‍പിരിഞ്ഞത് 2009ലാണ്. ഇരുപാര്‍ട്ടികള്‍ക്കും വീണ്ടും സഖ്യത്തിലാകാനുള്ള പരിശ്രമത്തിലായിരുന്നു.
Also Read: ഒഡിഷയില്‍ ബിജെപി-ബിജെഡി സഖ്യത്തിന് സാധ്യത ; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി നവീന്‍ പട്‌നായിക്