ചണ്ഡിഗഢ്: ഹരിയാനയിലെ ജുലാനയില്‍ നിന്നുളള ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ക്യാപ്റ്റൻ യോഗേഷ് ബൈരാഗിയായിരിക്കും കോൺഗ്രസിന്‍റെ വിനേഷ് ഫോഗട്ടിനെ നേരിടുക. യുവജന വിഭാഗത്തിന്‍റെ സംസ്ഥാന വൈസ് പ്രസിഡന്‍റ്, സ്‌പോർട്‌സ് സെല്ലിന്‍റെ സംസ്ഥാന കോ-കൺവീനർ, സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നിങ്ങനെ വിവിധ പദവികളിലായി ബൈരാഗി ബിജെപിയിൽ സജീവ പങ്കുവഹിച്ചിരുന്നു.
വലിയ രാഷ്‌ട്രീയ പാരമ്പര്യവും ബൈരാഗിക്കുണ്ട്. ബൈരാഗിയുടെ പിതാവ് നരേന്ദ്ര കുമാര്‍ ബിജെപി സ്ഥാനാര്‍ഥിയായി നേരത്തെ മത്സരിച്ചിട്ടുണ്ട്. ഒമ്പത് വര്‍ഷത്തോളം ബൈരാഗി സൈനിക സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. വാണിജ്യ പൈലറ്റ് കൂടിയാണ് 35കാരനായ ബിജെപി സ്ഥാനാര്‍ഥി.
ചെന്നൈ വെള്ളപ്പൊക്ക സമയത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിലും രക്ഷാപ്രവർത്തനങ്ങളിലും ബൈരാഗി പങ്കാളിയായിട്ടുണ്ട്. കൊവിഡ്-19 മഹാമാരിയുടെ സമയത്ത് വന്ദേ ഭാരത് മിഷനിൽ പങ്കെടുത്ത് ബൈരാഗി ജനശ്രദ്ധ നേടിയിരുന്നു. ജുലാനയിൽ ഏറ്റവും കൂടുതലുളളത് ജാട്ട് (81,000) വിഭാഗമാണ്. എന്നിട്ടും ജാട്ട് ഇതര സ്ഥാനാർഥിയെയാണ് ബിജെപി ജുലാനയില്‍ മത്സരത്തിനിറക്കിയിരിക്കുന്നത്.
ഇത് പിന്നാക്ക വിഭാഗങ്ങളുടെയും പട്ടികജാതി വിഭാഗക്കാരുടെയും പിന്തുണ ലക്ഷ്യമിട്ടുകൊണ്ടുളള നടപടിയായി വേണം വിലയിരുത്താന്‍. 33,000ല്‍ അധികം പിന്നാക്ക വിഭാഗക്കാരും 29,000ല്‍ അധികം പട്ടികജാതി വിഭാഗക്കാരും ജുലാനയിലുണ്ട്. ഇതുവരെ ജുലാന സീറ്റ് കോൺഗ്രസിന്‍റെ വിദൂരസ്വപ്‌നമായിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2019ൽ നടന്ന അവസാന തെരഞ്ഞെടുപ്പിൽ ജെജെപിയും 2014ലും 2009ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യൻ നാഷണൽ ലോക്‌ദളുമാണ് ജുലാനയില്‍ നിന്ന് വിജയിച്ചത്. 2005ലാണ് കോൺഗ്രസ് സ്ഥാനാര്‍ഥി അവസാനമായി ജുലാനയില്‍ നിന്ന് വിജയിച്ചത്. ബിജെപിക്കും ഇതുവരെ ജുലാനയില്‍ സീറ്റ് നേടാനായിട്ടില്ല.
Also Read: 'ജുലാനയില്‍ നിന്നും ജനവിധി തേടും, ജനങ്ങള്‍ തന്നെ വിജയിപ്പിക്കുമെന്നുറപ്പ്': വിനേഷ് ഫോഗട്ട്