ഭുവനേശ്വർ: ഒഡിഷയിലെ തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണം പരിശോധിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിക്കാൻ ബിജെഡി. പാർട്ടി അധ്യക്ഷൻ നവീൻ പട്‌നായിക്കിൻ്റെ അധ്യക്ഷതയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളുമായി ചേർന്ന് നടത്തിയ യോഗത്തിലാണ് തോൽവിയുടെ കാരണം കണ്ടെത്താൻ കമ്മിറ്റി രൂപീകരിക്കാനുളള തീരുമാനമെടുത്തത്.
പാർട്ടി ഒരു കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു. ആ കമ്മറ്റി തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണം പരിശോധിച്ച് റിപ്പോർട്ട് പ്രസിഡൻ്റിന് സമർപ്പിക്കും എന്ന് ബിജെഡിയുടെ കേന്ദ്രപാറ മണ്ഡലത്തിലെ എംഎൽഎ ഗണേശ്വർ ബെഹ്‌റ അറിയിച്ചു. തോൽവിയുടെ കാരണത്തെക്കുറിച്ച് മനസിലാക്കാന്‍ സമിതിയുടെ റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ 24 വർഷമായി സംസ്ഥാനം ഭരിച്ച നവീൻ പട്‌നായിക്കിൻ്റെ നേതൃത്വത്തിലുള്ള ബിജെഡി സർക്കാരിനെ തകര്‍ത്തെറിഞ്ഞ് 147 സീറ്റുകളിൽ 78 സീറ്റുകൾ നേടി ബിജെപി അധികാരത്തിലെത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ ബിജെഡിക്ക് ആകെ ലഭിച്ചത് 51 സീറ്റുകളാണ്. കോൺഗ്രസിന് 14 സീറ്റ് ലഭിച്ചു. സിപിഐ (എം) ഒരു സീറ്റിൽ വിജയിച്ചപ്പോള്‍ സ്വതന്ത്ര സ്ഥാനാർഥികള്‍ മൂന്ന് സീറ്റില്‍ വിജയിച്ചു.