ഭുവനേശ്വര്‍: ഒഡിഷയിലെ ചേരികള്‍ സന്ദര്‍ശിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകനും സാമൂഹ്യപ്രവര്‍ത്തകനുമായ ബില്‍ഗേറ്റ്സ്. ഒഡിഷയിലെ ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചു. ചേരിനിവാസികളുമായി അദ്ദേഹം സംവദിച്ചു.
മാ മംഗല ബസ്‌തിയിലെ ബിജു ആദര്‍ശ് കോളനിയാണ് ഗേറ്റ്സ് സന്ദര്‍ശിച്ചത്. അവിടുത്തെ വനിത സ്വയം സഹായ സംഘത്തിലെ സ്‌ത്രീകളുമായി ഗേറ്റ്സ് കൂടിക്കാഴ്ച നടത്തി. ചേരികളില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പദ്ധതികളെക്കുറിച്ച് സംസ്ഥാന വികസന കമ്മീഷണര്‍ അനുഗാര്‍ഗ് ഗേറ്റ്സിനോട് വിശദീകരിച്ചു. ചേരികളിലെ ജനങ്ങള്‍ക്ക് ഭൂമിക്ക് മേല്‍ അവകാശവും ശുദ്ധജലവും എത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതിയടക്കമുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും അവര്‍ക്ക് ഉറപ്പ് നല്‍കുന്നു. ചേരികളുടെ നവീകരണത്തില്‍ അദ്ദേഹം സന്തോഷം പങ്കിട്ടു.
ക്ഷേമപദ്ധതികളിലൂടെ അവരുടെ ജീവിതത്തിനുണ്ടായ മാറ്റങ്ങളെക്കുറിച്ച് ഗേറ്റ്സ് അവരോട് ചോദിച്ചു. മുഖ്യമന്ത്രി നവീന്‍ പട്നായിക്കുമായും ഗേറ്റ്സ് കൂടിക്കാഴ്ച നടത്തി. സംസ്ഥാന സര്‍ക്കാരിന്‍റെ വിവിധ പദ്ധതികളെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. ഗേറ്റ്സുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് നവീന്‍ പട്‌നായിക്ക് പിന്നീട് ട്വീറ്റ് ചെയ്തു. സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടത്തി വരുന്ന ഐടി പദ്ധതിയിലും ഗേറ്റ്സ് ഫൗണ്ടേഷന്‍റെ സഹകരണമുണ്ട്. അതിന്‍റെ പുരോഗതിയും ഗേറ്റ്സ് വിലയിരുത്തി. ആരോഗ്യ രംഗത്തെ പല പദ്ധതികള്‍ക്കും ഗേറ്റ്സ് ഫൗണ്ടേഷന്‍ സാങ്കേതിക സഹായം നല്‍കുന്നുണ്ട്. അതേക്കുറിച്ചും മുഖ്യമന്ത്രിയുമായി അദ്ദേഹം ചര്‍ച്ച ചെയ്‌തു. 5ടി പദ്ധതികളിലൂടെയാണ് സംസ്ഥാനത്തെ പദ്ധതികളില്‍ ഗേറ്റ്സ് ഫൗണ്ടേഷന്‍ സഹകരിക്കുന്നത്.
ജനോപകാരപ്രദമായ പല പദ്ധതികളും നടപ്പാക്കുന്നതിന് ബില്‍-മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് പട്‌നായിക് നന്ദി അറിയിച്ചു. കര്‍ഷകര്‍ക്ക് നിര്‍മ്മിത ബുദ്ധി പ്രയോജനപ്പെടുത്തുന്ന പദ്ധതികളടക്കം നിരവധി പരിപാടികളില്‍ അദ്ദേഹം സംബന്ധിച്ചു(Bill Gates).
മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ചേരിനവീകരണ പരിപാടിയായ ജഗ ദൗത്യത്തിലും അദ്ദേഹം പങ്കെടുത്തു. നാഗരിക പിന്നാക്ക ജനതയ്ക്കായുള്ള പ്രാദേശിക തൊഴില്‍ പദ്ധതി-മുക്ത, മിഷന്‍ ശക്തി തുടങ്ങിയവയുമായി ബന്ധപ്പെട്ട പരിപാടികളിലും അദ്ദേഹം സംബന്ധിച്ചു(Bhubaneswar).
2017 മുതല്‍ ഒഡിഷ സര്‍ക്കാരിന്‍റെ കാര്‍ഷിക-കര്‍ഷക ശാക്തീകരണ മത്സ്യ-മൃഗ വിഭവ വകുപ്പുകളും ബില്‍-മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷനുമായി ചേര്‍ന്ന് നിരവധി പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്( Several Programmes). നേരത്തെ അദ്ദേഹം ഹൈദരാബാദും സന്ദര്‍ശിച്ചിരുന്നു.