ബങ്ക(ബിഹാര്‍): പഴ്‌സില്‍ നിന്ന് 35 രൂപ മോഷണം പോയി എന്നാരോപിച്ച് വിദ്യാര്‍ഥികളെ അമ്പലത്തില്‍ കൊണ്ടുപോയി സത്യം ചെയ്യിച്ച് അധ്യാപിക. ബിഹാറിലെ ബങ്ക ജില്ലയില്‍ രജൗൺ ബ്ലോക്കിലെ അസ്‌മാനിച്ചക് ഗ്രാമത്തിലെ സ്‌കൂളിലാണ് സംഭവം. സംഭവമറിഞ്ഞ് രക്ഷിതാക്കള്‍ പ്രതിഷേധിച്ചതോടെ അധ്യാപികയെ സ്ഥലം മാറ്റി.
സംഭവമിങ്ങനെ: ഫെബ്രുവരി 21ന് രാവിലെ സ്‌കൂളിലെത്തിയ അധ്യാപിക തന്‍റെ പഴ്‌സില്‍ നിന്ന് 35 രൂപ കാണാതായതായി മനസിലാക്കുന്നു. കുപിതയായ അധ്യാപിക ആരാണ് പണം മോഷ്‌ടിച്ചതെന്ന് വിദ്യാര്‍ത്ഥികളോട് ചോദിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥികളാരും പ്രതികരിച്ചില്ല. തുടര്‍ന്ന് സ്‌കൂളിലുണ്ടായിരുന്ന നൂറ്റി അഞ്ചോളം വിദ്യാര്‍ത്ഥികളുടെ പോക്കറ്റ് അധ്യാപിക പരിശോധിച്ചു. എന്നാല്‍ പണം കണ്ടെത്താനായില്ല. തുടര്‍ന്ന് അധ്യാപിക വിദ്യാര്‍ത്ഥികളെ അടുത്തുള്ള ദുര്‍ഗാ ക്ഷേത്രത്തിലെത്തിച്ച് പണം മോഷ്‌ടിച്ചിട്ടില്ലെന്ന് സത്യം ചെയ്യിക്കുകയായിരുന്നു.
വിവരമറിഞ്ഞ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ സ്‌കൂളിലെത്തി ബഹളമുണ്ടാക്കി. കുട്ടികളെ മോഷ്‌ടാക്കളെന്ന് ആരോപിച്ച അധ്യാപികയെ ഉടന്‍ പുറത്താക്കണമെന്നായിരുന്നു രക്ഷിതാക്കളുടെ ആവശ്യം. രക്ഷിതാക്കളെ അനുനയിപ്പിക്കാന്‍ സ്‌കൂള്‍ അതികൃതര്‍ ശ്രമിച്ചെങ്കിലും രക്ഷിതാക്കള്‍ പ്രതിഷേധം തുടര്‍ന്നു. അധ്യാപികയെ സ്‌കൂളില്‍ നിന്ന് സ്ഥലം മാറ്റിയതിന് ശേഷമാണ് രക്ഷിതാക്കള്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
എന്നാല്‍, കാണാതായ പണത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളോട് ചോദിക്കുക മാത്രമാണ് താന്‍ ചെയ്‌തത് എന്നും കുട്ടികള്‍ സ്വമേധയാ അമ്പലത്തിലേക്ക് പോയതാണെന്നുമാണ് അധ്യാപികയുടെ വാദം. വര്‍ഷങ്ങളായി ഇതേ സ്‌കൂളില്‍ പഠിപ്പിക്കുകയാണെന്നും രക്ഷിതാക്കളുടെ പ്രവര്‍ത്തി വേദനിപ്പിച്ചു എന്നും അധ്യാപിക പറഞ്ഞു. കുട്ടികളില്‍ മോഷണക്കുറ്റം ആരോപിച്ചത് ശരിയായ നടപടിയല്ലെന്ന് അധ്യാപികയെ സ്ഥലം മാറ്റിക്കൊണ്ട് ബ്ലോക്ക് എജ്യൂക്കേഷന്‍ ഓഫീസര്‍ കുമാര്‍ പങ്കജും പറഞ്ഞു.