ന്യൂഡൽഹി: ബിഹാറിലെ എൻഡിഎ സർക്കാരിന്‍റെ നിർണായക വിശ്വാസ വോട്ടെടുപ്പിനെ (Bihar floor test) തുടർന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്‍റെ (Tejashwi Yadav) പട്‌നയിലെ വസതിക്ക് ചുറ്റും കനത്ത പൊലീസ് സുരക്ഷ. ഇന്നാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് തേടുന്നത്. ആർജെഡി എംഎൽഎമാർ നിലവിൽ ഉള്ളത് തേജസ്വി യാദവിൻ്റെ വസതിയിലാണ്.
-
नीतीश कुमार ने सरकार जाने के डर से हजारों की संख्या में पुलिस भेज तेजस्वी जी के आवास को चारों तरफ़ से घेर लिया है। ये किसी भी तरह से किसी भी बहाने आवास के अंदर घुस कर विधायकों के साथ अप्रिय घटना करना चाहते है। बिहार की जनता नीतीश कुमार और पुलिस के कुकर्म देख रही है।
— Rashtriya Janata Dal (@RJDforIndia) February 11, 2024
याद रहे हम…
'നിതീഷ് കുമാർ ആയിരക്കണക്കിന് പൊലീസുകാരെയാണ് തേജസ്വി യാദവിന്‍റെ വസതിയിൽ വിന്യസിച്ചിരിക്കുന്നത്. ഏതെങ്കിലും കാരണത്താൽ പൊലീസ് വസതിയിൽ കയറി എംഎൽഎമാരുമായി അനിഷ്‌ട സംഭവങ്ങൾ നടത്താൻ ആഗ്രഹിക്കുന്നു' എന്നാണ് ആർജെഡിയുടെ ആരോപണം.
ബിഹാറിലെ ജനങ്ങൾ നിതീഷ് കുമാറിന്‍റെയും പൊലീസിന്‍റെയും കൊള്ളരുതായ്‌മകൾ കണ്ടുകൊണ്ടിരിക്കുകയാണ്. ഭയന്ന് തലകുനിക്കുന്നവരുടെ കൂട്ടത്തിൽ ഞങ്ങളില്ലെന്ന് ഓർക്കുക. ഇതൊരു പ്രത്യയശാസ്‌ത്രത്തിന്‍റെ പോരാട്ടമാണ്. കാരണം നീതിയെ സ്‌നേഹിക്കുന്ന ബിഹാറിലെ ജനങ്ങൾ ഞങ്ങൾക്കൊപ്പമുണ്ട്. ഈ പൊലീസ് അടിച്ചമർത്തലിനെ എതിർക്കുമെന്നും പാർട്ടി കൂട്ടിച്ചേർത്തു. സ്വതന്ത്ര ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഇത് സംഭവിച്ചിട്ടില്ലെന്നാണ് പൊലീസിനെ വിന്യസിച്ചതിനെ കുറിച്ച് ആർജെഡി വക്താവ് ശക്തി സിംഗ് യാദവിന്‍റെ പ്രതികരണം.
അതേസമയം, പൊലീസ് അവരുടെ ജോലിയാണ് ചെയ്യുന്നതെന്നാണ് ബിജെപി നേതാവ് ഷാനവാസ് ഹുസൈൻ പറഞ്ഞത്. തേജസ്വി യാദവ് എംഎൽഎമാരെ തട്ടിക്കൊണ്ടു പോയെന്ന് ഏതെങ്കിലും എംഎൽഎയുടെ ബന്ധു പരാതി നൽകിയാൽ തീർച്ചയായും പൊലീസ് നടപടി ഉണ്ടാകും. ഏതെങ്കിലും എംഎൽഎയെ തേജസ്വി വീട്ടിൽ കെട്ടിയിട്ടു എന്നറിഞ്ഞാലും പൊലീസ് നടപടിയെടുക്കും. പൊലീസ് അവരുടെ ജോലി മാത്രമാണ് ചെയ്യുന്നതെന്നും ഹുസൈൻ കൂട്ടിച്ചേർത്തു.
ബിജെപിയിൽ നിന്നോ അതിൻ്റെ ഭരണ പങ്കാളിയായ ജെഡിയുവിൽ നിന്നോ ഒരു എംഎൽഎയെയും കാണാതായിട്ടില്ല. ബിജെപിയുടെയും ജെഡിയുവിൻ്റെയും മൂന്ന് എംഎൽഎമാർക്ക് എത്താൻ കഴിയില്ലെന്ന തരത്തിലുള്ള വാർത്തകൾ പ്രതിപക്ഷം പ്രചരിപ്പിക്കുന്നതാണെന്നും ബിജെപി നേതാവ് കൂട്ടിച്ചേർത്തു.
ജെഡിയുവും ബിജെപിയും നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കും. ഞങ്ങളുടെ എല്ലാ എംഎൽഎമാരുമായും തങ്ങൾ സമ്പർക്കം പുലർത്തുന്നു. അവർ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണ്. അവർ ഞങ്ങളുടെ എംഎൽഎമാരെക്കുറിച്ച് ആശങ്കപ്പെടുന്നത് നിർത്തി അവരുടെ കാണാതായ നിയമസഭാംഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചെയ്യേണ്ടതെന്ന് ബിജെപി നേതാവ് കൂട്ടിച്ചേർത്തു.
ഇന്നലെ വൈകുന്നേരം പൊലീസ് തേജസ്വിയുടെ പട്‌നയിലെ വസതി സന്ദർശിച്ചിരുന്നു. എന്നാൽ, ആർജെഡി നേതാക്കൾ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം വിടുകയായിരുന്നു.