പറ്റ്‌ന : നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാജ്‌ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിന് രാജിക്കത്ത് കൈമാറി. നിതീഷ് ഇന്നുതന്നെ എന്‍ഡിഎയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് രാജ്ഭവനിലായിരിക്കും സത്യപ്രതിജ്ഞ. ഒമ്പതാം തവണയാണ് അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, എൽജെപിആർ അധ്യക്ഷൻ ചിരാഗ് പാസ്വാൻ, മറ്റ് എൻഡിഎ സഖ്യകക്ഷികളുടെ നേതാക്കള്‍ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. നിതീഷിന് 128 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് വിവരം.
ജെഡിയുവിന് 45ഉം, ബിജെപിക്ക് 78 ഉം, ഹിന്ദുസ്ഥാനി അവാം മോർച്ചയ്ക്ക് 4ഉം എംഎല്‍എമാരുണ്ട്. ഒരു സ്വതന്ത്ര എംഎൽഎയുടെ പിന്തുണ കൂടി ചേര്‍ന്നാണ് 128 ആയിരിക്കുന്നത്. പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് നിതീഷ് ഗവര്‍ണര്‍ക്ക് കൈമാറിയതായാണ് വിവരം. സീറ്റ് വിഭജന വിഷയത്തില്‍ ബിജെപിയും ജനതാദളും തമ്മില്‍ ഇതിനകം ധാരണയിലെത്തിയതായും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.