മുംബൈ: മുന്‍ വ്യോഗതാഗത മന്ത്രിയും എന്‍സിപി നേതാവുമായ പ്രഫുല്‍ പട്ടേലിന് വലിയ ആശ്വാസമായി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ നടപടി. മുംബൈയിലെ ഇദ്ദേഹത്തിന്‍റെ 180 കോടി രൂപ മൂല്യമുള്ള വസതി ഇഡി നേരത്തെ ജപ്‌തി ചെയ്‌തിരുന്നു. ഈ നടപടി ഇപ്പോള്‍ ഇഡി തന്നെ റദ്ദാക്കിയിരിക്കുന്നു.
എന്‍സിപി നേതാവ് അജിത് പവാറിന് ക്ലീന്‍ ചിറ്റ് ലഭിച്ചതോടെയാണ് പ്രഫുല്‍ പട്ടേലിന് വലിയ ആശ്വാസം കിട്ടിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം വര്‍ളിയിലെ സിജെ ഹൗസിൽ അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള 12, 15 നിലകളിലുള്ള ഫ്ലാറ്റുകൾ കണ്ടുകെട്ടിയ നടപടിയാണ് ഇഡി റദ്ദാക്കിയത്. പിടിച്ചെടുത്ത സിജെ ഹൗസ് ഫ്ലാറ്റിന്‍റെ മൂല്യം 180 കോടി രൂപ വരും.
2022ലാണ് ഇഡി ഈ സ്വത്ത് കണ്ടുകെട്ടിയത്. ഈ ജപ്‌തി നടപടിക്കെതിരെ സേഫ്മ ട്രൈബ്യൂണലിൽ പ്രഫുൽ പട്ടേൽ അപ്പീൽ നൽകിയിരുന്നു. പ്രഫുല്‍ പട്ടേല്‍ സാമ്പത്തിക കുറ്റവാളികളായ അസിഫിന്‍റെയും ജുനീദിന്‍റെയും അമ്മ ഹസ്‌റ മേമനില്‍ നിന്ന് ഈ ഫ്ളാറ്റ് വാങ്ങുമ്പോള്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ചായിരുന്നു ഇഡി ഈ ഫ്ലാറ്റുകള്‍ പിടിച്ചെടുത്തത്.
ഗുണ്ടാത്തലവന്‍ ഇക്ബാൽ മിർച്ചിയുടെ ഭാര്യയിൽ നിന്ന് അനധികൃതമായി വസ്‌തുവകകൾ വാങ്ങിയെന്നാരോപിച്ച് പട്ടേലിന്‍റെയും ഭാര്യ വർഷയുടെയും അവരുടെ കമ്പനിയായ മില്ലേനിയം ഡെവലപ്പേഴ്‌സിൻ്റെയും ഉടമസ്ഥതയിലുള്ള ഏഴ് ഫ്‌ളാറ്റുകളെങ്കിലും 2022-ൽ ഇഡി പിടിച്ചെടുത്തിരുന്നു. അതിന്‍റെ രണ്ട് നിലകൾ ഇഖ്ബാൽ മിർച്ചിയുടെ കുടുംബത്തിന്‍റേതായിരുന്നു. ഇവ നേരത്തെ തന്നെ ഇഡി പിടിച്ചെടുത്തിരുന്നു. ഇവ വാണിജ്യ ഉപയോഗത്തിലായിരുന്നു. ഇഖ്ബാൽ മിർച്ചിയുമായുള്ള കരാറിലാണ് പ്രഫുൽ പട്ടേല്‍ ഈ വസ്‌തു വാങ്ങിയതെന്നാണ് ആരോപണം.
2007ലാണ് കരാർ ഒപ്പിട്ടത് എന്നാണ് ഇഡിയുടെ വാദം. പട്ടേൽ ഈ ആരോപണം നിഷേധിച്ചു. പിഎംഎൽഎ നിയമപ്രകാരം കള്ളപ്പണം വെളുപ്പിക്കൽ കേസ് ഇഡി അന്വേഷിച്ചിരുന്നു. ഈ കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. അതിനു ശേഷം 2019ൽ പ്രഫുൽ പട്ടേലിനെ ചോദ്യം ചെയ്‌തു.
കൊറോണ കാലത്തിനു ശേഷം സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായി. ശിവസേന പിളർന്നു, ഷിൻഡെ ഗ്രൂപ്പ് പിളർന്നു. ബിജെപിയുമായി കൂട്ടുകൂടിയാണ് സംസ്ഥാനത്ത് സഖ്യസർക്കാർ വന്നത്. ഇതിന് പിന്നാലെ എൻസിപിയിൽ പിളർപ്പുണ്ടായി. അജിത് പവാർ ഗ്രൂപ്പ് സഖ്യസർക്കാരിൽ ചേർന്നു. മഹാസഖ്യം ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഒരുമിച്ചാണ് മത്സരിച്ചത്.
Also Read:പ്രഫുല്‍ പട്ടേലിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌തു