ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹരിയാന മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദർ സിങ് ഹൂഡ. കര്‍ഷകരെ അതിര്‍ത്തിയില്‍ തടയുന്നത് ജനാധിപത്യവിരുദ്ധമാണ്. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"നിരാഹാരമിരിക്കുന്ന ജഗ്‌ജിത് സിങ് ദല്ലെവാളിന്‍റെ നില ഗുരുതരമാണ്. കര്‍ഷക സമരത്തിനെ സര്‍ക്കാര്‍ മുഖവിലയ്‌ക്ക് എടുക്കുകയും അതിന് പരിഹാരം കാണുകയും വേണം. കർഷകരെ അതിർത്തിയിൽ തടയുന്നത് ജനാധിപത്യ വിരുദ്ധമാണ്. ട്രാക്‌ടർ ട്രോളികളുമായി വരരുതെന്ന് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ അതിന് സമ്മതിച്ചു. ഇനി അവരെ വരാന്‍ അനുവദിക്കണം. അവരെ തടയുന്നത് ശരിയല്ല"- ഭൂപീന്ദർ സിങ് ഹൂഡ പറഞ്ഞു.
അതേസമയം, കർഷകർ തിങ്കളാഴ്‌ച ട്രാക്‌ടറുകളിൽ പഞ്ചാബ്-ഹരിയാന ശംഭു അതിർത്തിയിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു. അവിടെ തങ്ങളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അവര്‍ പ്രതിഷേധം തുടർന്നു. നേരത്തെ, പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 17 കർഷകർക്ക് പരിക്കേറ്റതിനെത്തുടർന്ന് നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭം കൂടുതല്‍ ശക്തമായിരിക്കുകയാണ്.
ഡിസംബർ 18 ന് റെയിൽ റോക്കോ ഉൾപ്പെടെയുള്ള സമരങ്ങൾ തുടരുമെന്ന് കർഷകർ അറിയിച്ചിരുന്നു. ട്രെയിനുകൾ തടയുന്നതിനു പകരം പ്രതിഷേധത്തിന് ബദൽ മാർഗങ്ങൾ കണ്ടെത്തണമെന്ന് ഹരിയാന മന്ത്രി അനിൽ വിജ് കർഷകരോട് അഭ്യർഥിച്ചു. ഇതു സംബന്ധിച്ച് അദ്ദേഹം പ്രസ്‌താവന ഇറക്കി.
ഭരണകൂടത്തിന്‍റെ അനുമതി ലഭിച്ചാൽ എല്ലാ സംഘടനകൾക്കും പ്രതിഷേധം സംഘടിപ്പിക്കാം. കർഷകർ തീവണ്ടികൾ തടയരുത്. ഇത് നിരവധി പേർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും. പ്രതിഷേധത്തിന് വേറെ വഴി കാണണമെന്നുമാണ് അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞത്.