മുംബൈ: രാഹുല്‍ ഗാന്ധിയുടെ ചരിത്രയാത്രയ്ക്ക് പരിസമാപ്‌തി. മണിപ്പൂരില്‍ നിന്നാരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര 6700 കിലോമീറ്റര്‍ പിന്നിട്ട് മുംബൈയിലെ ചൈത്യഭൂമിയില്‍ അവസാനിച്ചു. ഭരണഘടന ശില്‍പ്പി ഡോ ബി ആര്‍ അംബേദ്ക്കറിന് ആദരം അര്‍പ്പിച്ച് രാഹുല്‍ ഗാന്ധിയും ഡോ വിശ്വരത്‌നയും ചേര്‍ന്ന് ഭരണഘടനയുടെ ആമുഖം വായിച്ച് കൊണ്ടായിരുന്നു യാത്ര അവസാനിപ്പിച്ചത് (Bharat Jodo Nyaya Yatra).
രാവിലെ ഭിവണ്ടിയില്‍ നിന്നാരംഭിച്ച യാത്ര കല്‍വ, മുംബ്ര, താനെ, ഭാണ്ഡൂപ്,സയണ്‍, ധാരാവി എന്നിവിടങ്ങള്‍ കടന്ന് ദാദറിലൂടെ ചൈത്യഭൂമിയിലെത്തി. മുംബൈ വന്‍ ആവേശത്തോടെയാണ് യാത്രയെ വരവേറ്റത്. നാളെ ശിവജി പാര്‍ക്കില്‍ ഇന്ത്യ മഹാസഖ്യത്തിന്‍റെ കൂറ്റന്‍ തെരഞ്ഞെടുപ്പ് റാലി അരങ്ങേറും. ഇതോടെ സഖ്യത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകും.
ഇന്ന് യാത്ര അവസാനിച്ചപ്പോള്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി, ജയറാം രമേഷ്, മഹാരാഷ്‌ട്രയുടെ ചുമതലയുള്ള രമേശ് ചെന്നിത്തല, രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, കോണ്‍ഗ്രസ് മഹാരാഷ്‌ട്ര അധ്യക്ഷന്‍ നാന പട്ടോല, നിയമസഭ കക്ഷി നേതാവ് ബാലസാഹേബ് തൊറാട്ട്, പ്രതിപക്ഷ നേതാവ് വിജയ് വാദെത്തിവാര്‍, ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ഗ്രൂപ്പ് നേതാവ് സതേജ് ബണ്ടി പാട്ടില്‍, മുംബൈ കോണ്‍ഗ്രസ് അധ്യക്ഷ വര്‍ഷ ഗെയ്‌ക്‌വാദ്, ഗോവയുടെ ചുമതലയുള്ള മാണിക് റാവു താക്കറെ, ആനന്ദരാജ് അംബേദ്ക്കര്‍, ഭീം റാവു അംബേദ്ക്കര്‍, എഐസിസി സെക്രട്ടറി ആശിഷ് ദുവ, സോനാല്‍ പട്ടേല്‍, ബി എം സന്ദീപ്, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എംപിയുമായ ചന്ദ്രകാന്ത് ഹാന്‍ഡോര്‍, എംഎല്‍എ ഭായ് ജഗ്‌താപ്, മുംബൈ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്‍റ് ചരണ്‍ജിത് സപ്ര, മേഖല ഉപാധ്യക്ഷന്‍ നാനാ ഗോണ്ടെ, സഞ്ജയ് നിരുപം, മുഖ്യ വക്താവ് അതുല്‍ ലോന്ധെ, ഡോ. രാജു വാഗ്‌മാറെ, സച്ചിന്‍ സാവന്ത്, രാജണ്‍ ഭോണ്‍സാലെ തുടങ്ങിയര്‍ സന്നിഹിതരായിരുന്നു.
ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി ധാരാവി നിവാസികളെ അഭിസംബോധന ചെയ്‌തു. രാജ്യത്തെ സുപ്രധാന കമ്പനികളും ആസ്‌തികളും അദാനിയ്ക്കും അംബാനിക്കും മാത്രമാണ് വിറ്റഴിക്കുന്നതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. ധാരാവി നിങ്ങളുടെ സ്വന്തം ഭൂമിയാണ്. ഇപ്പോഴിത് ഇടനിലക്കാര്‍ വഴി തട്ടിയെടുക്കപ്പെട്ടിരിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. ധാരാവിയിലെ ഭൂമി തട്ടിയെടുത്ത അദാനിക്ക് പിന്നില്‍ രാജ്യത്തെ പ്രധാനമന്ത്രിയുണ്ട്. ഒപ്പം എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റും, ആദായനികുതി വകുപ്പും. അദാനിക്ക് ധാരാവി പുനരധിവാസ പദ്ധതി നല്‍കിയ ശേഷം ധാരാവിയിലെ ജനതയെ പൊലീസിനെ ഉപയോഗിച്ച് ആട്ടിയകറ്റി. എല്ലാത്തരം ചെറു ഉത്‌പന്നങ്ങളും ധാരാവിയില്‍ നിര്‍മ്മിക്കുന്നു. നൈപുണ്യ ജോലികള്‍ പലതും ഇവിടെ ചെയ്യുന്നു. ഇത്തരം വ്യവസായങ്ങള്‍ തീര്‍ച്ചയായും സംരക്ഷിക്കപ്പെടണം. ബാങ്കുകള്‍ ഇതിനായി തങ്ങളുടെ വാതിലുകള്‍ ഇവര്‍ക്ക് മുന്നില്‍ തുറക്കണം.
ഇന്ത്യയുടെ ഉത്‌പാദന കേന്ദ്രമായി ധാരാവി മാറണം. ധാരാവി ശരിക്കും മെയ്‌ക് ഇന്‍ ഇന്ത്യയാകണമെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. നിങ്ങളെ പോലുള്ള കഠിനാദ്ധ്വാനികള്‍ക്കൊപ്പമാണ് രാജ്യം നില്‍ക്കേണ്ടത്. അല്ലാതെ ഇടനിലക്കാര്‍ക്കൊപ്പമല്ല. ഇപ്പോള്‍ നിങ്ങള്‍ കഠിനാദ്ധ്വാനം ചെയ്യുന്നു, പണം മുഴുവന്‍ അദാനിയുടെ പോക്കറ്റിലേക്ക് എത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൈപുണ്യവും ഇടനിലക്കാരും തമ്മിലാണ് ഇപ്പോള്‍ പോരാട്ടം. ധാരാവിയും അദാനിയും തമ്മില്‍, നിങ്ങള്‍ കൊള്ളയടിക്കപ്പെടുകയാണ്. നിങ്ങള്‍ ഉണരൂ എന്നും രാഹുല്‍ ആഹ്വാനം ചെയ്‌തു.
Also Read: മൂന്നാം തവണയും മൃഗീയ ഭൂരിപക്ഷം ലക്ഷ്യമിട്ട് ബിജെപി ; പാര്‍ട്ടിയുടെ കരുത്തും ദൗര്‍ബല്യങ്ങളും അറിയാം
സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് വസ്‌തുതകള്‍ മറച്ച് വയ്ക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. രാജ്യത്തെ യഥാര്‍ത്ഥ വസ്‌തുതകള്‍ അറിയാനും ജനങ്ങളെ ബോധവത്‌ക്കരിക്കാനുമാണ് രാഹുല്‍ ഭാരത് ജോഡോ യാത്ര നടത്തിയത്. പത്ത് വര്‍ഷത്തിനിടെ പണപ്പെരുപ്പം വര്‍ദ്ധിച്ചു. തൊഴിലില്ലായ്‌മ വര്‍ദ്ധിച്ചു. വലിയ വലിയ പരിപാടികള്‍ സംഘടിപ്പിക്കുന്നു. പക്ഷേ സാഹചര്യങ്ങള്‍ അതല്ല. ജിഎസ്‌ടിയും കറന്‍സികള്‍ പിന്‍വലിക്കലും രാജ്യത്തെ ജനങ്ങള്‍ക്ക് വലിയ പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചു. യുവാക്കള്‍ അഗ്‌നിവീറില്‍ ചേരാന്‍ താത്‌പര്യം പ്രകടിപ്പിക്കുന്നില്ല. നാല് വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷം ഇവര്‍ എന്ത് ചെയ്യും. ബിജെപി സര്‍ക്കാര്‍ പാവങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. ധനികര്‍ക്ക് വേണ്ടിയാണ് അവരുടെ പ്രവര്‍ത്തനം മുഴുവനെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.