നാഗ്‌പൂര്‍: ഇന്ത്യ ലോകത്ത് കൂടുതല്‍ ആദരിക്കപ്പെടുകയും കരുത്താര്‍ജ്ജിക്കുകയും ചെയ്‌തെന്ന് ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയുടെ വിശ്വാസ്യത വര്‍ധിച്ചിരിക്കുന്നു. എന്നാല്‍ ചില ഛിദ്ര ശക്തികള്‍ രാജ്യത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യ ബംഗ്ലാദേശിന് ഭീഷണിയാണെന്നൊരു പ്രചാരണം നടക്കുന്നുണ്ട്. അത് കൊണ്ട് അവര്‍ പ്രതിരോധത്തിനായി പാകിസ്ഥാനുമായി കൈകോര്‍ക്കണമെന്നും നിര്‍ദേശമുണ്ട്. സാഹചര്യങ്ങള്‍ നമുക്ക് അനുകൂലമാണെങ്കിലും ഇല്ലെങ്കിലും നമ്മുടെ വ്യക്തിത്വത്തിലും ദേശീയതയിലും അടിയുറച്ച് നില്‍ക്കുക എന്നതാണ് ധാര്‍മ്മികതയുടെയും മംഗളകരമായ വിജയത്തിന്‍റെയും അടിസ്ഥാന ശക്തിയെന്നും അദ്ദേഹം പറഞ്ഞു.
നാഗ്‌പൂരില്‍ ആര്‍എസ്‌എസിന്‍റെ വാര്‍ഷിക വിജയദശമി റാലിയില്‍ സംസാരിക്കവെ ആയിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ജനതയുടെ ദേശീയത കൊണ്ടാണ് ഒരു രാജ്യം മഹത്തരമാകുന്നത്. ആര്‍എസ്‌എസ് നൂറ് കൊല്ലം പൂര്‍ത്തിയാക്കുന്ന വര്‍ഷമാണിത്. അത് കൊണ്ട് തന്നെ ഇതിനേറെ പ്രാധാന്യവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രതീക്ഷകള്‍ക്കും സ്വപ്‌നങ്ങള്‍ക്കുമപ്പുറം രാജ്യത്ത് വെല്ലുവിളികളും പ്രശ്‌നങ്ങളും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പഞ്ഞു. അഹല്യഭായ് ഹോള്‍ക്കര്‍, ദയാനന്ദ സരസ്വതി, ബിര്‍സ മുണ്ട തുടങ്ങി സ്വന്തം ജീവിതം രാഷ്‌ട്രത്തിന്‍റെ ക്ഷേമത്തിനും ധര്‍മ്മത്തിനും സംസ്‌കാരത്തിനും സമൂഹത്തിനും വേണ്ടി സമര്‍പ്പിച്ചവരെ പോലെയുള്ളവരില്‍ നിന്ന് നാം പ്രചോദനം ഉള്‍ക്കൊള്ളണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജനങ്ങളും ഭരണകൂടവും സര്‍ക്കാരും എല്ലാം ചേര്‍ന്ന് രാജ്യത്തിന്‍റെ പ്രതിച്ഛായ, ശക്തി, പ്രശസ്‌തി, സ്ഥാനം എന്നിവ ലോകവേദിയില്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ചില ഛിദ്രശക്തികള്‍ നമ്മുടെ രാജ്യത്തെ അസ്ഥിരപ്പെടുത്താനും അസ്വസ്ഥമാക്കാനും വേണ്ടി ഗൂഢാലോചന നടത്തുന്നുണ്ട്.
ബംഗ്ലാദേശില്‍ മൗലികവാദം നിലനില്‍ക്കുന്നുണ്ട്. ഹിന്ദുക്കളടക്കമുള്ള ന്യൂനപക്ഷങ്ങളുടെ തലയ്ക്ക് മേല്‍ ഡെമോക്ലസിന്‍റെ വാള്‍ തൂങ്ങിക്കിടപ്പുണ്ട്. ഹിന്ദുക്കള്‍ ഇപ്പോള്‍ സ്വയം പ്രതിരോധത്തിനായി രംഗത്ത് എത്തിയിട്ടുണ്ട്. അസംഘടിതത്വവും ദുര്‍ബലതയും അരാജകത്വം ക്ഷണിച്ച് വരുത്തും. ഹിന്ദുക്കള്‍ ഐക്യത്തോടെ നില്‍ക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സാംസ്‌കാരിക മാര്‍ക്‌സിസം അടക്കമുള്ളവ നമ്മുടെ സാംസ്‌കാരിക പാരമ്പര്യങ്ങളുടെ ശത്രുക്കളാണ്. ബഹുകക്ഷി ജനാധിപത്യത്തില്‍ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കും അഭിമാനത്തിനും സഹവര്‍ത്തിത്തത്തിനും അപ്പുറം കൂടുതല്‍ പ്രാധാന്യം കൈവരുന്നു. സമൂഹത്തിലെ ഭിന്നിപ്പിക്കല്‍ ശ്രമങ്ങള്‍ ദേശീയ താത്പര്യത്തെക്കാള്‍ വലുതാകുന്നു. ബദല്‍ രാഷ്‌ട്രീയത്തിനായുള്ള നശീകരണ അജണ്ടയെ ഇവര്‍ പിന്തുണയ്ക്കുന്നു.
കൊല്‍ക്കത്ത ബലാത്സംഗ കൊലപാതകം വലിയ നാണക്കേടാണ് രാജ്യത്തിന് ഉണ്ടാക്കിയിരിക്കുന്നത്. കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നു. കുറ്റകൃത്യങ്ങളും രാഷ്‌ട്രീയവും വിഷലിപ്‌തമായ സംസ്കാരവും സമൂഹത്തെ നശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: വിജയദശമി ആശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും