ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ സുധാമനഗർ സ്വദേശി വെങ്കിട്ടരാമന്‍റെ വീട് തേടി കഴിഞ്ഞ ദിവസം എത്തിയത് ട്രാഫിക് പൊലീസ് സംഘം. വെറുതെ വന്നതല്ല, ട്രാഫിക് നിയമം ലംഘിച്ചതിന് പിഴയടപ്പിക്കാനാണ് പൊലീസ് സംഘം വീട് തേടിയെത്തിയത്. പക്ഷേ അടയ്ക്കാനുള്ള പിഴ കേട്ട് ഞെട്ടിയത് വെങ്കിട്ടരാമനാണ്.
3.20 ലക്ഷം രൂപയാണ് വെങ്കിട്ടരാമന് ട്രാഫിക് പൊലീസ് ഇതുവരെ പിഴയിട്ടിട്ടുള്ളത്. വെങ്കിട്ടരാമന്‍റെ KA 05 KF 7969 നമ്പർ സ്‌കൂട്ടറിന്‍റെ പേരില്‍ മുന്നൂറിലധികം ഗതാഗത നിയമലംഘന കേസുകളാണ് ഉള്ളത്. എല്ലാത്തിന്‍റെയും ചിത്രങ്ങൾ സഹിതമാണ് പൊലീസ് സംഘം എത്തിയത്. ബെംഗളൂരു നഗരത്തിലെ എസ്ആർ നഗർ, വിൽസൺ ഗാർഡനിലെ വിവിധ പ്രദേശങ്ങള്‍ എന്നിവിടങ്ങളിൽ ഹെൽമറ്റ് ധരിക്കാതിരിക്കുക, സിഗ്നലുകൾ അവഗണിക്കുക, അമിത വേഗത, വാഹനമോടിക്കുമ്പോൾ മൊബൈലിൽ സംസാരിക്കുക തുടങ്ങിയ കേസുകളിലാണ് പിഴ ചുമത്തിയതെന്ന് പൊലീസ് അറിയിച്ചു.
വെങ്കിട്ടരാമൻ പിഴ അടക്കാത്തതിനെ തുടർന്ന് ഇയാളുടെ സ്കൂട്ടർ പോലീസ് കണ്ടുകെട്ടി. കൂടാതെ, നിശ്ചിത തീയതിയിൽ പിഴയടക്കാൻ കഴിയുന്നില്ലെങ്കിൽ കേസെടുക്കുമെന്നും മുന്നറിയിപ്പ് നൽകി.
പൊലീസ് വെറുതെയിറങ്ങിയതല്ല: ട്രാഫിക് നിയമ ലംഘകരെ കുരുക്കാന്‍ വീടുവീടാന്തരം കയറിയിറങ്ങുകയാണ് ബെംഗളൂരു സിറ്റി ട്രാഫിക് പൊലീസ്. 50,000 രൂപയിൽ കൂടുതൽ പിഴ കെട്ടിക്കിടക്കുന്നവരുടെ വീടുകളിലാണ് ട്രാഫിക് പൊലീസ് പിഴ ഈടാക്കാൻ എത്തുന്നത് (Scooter Owner Violated Traffic Rules More Than 300 Times). ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതിന് നഗരത്തിലെ 2,681 വാഹനങ്ങളിൽ നിന്ന് 50,000 രൂപയിൽ കൂടുതൽ പിഴ ഈടാക്കിയതായി ജോയിന്‍റ് പൊലീസ് കമ്മീഷണർ എംഎൻ അനുചേത് പ്രസ്താവനയിൽ പറഞ്ഞു.
ആദ്യമല്ല: ബെംഗളൂരുവിൽ ഒരു വ്യക്തി സ്‌കൂട്ടിയിൽ യാത്ര ചെയ്യുന്നതിനിടെ 643 ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയെന്ന കേസ് അടുത്തിടെ പുറത്തുവന്നിരുന്നു. KA04 KF9072 നമ്പർ സ്‌കൂട്ടി ബെംഗളൂരു ഗംഗാനഗർ സ്വദേശിയുടെ പേരിലുള്ള ഇരുചക്രവാഹനമായിരുന്നു. ഹെൽമറ്റ് ധരിക്കാതെ വാഹനമോടിച്ചതുൾപ്പെടെ 643 കേസുകളാണ് കഴിഞ്ഞ രണ്ട് വർഷത്തിനിടെ രജിസ്റ്റർ ചെയ്‌തത്. ഇതുമായി ബന്ധപ്പെട്ട് സ്‌കൂട്ടർ ഉടമയിൽ നിന്ന് 3.22 ലക്ഷം രൂപ പൊലീസ് പിഴ ചുമത്തി.
കഴിഞ്ഞ രണ്ട് വർഷമായി ഒരേ സ്‌കൂട്ടി ഓടിച്ച് വ്യത്യസ്‌ത വ്യക്തികൾ നിയമലംഘനം നടത്തിയിരുന്നു. നഗരത്തിലെ ഒട്ടുമിക്ക ജംക്‌ഷനുകളിലും സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ നിയമലംഘകരുടെ ചിത്രങ്ങൾ പകർത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ഡിജിറ്റൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നത്. ആർടി നഗർ, തരാലുബാലു ഉൾപ്പെടെയുള്ള റോഡുകളിൽ 643 തവണയാണ് ഗതാഗത നിയമങ്ങൾ ലംഘിച്ചിരിക്കുന്നത്.