ബെംഗളൂരു: നഗരത്തിലെ ഫാം ഹൗസിൽ നടന്ന റേവ് പാർട്ടിയിൽ പങ്കെടുത്തവരിൽ മയക്കുമരുന്ന് ഉപയോഗിച്ചവരുടെ പരിശോധന ഫലം പുറത്തുവന്നു. തെലുഗു നടി ഉൾപ്പെടെ 86 പേർ മയക്കുമരുന്ന് കഴിച്ചതായി സ്ഥിരീകരിച്ചു. കഴിഞ്ഞ മെയ് 19ന് രാത്രിയാണ് കേസിനാസ്‌പദമായ സംഭവം.
പാർട്ടിയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും മയക്കുമരുന്ന് കഴിച്ചിരുന്നതായി ആരോപണം ഉയർന്നിരുന്നു. തുടർന്ന് നടത്തിയ രക്ത പരിശോധനയിൽ 103 പേരിൽ 86 പേരും മയക്കുമരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. 73 പുരുഷന്മാരിൽ 59 പേരുടെയും 30 സ്‌ത്രീകളിൽ 27 പേരുടെയും രക്തപരിശോധന ഫലം പോസിറ്റീവ് ആണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
പാർട്ടിയിൽ എംഡിഎംഎ, കൊക്കെയ്ൻ എന്നിവ ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു. പാർട്ടി നടക്കുന്നതറിഞ്ഞ് സിസിബി പൊലീസും ലോക്കൽ പൊലീസും ചേർന്നാണ് റെയ്‌ഡ് നടത്തിയത്. മയക്കുമരുന്ന് കണ്ടെത്തുന്നതിന് പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡിന്‍റെ സഹായവും ഉണ്ടായിരുന്നു. റെയ്‌ഡിൽ മയക്കുമരുന്ന് കണ്ടെത്തി. ഇതിനെ തുടർന്നാണ് പാർട്ടിയിൽ പങ്കെടുത്ത എല്ലാവരെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയത്.
Also Read: റേവ് പാർട്ടി: പങ്കെടുത്തവരില്‍ തെലുഗു സഹനടിയും; ബെംഗളൂരുവില്‍ അഞ്ചുപേര്‍ അറസ്റ്റില്‍