ബെംഗളൂരു: ഇലക്‌ട്രിക് ഓട്ടോറിക്ഷകള്‍ ഓടിക്കുന്ന വനിതകളെ ഉപയോഗപ്പെടുത്തി ബെംഗളൂരു നമ്മ മെട്രോ സ്റ്റേഷനുകളിലേക്കുള്ള യാത്രാ കണക്റ്റിവിറ്റി വർദ്ധിപ്പിക്കാന്‍ നീക്കം. ഇന്ദിരാനഗർ, യെലച്ചനഹള്ളി മെട്രോ സ്റ്റേഷനുകളിൽ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ ഓടിക്കുന്ന വനിതകളെ ഒരുമിച്ചു കൂട്ടിയാണ് പദ്ധതി നടപ്പാക്കുന്നത്.
മൾട്ടിനാഷണൽ കമ്പനിയായ അൽസ്റ്റോമിന്‍റെ ഒരു സംരംഭമായ ലോ എമിഷൻ ആക്‌സസ് ടു പബ്ലിക് ട്രാൻസ്പോർട്ട് (ലീപ്പ്), സർക്കാർ നയങ്ങളെയും സിവിൽ സൊസൈറ്റി പ്രവർത്തനങ്ങളെയും വിലയിരുത്തുന്ന ഗവേഷണ സ്ഥാപനമായ ഡബ്ല്യുആര്‍ഐ ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ബെംഗളുരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ), ഫസ്റ്റ് ആൻഡ് ലാസ്റ്റ് മൈൽ കണക്റ്റിവിറ്റിക്ക് വേണ്ടിയുള്ള ആപ്പായ മെട്രോറൈഡ് എന്നിവയാണ് പദ്ധതിയുടെ മറ്റ് സഹകാരികള്‍.
പദ്ധതിയുടെ ആദ്യ ഘട്ടത്തിന്‍റെ ഭാഗമായി യെലച്ചനഹള്ളി, ഇന്ദിരാനഗർ സ്റ്റേഷനുകളിൽ ലാസ്റ്റ് മൈൽ സർവീസായി ഇലക്‌ട്രിക് ഓട്ടോകൾ വിന്യസിച്ചെന്നും ഓരോ സ്റ്റേഷനിൽ നിന്നും 4 കിലോമീറ്റർ ചുറ്റളവിൽ യാത്രക്കാർക്ക് സേവനം നൽകുമെന്നും അൽസ്റ്റോം ഇന്ത്യ മാനേജിംഗ് ഡയറക്ടർ ഒലിവിയർ ലോയ്‌സൺ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്ഫോർമേഷൻ ഓഫ് കർണാടക വൈസ് ചെയർമാനും ബ്രാൻഡ് ബെംഗളൂരു കമ്മിറ്റി അംഗവുമായ മുൻ എംപി രാജീവ് ഗൗഡയാണ് ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്‌തത്. ബിഎംആർസിഎൽ എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ കൽപന കടാരിയയും ചടങ്ങില്‍ പങ്കെടുത്തു.
ഇന്ദിരാനഗർ നഗരമധ്യത്തോട് ചേർന്നുള്ള വാണിജ്യ കേന്ദ്രമായതിനാല്‍ അധിക ട്രാഫിക്ക് അനുഭവപ്പെടുന്നത് കൊണ്ടാണ് ആദ്യ പ്രോജക്‌ടിനായി തിരഞ്ഞെടുത്തതെന്ന് ലോയ്‌സൺ പറഞ്ഞു. റെസിഡൻഷ്യൽ ഏരിയ ആണെങ്കിലും യെലചെനഹള്ളിയും ഒരു പ്രധാന ഐടി ഹബ്ബായി വേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ രണ്ട് സ്റ്റേഷനുകളിലെയും സുഗമമായ ഗതാഗതം മെട്രോ യാത്രക്കാർക്ക് പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ലിംഗഭേദം ഉറപ്പാക്കാനാണ് വനിതാ ഡ്രൈവർമാരെ പ്രത്യേകമായി ഈ പ്രോഗ്രാമിന് കീഴിൽ കൊണ്ടുവന്നതെന്നും ലോയ്‌സൺ പറഞ്ഞു. ഇ-ഓട്ടോകളില്‍ കയറുന്ന സ്‌ത്രീ യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം അനുഭവപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് വർഷം മുമ്പ്, ഭർത്താവിന്‍റെ മരണശേഷം ഓട്ടോ ഓടിക്കാൻ ആരംഭിച്ച 40 കാരിയായ സരസ്വതിക്ക് മെട്രോറൈഡ് വലിയ ആശ്വാസമായി. ഒരു ഓട്ടോറിക്ഷ വാങ്ങാൻ മുൻകൂർ നിക്ഷേപം നടത്തേണ്ടതില്ലെന്നത് അവര്‍ക്ക് ഉപകാരമായി. കൂടാതെ അവരുടെ ജോലി സമയം അവര്‍ക്ക് തന്നെ തിരഞ്ഞെടുക്കാൻ അവസരം ലഭിക്കുന്നു. രാവിലത്തെ ഷിഫ്റ്റാണ് അവര്‍ തിരഞ്ഞെടുത്തത്. വൈകുന്നേരം 4 മണിയാകുമ്പോള്‍ ജോലി പൂർത്തിയാക്കി തന്‍റെ പെൺമക്കൾ കോളേജിൽ നിന്ന് മടങ്ങുന്നതിന് മുമ്പ് വീട്ടിലെത്താന്‍ കഴിയും. കൂടുതൽ റൈഡുകൾ ലഭിച്ചില്ലെങ്കിലും ദിവസവും 800 രൂപ കൂലിയായി ലഭിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
വീടിനടുത്തുള്ള യെലച്ചനഹള്ളി മെട്രോ സ്റ്റേഷനാണ് അവര്‍ ഓട്ടോ ഓടിക്കാൻ തിരഞ്ഞെടുത്തത്. സരസ്വതി, ഈ പ്രോജക്റ്റ് പഠിക്കുന്നതിനും സമാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുമുള്ള ഒരു ബ്ലൂപ്രിന്‍റാണെന്ന് ലോയ്‌സൺ പറഞ്ഞു. ബെംഗളൂരുവിലെ ജനങ്ങളുടെ സൗകര്യത്തിനായാണ് ഞങ്ങളും പങ്കാളികളും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: വാങ്ങാൻ പറ്റിയ സമയം, ടാറ്റ ഇലക്‌ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കുന്നു