ബെംഗളൂരു : ലോക്‌സഭ തെരഞ്ഞെടുപ്പിൽ പങ്കാളിത്തം ഉയര്‍ത്താന്‍ പല പരിപാടികളും ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ജില്ലാ കളക്‌ടര്‍മാരടക്കം നേരിട്ട് ജനങ്ങളിലേക്ക് ഇറങ്ങി ബോധവൽക്കരണ പരിപാടികള്‍ നടത്തി വരികയാണ്. അതിനിടെ വോട്ട് ചെയ്‌തവർക്ക് സൗജന്യ ഭക്ഷണം വാഗ്‌ദാനം ചെയ്‌ത് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് ബെംഗളൂരുവിലെ ഒരു ഹോട്ടൽ.
ബെംഗളൂരുവിലെ നിസർഗ ഹോട്ടലാണ് വോട്ട് ചെയ്‌തവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്നത്. സൗജന്യ ഭക്ഷണം നല്‍കുന്നതിലൂടെ വോട്ടിങ് സംബന്ധിച്ച അവബോധം സൃഷ്‌ടിക്കാനാണ് ശ്രമിക്കുന്നതെന്ന് ഹോട്ടലുടമ പറയുന്നു.
ബെംഗളുരു ഉൾപ്പെടെ കർണാടകയിലെ 14 മണ്ഡലങ്ങളിൽ നാളെയാണ് (26-04-2024) വോട്ടെടുപ്പ് നടക്കുക. വോട്ട് രേഖപ്പെടുത്തിയ ശേഷം നൃപതുംഗ റോഡിലെ ഹോട്ടലിലെത്തി വോട്ട് അടയാളം കാണിക്കുന്നവർക്ക് ബട്ടർ ദോശയും മധുരവും ശീതള പാനീയവും സൗജന്യമായി നൽകും. ഇത് രാഷ്‌ട്രീയ ലക്ഷ്യങ്ങളേതുമില്ലാതെ തീര്‍ത്തും സാമൂഹിക പ്രതിബന്ധതയോടെ ചെയ്യുന്നതാണെന്ന് നിസർഗ ഹോട്ടൽ ഉടമ കൃഷ്‌ണ രാജ് പറയുന്നു.
അതേസമയം ചിക്കമംഗളൂരു, കുടക് തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളും ഹോം സ്‌റ്റേകളും അടച്ചിടാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവ്. കർണാടകയിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിനാല്‍ ഏപ്രിൽ 26 വെള്ളിയാഴ്‌ച അവധി ദിനമാണ്. മാസത്തിലെ നാലാം ശനി ആയതിനാല്‍ അന്നും പൊതു അവധിയാണ്. അടുപ്പിച്ച് 3 ദിവസം അവധി ലഭിച്ചതുകൊണ്ട് പലരും വ്യാഴാഴ്‌ച തന്നെ ബെംഗളൂരുവില്‍ നിന്ന് വിനോദ യാത്രകള്‍ക്ക് പദ്ധതിയിടുന്നതായി ജില്ലാ ഭരണകൂടത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് തടയാനും അധികൃതര്‍ നടപടികൾ സ്വീകരിച്ച് വരികയാണ്.