ബെംഗളൂരു : രാത്രിയില്‍ കാറിനെ പിന്തുടര്‍ന്ന് യുവതിയെ ശല്യപ്പെടുത്തിയെന്ന് പരാതി. രണ്ടുപേര്‍ പിടിയിലായി. ജഗന്നാഥ്, തേജസ് എന്നിവരെയാണ് മഡിവാള പൊലീസ് സ്‌റ്റേഷൻ അധികൃതരുടെ കസ്റ്റഡിയിലെടുത്തത്.
ബേഗൂർ സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ഞായറാഴ്‌ച രാത്രിയാണ് കേസിനാസ്‌പദമായ സംഭവം. രാത്രി ജോലിക്കായി സെൻ്റ് ജോൺസ് ആശുപത്രിയിൽ എത്തിയതായിരുന്നു യുവതി. ജോലി കഴിഞ്ഞ് ബേഗൂരിലെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കോറമംഗലയ്ക്ക് സമീപം വച്ച് സ്‌കൂട്ടറിൽ വരികയായിരുന്ന മൂന്ന് അക്രമികൾ യുവതിയുടെ കാറിനെ പിന്തുടര്‍ന്നത്.
മഡിവാള വരെ അക്രമികൾ സ്‌കൂട്ടറിൽ പിന്നാലെ വന്നതോടെ ആശങ്കയിലായ യുവതി 112ൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചയുടന്‍ പൊലീസ് സ്ഥലത്തെത്തിയതോടെ അക്രമികൾ രക്ഷപ്പെട്ടു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
മറ്റൊരാൾക്ക് സംഭവത്തിൽ പങ്കുണ്ട്. ഇയാളെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. നിലവിൽ കസ്റ്റഡിയിലുള്ള ജഗന്നാഥിനെയും തേജസിനെയും പൊലീസ് ചോദ്യം ചെയ്‌തു.
സ്‌ത്രീ തങ്ങളുടെ സ്‌കൂട്ടറിൽ ഇടിച്ചെന്നും, അതിനാലാണ് തങ്ങൾ അവരുടെ കാറിനെ പിന്തുടർന്നതെന്നുമാണ് ചോദ്യം ചെയ്യലിൽ പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. പ്രതികള്‍ നല്‍കിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ യുവതിയുടെ കാറും പ്രതികളുടെ സ്‌കൂട്ടറും പരിശോധിച്ചെങ്കിലും കൂട്ടിയിടിച്ചതിൻ്റെ ലക്ഷണമൊന്നും ഇല്ലെന്ന് പൊലീസ് പറഞ്ഞു.
''ഇന്നലെ രാത്രി 9.15 നാണ് സംഭവം. മഡിവാളയിൽ നിന്ന് രണ്ട് യുവതികൾ കോറമംഗലയിലേക്ക് പോകുകയായിരുന്നു. ഇതിനിടെ മൂന്ന് യുവാക്കൾ ഇവരെ ഏറെദൂരം പിന്തുടര്‍ന്നു. സംഭവത്തിൽ കേസെടുത്ത് രാത്രി തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളുടെ പശ്ചാത്തലം അന്വേഷിച്ചുവരികയാണ്. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ പൊലീസ് കൺട്രോൾ റൂം നമ്പർ 112-ൽ വിളിച്ച് അറിയിക്കുക. സംഭവത്തിൽ മറ്റൊരു പ്രതിക്കായി തെരച്ചിൽ നടത്തുകയാണ്" എന്നും സൗത്ത് ഈസ്റ്റ് ഡിവിഷൻ ഡിസിപി സി കെ ബാബ പറഞ്ഞു.