കൊൽക്കത്ത : പശ്ചിമ ബംഗാൾ നിയമസഭ പാസാക്കിയ ബലാത്സംഗ വിരുദ്ധ ബിൽ ഗവർണർ സി വി ആനന്ദ ബോസ് രാഷ്‌ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചതായി രാജ്ഭവൻ അറിയിച്ചു. ചീഫ് സെക്രട്ടറി മനോജ് പന്ത് ബില്ലിന്‍റെ സാങ്കേതിക റിപ്പോർട്ട് കൈമാറിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ ബില്‍ രാഷ്‌ട്രപതിക്ക് അയച്ചത്.
അപരാജിത ബില്ലിന്‍റെ സാങ്കേതിക റിപ്പോർട്ട് നല്‍കാത്തതിന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. മഹാരാഷ്‌ട്ര, ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളുെട ബലാത്സംഗ വിരുദ്ധ ബില്‍ രാഷ്‌ട്രപതിയുടെ മുന്നിലുണ്ട്.
ബലാത്സംഗ കൊലപാതകത്തിലും ലൈംഗിക അതിക്രമങ്ങളിലും വധശിക്ഷ ഉറപ്പാക്കുന്ന 'അപരാജിത വുമണ്‍ ആന്‍ഡ് ചൈല്‍ഡ് (പശ്ചിമ ബംഗാൾ ക്രിമിനൽ നിയമങ്ങളും ഭേദഗതിയും) ബിൽ 2024' സെപ്റ്റംബർ 3-ന് പശ്ചിമ ബംഗാൾ നിയമസഭ പാസാക്കിയത്. മറ്റ് കുറ്റവാളികൾക്ക് പരോളില്ലാതെ ജീവപര്യന്തം തടവും ബില്‍ ഉറപ്പാക്കുന്നുണ്ട്.