ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിന് മേല്‍ വീണ്ടും അവകാശവാദവുമായി ചൈന. പ്രാചീനകാലം മുതല്‍ ഷെങ്കന്‍ ചൈനയുടെ ഭാഗമായിരുന്നു. ഇതാര്‍ക്കും നിഷേധിക്കാനാകാത്ത വസ്‌തുതയാണെന്നും ചൈനീസ് പ്രതിരോധ വകുപ്പ് വക്താവ് പറഞ്ഞു. ചൈനയുടെ ദേശീയ പ്രതിരോധമന്ത്രാലയ വക്‌താവ് സീനിയര്‍ കേണല്‍ വുകിയാന്‍ ആണ് വാര്‍ത്താസമ്മേളനത്തിൽ ഇക്കാര്യം ആവര്‍ത്തിച്ചത്. അരുണാചല്‍ പ്രദേശിനെ ചൈന ഔദ്യോഗികമായി വിളിക്കുന്ന പേരാണ് ഷെങ്കന്‍.
ചൈനയുടെ അവകാശവാദങ്ങളെ ഇന്ത്യ ശക്തമായി എതിര്‍ത്തു. ചൈന അനാവശ്യ അവകാശ വാദങ്ങളാണ് ഉയര്‍ത്തുന്നതെന്ന് ഇന്ത്യ പ്രതികരിച്ചു. അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്. അമേരിക്കയും അരുണാചല്‍ ഇന്ത്യയുടെ ഭാഗമാണെന്ന് അംഗീകരിച്ചിട്ടുള്ളതാണ്. യഥാര്‍ത്ഥ നിയന്ത്രണ രേഖ കടന്നുള്ള ചൈനയുടെ അവകാശവാദങ്ങള്‍ അത് സൈനികമായാലും സൈനികേതരമായാലും അംഗീകരിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
എവിടെ നിന്നാണ് അരുണാചല്‍ പ്രദേശ് വന്നതെന്നായിരുന്നു ചൈനീസ് വക്‌താവ് വു പ്രതികരിച്ചത്. മറ്റ് രാജ്യങ്ങളുടെ സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്ക് വേണ്ടി ഇടപെട്ടതിന്‍റെ ധാരാളം ഭീകര ചരിത്രം അമേരിക്കക്ക് ഉണ്ടെന്നും ചൈന ചൂണ്ടിക്കാട്ടി. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പല വിധ മാര്‍ഗങ്ങളും ആശയവിനിമയ ഉപാധികളുമുണ്ടെന്നും വു പറഞ്ഞു. ചര്‍ച്ചകളിലൂടെ ഇരുകക്ഷികള്‍ക്കും പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നും വൂ ചൂണ്ടിക്കാട്ടി.
ചൈന അടിസ്ഥാന രഹിതമായ അവകാശവാദങ്ങളാണ് ഉന്നയിക്കുന്നതെന്നാണ് ഇന്ത്യ പ്രതികരിച്ചു. ഇത് പലവട്ടമായി ചൈന ആവര്‍ത്തിക്കുന്നു. എന്നാല്‍ ഇന്ത്യയുടെ നിലപാടില്‍ യാതൊരു മാറ്റവും ഇല്ല. അരുണാചല്‍ പ്രദേശ് എന്നും എപ്പോഴും ഇന്ത്യയുടെ ഭാഗമായി തന്നെ തുടരും. ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ അവകാശവാദങ്ങളുമായി ചൈനയുടെ വിദേശകാര്യമന്ത്രാലയ വക്‌താവ് ലിന്‍ ജിയാനും രംഗത്ത് എത്തിയിരുന്നു.