ന്യൂഡല്‍ഹി: ബംഗ്ലാദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചില ഭീകരസംഘടനകള്‍ ഇന്ത്യയില്‍ അരാജകത്വം വിതയ്ക്കാന്‍ ശ്രമിക്കുന്നതായി ഇന്‍റലിജന്‍സ് ഏജന്‍സികള്‍. പശ്ചിമബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളെയാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി സര്‍ക്കാര്‍ പുറത്തായതിന് പിന്നാലെയാണ് ഈ നീക്കങ്ങളെന്നും ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
കൊല്‍ക്കത്തയിലും അസമിലും തങ്ങളുടെ താവളങ്ങള്‍ ഉറപ്പിക്കാന്‍ അന്‍സര്‍ ബംഗ്ല ടീം (എബിടി) തലവന്‍ അബ്‌ദുള്ള തലാഹ് ശ്രമിക്കുന്നുവെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന് വിവിധ ഏജന്‍സികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യന്‍ ഉപദ്വീപിലെ അല്‍ഖ്വയ്ദയുമായി ബന്ധമുള്ള എബിടി ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ള സംഘടനയാണ്.
നേരത്തെ അസം സന്ദര്‍ശിച്ച തലാഹിനെ ഇന്ത്യന്‍ ഏജന്‍സികള്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം ഷെയ്ഖ് ഹസീന സര്‍ക്കാര്‍ അറസ്റ്റ് ചെയ്‌തിരുന്നു. തലാഹ് ഇപ്പോള്‍ ജയില്‍ മോചിതനായിരിക്കുകയാണ്. വടക്ക് കിഴക്കന്‍ മേഖലകളിലേക്ക് എബിടിയുെട സാന്നിധ്യം വ്യാപിപ്പിക്കാനുള്ള നീക്കത്തില്‍ പ്രധാനിയാണ് ഇയാളെന്ന് ഇന്ത്യന്‍ സുരക്ഷാ വൃത്തങ്ങള്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇക്കഴിഞ്ഞ മെയില്‍ അസമില്‍ നിന്ന് രണ്ട് എബിടി ഭീകരരെ അറസ്റ്റ് ചെയ്‌തിരുന്നു. ബഹര്‍മിയ, റെയ്ര്‍ലി മിയ എന്നിവരാണ് പിടിയിലായത്. ഇവര്‍ സംസ്ഥാനത്ത് എബിടി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടെ അതിര്‍ത്തി രക്ഷാസേന ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ മുഴുവന്‍ സമയ പട്രോളിങ് നടത്തുന്നുണ്ട്.
നാട്ടുകാരുമായി ബിഎസ്എഫ് സംഘം കൂടിക്കാഴ്‌ചകള്‍ നടത്തുന്നുമുണ്ട്. ബംഗ്ലാദേശിലെ നിലവിലെ സ്ഥിതിഗതികള്‍ അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുമുണ്ട്. അതിര്‍ത്തി രക്ഷാ ദൗത്യത്തില്‍ നാട്ടുകാരുടെ പിന്തുണയും ഇവര്‍ ആവശ്യപ്പെടുന്നു. പതിനഞ്ച് ദിവസത്തിനിടെ ഇത്തരം 614 യോഗങ്ങള്‍ ആകെ സംഘടിപ്പിച്ചു. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിലവില്‍ സമാധാനപരമായ സാഹചര്യമാണ് നിലവിലുള്ളത്.
Also Read: 'ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കും'; പ്രധാനമന്ത്രിക്ക് ഉറപ്പുനൽകി മുഹമ്മദ് യൂനുസ്