ധാക്ക: മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിൻ്റെ വിദ്യാർഥി പ്രസ്ഥാനം നിരോധിച്ചതോടെ 50000 ത്തിലധികം വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിലെന്ന് റിപ്പോർട്ടുകൾ. ഓഗസ്‌റ്റിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് ഷെയ്ക്ക് ഹസീന രാജിവെച്ച് പാലായനം ചെയ്യുന്നത് വരെ 15 വർഷത്തിലേറെ കാമ്പസുകൾ ഭരിച്ചിരുന്ന പാർട്ടിയാണ് അവാമി ലീഗിൻ്റെ വിദ്യാർഥി പ്രസ്ഥാനമായ ബംഗ്ലാദേശ് ഛത്ര ലീഗ് (ബിസിഎൽ).
ഒക്ടോബർ 23 ന് മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ആണ് ബിസിഎല്ലിനെ നിരോധിച്ചത്. തീവ്രവാദ സംഘടനയെന്ന് വിശേഷിപ്പിച്ചായിരുന്നു നിരോധനം. 2009-ൽ ഹസീനയുടെ സർക്കാർ അധികാരത്തിൽ വന്നയുടൻ കൊണ്ടുവന്ന 2009-ലെ തീവ്രവാദ വിരുദ്ധ നിയമത്തിന് കീഴിലാണ് ബിസിഎല്ലിനെ ഔദ്യോഗികമായി നിരോധിച്ചത്. ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർഥി സംഘടനയായ ഇസ്‌ലാമി ഛത്ര ഷിബരിനെ ഷെയ്ഖ് ഹസീന നിരോധിച്ചതും ഇതേ നിയമത്തിന് കീഴിലായിരുന്നു.
ആഭ്യന്തര മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, കഴിഞ്ഞ 15 വർഷമായി നിരവധി ആക്രമണങ്ങളുടെയും, പൊതുവിഭവങ്ങൾ ചൂഷണം ചെയ്യുന്നത് ഉൾപ്പെടെയുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെയും ചരിത്രമാണ് ബിസിഎല്ലിന് ഉള്ളതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്‌തു. പ്രസ്ഥാനത്തിന്‍റെ നിരോധനത്തോടെ നിരവധി വിദ്യാർഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സർക്കാർ ജോലികളിലെ വിവാദ സംവരണ സമ്പ്രദായം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് കോളജ് വിദ്യാർഥികൾ നടത്തിയ സമരമാണ് ഷെയ്ഖ് ഹസീന സർക്കാരിന്‍റെ വീഴ്‌ചയിലേക്ക് നയിച്ചത്. ഓഗസ്റ്റ് 5 ന്, പ്രതിഷേധക്കാർ ഷെയ്ഖ് ഹസീനയുടെ വസതിയും പാർലമെൻ്റും ഉൾപ്പെടെ പ്രമുഖ സർക്കാർ കെട്ടിടങ്ങൾ അടിച്ചുതകർത്തു, ഇതോടെ ഷെയ്ഖ് ഹസീനക്ക് രാജ്യം വിടേണ്ടി വന്നു.
ഹസീനയുടെ വീഴ്‌ചയിൽ പക്ഷേ അക്രമം അവസാനിച്ചില്ല. നൂറുകണക്കിന് അവാമി ലീഗ് രാഷ്ട്രീയക്കാരും വിദ്യാർഥികൾ ഉൾപ്പെടെയുള്ള അംഗങ്ങളും പിന്നീട് ആക്രമിക്കപ്പെട്ടു. പലരും ഒളിവിൽ പോവുകയോ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കസ്‌റ്റഡിയിലെടുക്കപ്പെടുകയോ ചെയ്‌തതായി അൽ ജസീറ റിപ്പോർട്ട് ചെയ്‌തു.
അവാമി ലീഗിൻ്റെ കണക്കുകൾ പ്രകാരം, രാജ്യത്തുടനീളമുള്ള 50,000 വിദ്യാർഥി അനുഭാവികളെങ്കിലും അവരുടെ വിദ്യാഭ്യാസം തുടരാൻ പാടുപെടുകയാണ്. രാജ്ഷാഹി യൂണിവേഴ്‌സിറ്റിയിലെ ബിസിഎൽ നേതാവ് ഷഹരീൻ അരിയാനയെ ഒക്ടോബർ 18 ന് വ്യാജ കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌തതായി കുടുംബം ആരോപിച്ചു. ടേം ഫൈനൽ പരീക്ഷ എഴുതാൻ ശ്രമിക്കുന്നതിനിടെയാണ് കസ്‌റ്റഡിയിലെടുത്തത് എന്നാണ് ഇവർ പറയുന്നത്.
അതേ ദിവസം തന്നെ രാജ്ഷാഹി സർവകലാശാലയിലെ മറ്റൊരു ബിസിഎൽ നേതാവായ സൈകത് റൈഹാൻ അറസ്‌റ്റിലായിരുന്നു. അവാമി ലീഗുമായി ബന്ധമുള്ള വിദ്യാർഥികൾക്ക് നേരെയുള്ള ആക്രമണങ്ങളും വർധിച്ചതായി റിപ്പോർട്ടുകളുണ്ട്. ധാക്കയിൽ ജഹാംഗീർ നഗർ യൂണിവേഴ്‌സിറ്റി മുൻ ബിസിഎൽ പ്രവർത്തകൻ ഷമീം അഹമ്മദിനെ സെപ്റ്റംബർ 18 ന് അടിച്ചുകൊന്നു. മറ്റൊരു ബിസിഎൽ നേതാവ് മസൂദിനെ സെപ്‌തംബർ 7 ന് രാജ്ഷാഹിയിൽ ഒരു ജനക്കൂട്ടം കൊലപ്പെടുത്തിയതായും അൽ ജസീറ റിപ്പോർട്ട് ചെയ്‌തു.
ശിബിറുമായുള്ള ബന്ധത്തിൻ്റെ പേരിൽ ബിസിഎൽ അംഗങ്ങൾ നിരവധി വിദ്യാർത്ഥികളെ ആക്രമിച്ച സംഭവങ്ങളും മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യൂനുസ് ഗവൺമെൻ്റ് ഷിബിറിൻ്റെ നിരോധനം എടുത്തുകളഞ്ഞിരുന്നു.
Also Read:അവാമി ലീഗിന്‍റെ വിദ്യാർഥി സംഘടനക്ക് നിരോധനം; ഉത്തരവിറക്കി ബംഗ്ലാദേശ് ഇടക്കാല സർക്കാർ