കൊല്‍ക്കത്ത : ബംഗ്ലാദേശ് പാര്‍ലമെന്‍റംഗം അന്‍വറുല്‍ അസിം അനാറിന്‍റെ കൊലപാതകത്തിലെ മുഖ്യ സൂത്രധാരന്‍ അമേരിക്കയിലേക്ക് കടന്നതായി ഡിറ്റക്‌ടീവ് വകുപ്പ് മേധാവി ഹാറൂണ്‍ ഓര്‍ റഷീദ്. കൊലപാതകത്തിലെ മുഖ്യ സൂത്രധാരന്‍ അഖ്‌തര്‍ ഉസ്‌മാന്‍ കാഠ്‌മണ്ഡുവില്‍ നിന്ന് ദുബായ് വഴി അമേരിക്കയിലേക്ക് കടന്നതായാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഇയാളെ പിടികൂടാന്‍ ഇന്‍റര്‍പോളിന്‍റെയും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് (സിഐഡി)യുടെയും സഹകരണത്തോടെ ശ്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയില്‍ എത്തിയതിന് പിന്നാലെ ഈ മാസം പതിമൂന്ന് മുതല്‍ എംപിയെ കാണാതാകുകയായിരുന്നു. പിന്നീട് ഇദ്ദേഹത്തെ കൊല്‍ക്കത്തയിലെ ഒരു അപ്പാര്‍ട്ട്മെന്‍റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇദ്ദേഹത്തിന്‍റെ ശരീരം വെട്ടിമുറിച്ച നിലയിലായിരുന്നു. കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി പ്ലാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിക്കാനായിരുന്നു നീക്കമെന്ന് പൊലീസ് സംശയിക്കുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ബംഗ്ലാദേശ് അന്വേഷണ സംഘം ഇന്ത്യയിലെത്തി. അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കൊല്‍ക്കത്ത വിമാനത്താവളത്തിലെത്തിയ ഹാറൂണ്‍ ഓര്‍ റഷീദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൊലപാതകം ആസൂത്രണം ചെയ്‌തതും നടപ്പാക്കിയതും ബംഗ്ലാദേശികളാണ്. ബംഗ്ലാദേശില്‍ വച്ചാണ് കൊലപാതകം ആസൂത്രണം ചെയ്‌തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇവര്‍ എന്തിന് ഇന്ത്യയില്‍ വന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച ശേഷം അന്വേഷിക്കും. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. കൊല്‍ക്കത്ത-ബംഗ്ലാദേശ് പൊലീസ് സംഘങ്ങളുടെ സഹകരണത്തോടെയേ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാകൂ. നിര്‍ണായക തെളിവുകള്‍ ശേഖരിക്കേണ്ടതും കേസിന്‍റെ മുന്നോട്ട് പോക്കിന് അത്യന്താപേക്ഷിതമാണ് എന്നും ഹാറൂണ്‍ ഓര്‍ റഷീദ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. ഇയാള്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കശാപ്പുകാരനാണ്. മൃതദേഹത്തില്‍ നിന്ന് ത്വക്ക് പൂര്‍ണമായും നീക്കം ചെയ്തെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. ഇദ്ദേഹത്തെ തിരിച്ചറിയാതിരിക്കാന്‍ ശരീരഭാഗങ്ങള്‍ മുറിച്ച് മാറ്റുകയും ചെയ്‌തു.
പിന്നീട് ഇവയെല്ലാം പോളിത്തീന്‍ കവറുകളിലാക്കി. എല്ലുകളും ചെറു കഷണങ്ങളാക്കി. പിന്നീട് വിവിധ വാഹനങ്ങളിലായി ഇവയെല്ലാം കൊല്‍ക്കത്തയുടെ വിവിധ ഭാഗങ്ങളിലായി ഉപേക്ഷിച്ചു. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്‌തതായി ബംഗ്ലാദേശ് ദിനപത്രം ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്‌തു.