ക്വറ്റ : തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ തുർബത്ത് ജില്ലയിലെ നാവിക കേന്ദ്രത്തിലാണ് മിന്നലാക്രമണം നടന്നത്. നേവല്‍ ബേസിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ കലാപകാരികളെ കണ്ടെത്തി കൊലപ്പെടുത്തിയെന്നാണ് അധികൃതർ പറയുന്നത് പ്രധാന നാവിക കേന്ദ്രങ്ങളിലാണ് ഇന്നലെ രാത്രി ആക്രമണംനടന്നത്. ബലൂച് പോരാളികളുടെ ആക്രമണനിക്കം പരാജയപ്പെടുത്തിയ പാകിസ്ഥാൻ സുരക്ഷാ സേന നാല് വിമതരെ വധിച്ചതായി സർക്കാരും പൊലീസും അറിയിച്ചു.
പ്രവിശ്യയിലെ ഗ്വാദർ തുറമുഖത്തിന് പുറത്തുള്ള സർക്കാർ കെട്ടിടത്തിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച എട്ട് വിമതരെ പാകിസ്ഥാൻ സുരക്ഷാ സേന കൊലപ്പെടുത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ ആക്രമണം നടന്നത്. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തപ്രകാരം നിരോധിത ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ (ബിഎൽഎ) മജീദ് ബ്രിഗേഡ് ടർബത്തിലെ നാവിക വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
ആക്രമണത്തിൽ സിദ്ദിഖി എയർ സ്‌റ്റേഷന് കേടുപാടുകളൊന്നും സംഭവിച്ചില്ലെന്ന് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി അവകാശപ്പെട്ടു. പാകിസ്ഥാൻ, യുകെ (യുണൈറ്റഡ് കിംഗ്‌ഡം) , യു എസ് (യുണൈറ്റഡ് സ്‌റ്റേറ്റ്സ്) എന്നീ രാജ്യങ്ങളാണ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയെ തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിച്ചത്
തുർബത്ത് നാവിക കേന്ദ്രത്തിനു നേരെയുണ്ടായ അക്രമത്തെക്കുറിച്ച് സൈന്യത്തിൽ നിന്ന് പ്രതികരണമൊന്നും ഇതു വരെ ഉണ്ടായില്ല, സംഭവം സംബന്ധിച്ച് വിശദ വിവരങ്ങൾ ഉള്‍പ്പെടുത്തിയുള്ള പ്രസ്‌തവന സൈന്യം പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇസ്ലാമാബാദിലെ കേന്ദ്ര സർക്കാരിൽ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് വർഷങ്ങളായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി യുടെയും മറ്റ് ഗ്രൂപ്പുകളുടെയും നേതൃത്വത്തില്‍ നിരന്തര കലാപം നടന്നു വരികയാണ് ബലൂചിസ്ഥാനില്‍. കലാപം അടിച്ചമർത്താൻ കഴിഞ്ഞതായി സർക്കാർ പറയുന്നുണ്ടെങ്കിലും പ്രവിശ്യയിൽ അക്രമം തുടരുകയാണ്. ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമാണ് ക്വറ്റ, അവിടെ വലിയതോതിൽ ഇസ്ലാമിക തീവ്രവാദികളുടെ സാന്നിധ്യമുണ്ട്.