മുംബൈ (മഹാരാഷ്ട്ര): ബാബ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൈബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പിടിയിലായ ഹരിയാന സ്വദേശി കർണാൽ സിംഗ്, ഉത്തർപ്രദേശ് സ്വദേശി ധർമരാജ് കശ്യപ് എന്നിവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തതായി പൊലീസ് അറിയിച്ചു. ശനിയാഴ്‌ച രാത്രിയാണ് മഹാരാഷ്‌ട്ര മുന്‍ മന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം നേതാവുമായ ബാബ സിദ്ദിഖി കൊല്ലപ്പെടുന്നത്.
സംഭവ സ്ഥലത്തുണ്ടായ ജനക്കൂട്ടം രണ്ട് പ്രതികളെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. ഒരാൾ ഒളിവിലാണ്. ഇയാൾക്കായി സംസ്ഥാനത്തിനകത്തും പുറത്തും തെരച്ചിൽ നടത്താൻ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒളിവിൽപോയ പ്രതിയാണ് വെടിയുതിർത്തതെന്ന് രണ്ട് പ്രതികളും സമ്മതിച്ചതായും പൊലീസ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയവർ ഒന്നര മാസം മുമ്പാണ് മുംബൈയിൽ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. മുംബൈയിലെത്തിയ ശേഷം ഈ മൂന്ന് ഷൂട്ടർമാർ നിരവധി തവണ വെടിയുതിർക്കാൻ ശ്രമിച്ചു. കൃത്യമായ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു ഇവർ. ദസറ ദിനത്തിൽ കിട്ടിയ അവസരം മുതലെടുത്ത് അവർ വെടിയുതിർത്തു. വെടിയുതിർത്തയാൾക്ക് കൊറിയർ വഴി മുൻകൂർ പണത്തോടൊപ്പം പിസ്‌റ്റള്‍ എത്തിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനായി ഒരു ഡെലിവറി ബോയിയുടെ സഹായം തേടിയതായും പൊലീസ് അറിയിച്ചു.
നടൻ സൽമാൻ ഖാനും ബാബാ സിദ്ദിഖിയും തമ്മിലുള്ള സൗഹൃദം കണക്കിലെടുത്ത്, സൽമാൻ ഖാൻ്റെ വീടിന് മുംബൈ പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. സൽമാൻ ഖാൻ്റെ ഗാലക്‌സി അപ്പാർട്ട്‌മെൻ്റിന് പുറത്ത് കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സിദ്ദിഖിയുടെ കൊലപാതകത്തിന് പുറകെ മഹാരാഷ്ട്ര രാഷ്ട്രീയവും ചൂടുപിടിച്ചിരിക്കുകയാണ്. ഭരണപക്ഷത്തിന് നേരെ പ്രതിപക്ഷം രൂക്ഷ വിമർശനങ്ങളാണുയർത്തുന്നത്.