അയോധ്യ: രാമനഗരിയില്‍ ജനുവരി 22ന് നടക്കുന്ന പ്രാണ പ്രതിഷ്‌ഠയുടെ ഭാഗമായി തിങ്കളാഴ്‌ച ആരംഭിച്ച ആചാരപരമായ ചടങ്ങുകള്‍ അഞ്ചാം ദിവസമായ ഇന്നും തുടരുകയാണ് (Ram Mandir Pran Pratistha Rituals). രാമലല്ല മൂര്‍ത്തിയുടെ ശര്‍ക്കരാധിവാസവും ഫലാധിവാസവുമാണ് ഇന്ന് നടന്നത്. കാലത്ത് രാമലല്ല മൂര്‍ത്തിക്ക് ശര്‍ക്കരാധിവാസമായിരുന്നു ആദ്യം. ഇരുത്തി ആരാധനയ്ക്ക് ശേഷം ഫലാധിവാസവും നടന്നു. ഇനി പുഷ്‌പാധിവാസം നടക്കും. സൗരഭ്യം പരത്തുന്ന പലതരം പുഷ്‌പങ്ങളുപയോഗിച്ചാവും പുഷ്‌പാധിവാസം നടത്തുക. രാമ നഗരിയില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ശ്രീരാമ ഭക്തരൊന്നാകെ ഭക്തിലഹരിയുടെ പാരമ്യത്തിലാണ്.
ഇന്നലെ രാമലല്ലയുടെ പൂര്‍ണ ചിത്രം പുറത്തു വന്നപ്പോള്‍ത്തന്നെ ഭക്തർ അത്യുല്‍സാഹത്തിലായിരുന്നു. ക്ഷേത്രത്തിനകത്ത് നടക്കുന്ന ആചാരപരമായ ചടങ്ങുകള്‍ക്കൊപ്പം അയോധ്യ നഗരിയിലും വിവിധ പരിപാടികള്‍ നടക്കുന്നുണ്ട്. പാകിസ്ഥാനിലെ പൗരാണിക പ്രസിദ്ധമായ ഹിംഗ്ലാജ് മാതാ ശക്തിപീഠത്തില്‍ നിന്നുള്ള തീര്‍ഥജലം ഇന്ന് അയോധ്യയിലെത്തിക്കും.
ഹൈദരാബാദില്‍ നിന്ന് 1,265 കിലോ ലഡു പ്രസാദം കര്‍സേവപുരത്ത് എത്തിച്ചു കഴിഞ്ഞു. തിരുപ്പതി ബാലാജിയില്‍ നിന്നുള്ള മൂന്ന് ടണ്‍ ലഡു കൂടി ഉടനെ എത്തും. കശ്‌മീരില്‍ നിന്നുള്ള മുസ്ലീം സഹോദരന്മാര്‍ കുങ്കുമപ്പൂവാണ് സമ്മാനിച്ചത്.
അലിഗഡില്‍ നിന്ന് ഇവിടേക്കാവശ്യമായ കൂറ്റന്‍ ലോക്ക് എത്തിച്ചു. 400 കിലോ ഭാരം വരുന്ന ലോക്ക് ക്രെയിന്‍ ഉപയോഗിച്ചാണ് ഇറക്കിയത്. ഇന്നലെ പുറത്തുവന്ന ചിത്രങ്ങളില്‍ രാമലല്ലയുടെ വിഗ്രഹത്തിന്‍റെ കണ്ണുകള്‍ മൂടിക്കെട്ടിയ നിലയിലായിരുന്നു.
ഇത് എന്തുകൊണ്ടാണ് എന്ന സംശയം ഭക്തര്‍ക്കിടയിലുണ്ടായിരുന്നു. വിഗ്രഹത്തിന്‍റെ കണ്ണ് മൂടിക്കെട്ടിയത് മാറ്റുന്നത് ശരിയല്ലെന്ന് മുഖ്യ പൂജാരി സത്യേന്ദ്ര ദാസ് അഭിപ്രായപ്പെട്ടു. പ്രാണ പ്രതിഷ്‌ഠക്ക് മുമ്പ് മൂര്‍ത്തിയുടെ കണ്ണുകള്‍ കാണിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
ഗര്‍ഭഗൃഹത്തില്‍ പ്രാണ പ്രതിഷ്ഠ നടത്തുന്നതിനു മുമ്പ് വിഗ്രഹങ്ങള്‍ക്ക് ആചാര പരമായ അര്‍ച്ചനയും മറ്റ് അനുഷ്ഠാന കര്‍മ്മങ്ങളും നടത്തുന്നത് സാധാരണമാണ്. പക്ഷേ ഈ ഘട്ടങ്ങളിലൊന്നും മൂര്‍ത്തിയുടെ കണ്ണുകള്‍ പുറം ലോകത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അയോധ്യയില്‍ പ്രാണ പ്രതിഷ്ഠ നടത്താനുള്ള രാം ലല്ല വിഗ്രഹത്തിന്‍റെ പൂര്‍ണ ചിത്രം പുറത്തു പോയത് ഗൗരവ തരമായ വിഷയമാണെന്ന് മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാമനഗരിയില്‍ നടക്കുന്ന മുഴുവന്‍ ആചാരപരമായ ചടങ്ങുകളുടെയും ആതിഥേയ സ്ഥാനത്തുള്ളത് ഡോ. അനില്‍ മിശ്രയാണ്. കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി അയോധ്യയില്‍ ഹോമിയോ ക്ലിനിക് നടത്തുന്ന ഡോ അനില്‍ മിശ്ര രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് അംഗമാണ് (ram janmabhoomi teerth kshetra trust). ആര്‍എസ്എസുമായി ദീര്‍ഘകാലമായി ബന്ധപ്പെട്ട് പ്രവൃത്തിക്കുന്നു. ട്രസ്റ്റിലെ മറ്റ് ഭാരവാഹികളും 121 ആചാര്യന്മാരും ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കുന്നു.