ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠയുമായി (Ram Temple event) ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. സാമുദായിക സൗഹാർദത്തിനും പൊതു ക്രമത്തിനും വിഘാതം സൃഷ്‌ടിക്കുന്ന തരത്തിൽ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രാലയം അറിയിച്ചു.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങ് ജനുവരി 22ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. രാജ്യത്തെ സാമുദായിക സൗഹാർദത്തിനോ പൊതു ക്രമത്തിനോ ഭംഗം വരുത്താൻ സാധ്യതയുള്ളതോ വ്യാജമോ ആയ വാർത്തകൾ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യരുതെന്നാണ് മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്.