ഹൈദരാബാദ്: അയോധ്യ രാമജന്മഭൂമിയില്‍ ശ്രീരാമ മന്ദിരം പണിയാന്‍ അനുമതി നല്‍കിയ സുപ്രീം കോടതി ഉത്തരവില്‍ ഏറെ നിര്‍ണായകമായത് 1949 ല്‍ ബാബറി മസ്‌ജിദിനകത്ത് സ്ഥാപിച്ച് ഹിന്ദുക്കള്‍ ആരാധന നടത്തിയ രാമല്ലയുടെ വിഗ്രഹമായിരുന്നു. അന്ന് ഹിന്ദു സമൂഹത്തിന് അവിടെ ആരാധനയ്ക്ക് അനുമതി നല്‍കിയതാവട്ടെ കെ.കെ.നായര്‍ എന്ന മലയാളിയായ ജില്ലാ മജിസ്ട്രേറ്റും (Ramalla Idol InsideThe Babri Masjid, Magistrate K K Nair Gave Permission For Worship).
കൃഷ്‌ണകുമാര്‍ കരുണാകരന്‍ നായര്‍ എന്ന കെ. കെ നായരുടെ മജിസ്ട്രേറ്റ് എന്ന നിലയിലുള്ള നടപടികളും മറ്റൊരു മലയാളിയായ കെ.കെ. മുഹമ്മദിന്‍റെ നേതൃത്വത്തില്‍ നടത്തിയ ആര്‍ക്കിയോളജി സര്‍വേ റിപ്പോര്‍ട്ടും അയോധ്യയില്‍ രാമമന്ദിരം ഉയരുന്നതില്‍ നിര്‍ണായകമായിരുന്നു.
ആലപ്പുഴ കൈനകരി സ്വദേശി കണ്ടം കളത്തില്‍ ശങ്കരപ്പണിക്കരുടെയും പാര്‍വതിയമ്മയുടേയും മകനായ കെ കെ നായർ പഠിച്ചത് നാട്ടിലായിരുന്നു. ആലപ്പുഴയിലെ എസ് ഡി വി സ്‌കൂളില്‍ നിന്ന് മെട്രിക്കുലേഷന്‍ പാസായ ശേഷം തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജിലായിരുന്നു കോളേജ് വിദ്യാഭ്യാസം. അതിനു ശേഷം ചെന്നൈയിലും ലണ്ടനിലും ഉപരിപഠനം നടത്തി. ഇരുപത്തി രണ്ടാം വയസ്സില്‍ ഐസിഎസിൽ ചേർന്നു.
ആദ്യ നിയമനം യുപിയിലായിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ് വല്ലഭ് പന്താണ് ഫൈസാബാദ് മജിസ്ട്രേറ്റായിരുന്ന കെ. കെ. നായരെ ജില്ലാ കളക്റ്ററായി നിയമിച്ചത്. അയോധ്യ സംഘർഷങ്ങളുടെ തുടക്കമായി കരുതുന്ന 1949 ലെ വിഗ്രഹം കണ്ടെത്തിയ സമയത്ത് ഫൈസാബാദ് ജില്ലാ കലക്‌ടറായിരുന്നു അദ്ദേഹം. അതു വരെ പൂട്ടിക്കിടന്ന രാമജന്മഭൂമിയില്‍ ആരാധന അനുവദിക്കാനുള്ള ചരിത്രപരമായ തീരുമാനമെടുത്തത് കെ.കെ. നായരായിരുന്നു.
ആ കഥ ഇങ്ങനെ : 1949 ജൂണ്‍ ഒന്നിനാണ് ഫൈസാബാദിന്‍റെ ഡെപ്യൂട്ടികമ്മിഷണറും ജില്ലാ മജിസ്‌ട്രേറ്റുമായി കെ.കെ. നായര്‍ നിയമിതനായത്. നായരുടെ അടുത്ത സുഹൃത്ത് ഗുരുദത്ത് സിങ്ങായിരുന്നു ഫൈസാബാദ് സിറ്റി മജിസ്ട്രേറ്റ്. 1949 ഡിസംബര്‍ 22 ന് രാത്രിയില്‍ ബാബറി മസ്‌ജിദിനുള്ളില്‍ രാമജന്മഭൂമിയില്‍ രാമ വിഗ്രഹം സ്ഥാപിക്കപ്പെട്ടു. ശ്രീരാമന്‍റേയും സീതയുടേയും വിഗ്രഹങ്ങളായിരുന്നു രാത്രി 11 മണിയോടെ പള്ളിയിൽ എത്തിച്ചത്.
രാമ വിഗ്രഹവുമായെത്തിയവര്‍ അതീവ രഹസ്യമായാണ് അത് സ്ഥാപിച്ചത്. പക്ഷേ ഇക്കാര്യം തലസ്ഥാനത്തെ മേലധികാരികളെ കെ കെ നായര്‍ അറിയിച്ചത് പിറ്റേന്ന് രാവിലെ മാത്രമാണ്. അതിനകം ഹിന്ദു മഹാസഭയുടെ നേതൃത്വത്തില്‍ രാമഭക്തര്‍ അവിടെ ആരാധന തുടങ്ങിക്കഴിഞ്ഞിരുന്നു. വിവരമറിഞ്ഞ് കുപിതനായ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു കെ.കെ. നായരെ പുറത്താക്കാന്‍ മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്തിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി.
രാമ ലല്ലയുടെ വിഗ്രഹം നീക്കം ചെയ്യണമെന്ന് നെഹ്റു ആവശ്യപ്പെട്ടെങ്കിലും കെ. കെ. നായര്‍ വഴങ്ങിയില്ല. പകരം ഗുരു ദത്ത് സിങ്ങിനോട് ഒരു തല്‍സ്ഥിതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. രാമജന്മഭൂമിയില്‍ മന്ദിരം നിര്‍മ്മിക്കണമെന്ന റിപ്പോര്‍ട്ടാണ് ഫൈസാബാദ് സിറ്റി മജിസ്ട്രേറ്റ് ആയ ഗുരു ദത്ത് സിങ്ങ് നല്‍കിയത്. ജില്ലാ മജിസ്ട്രേറ്റിന്‍റെ നിര്‍ദ്ദേശം അനുസരിച്ച് സ്ഥലം സന്ദര്‍ശിച്ചതില്‍ ഓരം ചേര്‍ന്നുള്ള പള്ളിയിലും അമ്പലത്തിലുമായി ഹിന്ദുക്കളും മുസ്ലീങ്ങളും തങ്ങളുടെ മതാചാര പ്രകാരമുള്ള ആരാധന നടത്തുന്നുണ്ടെന്നായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചത്.
ഹിന്ദുക്കളുടെ ആവശ്യപ്രകാരം അവിടെ സര്‍ക്കാര്‍ ഭൂമിയില്‍ വിശാലമായ ക്ഷേത്രം പണിയണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചു. റിപ്പോര്‍ട്ട് കണക്കിലെടുത്ത് മജിസ്‌ട്രേറ്റ് കൂടിയായ കെ.കെ. നായര്‍ മേഖല ഏറ്റെടുത്ത് മുന്‍സിപ്പല്‍ കേര്‍പ്പറേഷന്‍റെ റിസീവര്‍ ഭരണത്തിലാക്കി. 1949 ഡിസംബര്‍ 23 ന് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം യു പി മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്ത് രാമജന്മഭൂമിയില്‍ ആരാധന നടത്തി വന്ന ഹിന്ദുക്കളെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടു.
എന്നാല്‍ ഇത് നടപ്പാക്കുന്നത് വന്‍ രക്തച്ചൊരിച്ചിലിനും കലാപത്തിനു കാരണമാകുമെന്ന് വാദിച്ച കെ. കെ. നായര്‍ ഉത്തരവ് നടപ്പാക്കാന്‍ കൂട്ടാക്കിയില്ല. നായര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന കാരണം കാട്ടി നെഹ്റുവിന്‍റെ സമ്മര്‍ദ്ദത്തില്‍ ഗോവിന്ദ് വല്ലഭ് പന്ത് നായരെ സസ്പെന്‍ഡ് ചെയ്‌തു. നിയമ പോരാട്ടത്തിലൂടെ സര്‍വീസില്‍ തിരികെയെത്തിയ കെ.കെ. നായര്‍ പിന്നീട് സ്വമേധയാ രാജി വെച്ചു.
പൊലീസ് റിപ്പോർട്ടിലെ ഒരു പരാമർശത്തെത്തുടര്‍ന്നായിരുന്നു രാജി. കെ.കെ. നായർ എല്ലാം നേരത്തെ അറിഞ്ഞുവെന്നും രാമജന്മ ഭൂമിയില്‍ വിഗ്രഹങ്ങൾ കണ്ടെത്തുന്നതിന് തൊട്ടു മുന്‍ ദിവസം അയോധ്യയിലെ ജാംബവന്ത് ക്വിലയിൽ വച്ച് വിഗ്രഹം സ്ഥാപിച്ചവരെ അദ്ദേഹം കൂടി കണ്ടിരുന്നുവെന്നും പൊലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.
രാമജന്മ ഭൂമി വിഷയത്തില്‍ കെ.കെ. നായരുടെ നിലപാടുകളേയും നടപടികളേയും വിമർശിച്ച് ജവഹർലാൽ നെഹ്‌റു എഴുതിയ മൂന്നു കത്തുകൾ പിന്നീട് പുറത്തുവന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ ഇന്ത്യയിലെത്തിയ ബാബർ സ്ഥാപിച്ച പള്ളിയുടെ പേരിൽ നൂറ്റാണ്ടുകൾക്കു ശേഷം അവകാശമുന്നയിക്കുന്നത് അംഗീകരിച്ചു കൊടുത്തതിനെയായിരുന്നു കത്തില്‍ നെഹ്‌റു ചോദ്യം ചെയ്‌തത്. ഐതിഹ്യങ്ങളുടെ പേരില്‍ നടത്തുന്ന ഇത്തരം കടന്നു കയറ്റങ്ങള്‍ ചരിത്ര നിഷേധമാണെന്നും നെഹ്റു അഭിപ്രായപ്പെട്ടു.
സിവില്‍ സര്‍വീസ് വിട്ട കെ. കെ . നായര്‍ അഭിഭാഷകനായി എന്‍റോള്‍ ചെയ്‌തു. ഭാരതീയ ജന സംഘത്തില്‍ ചേര്‍ന്ന അദ്ദേഹം രാമജന്മ ഭൂമി പ്രസ്ഥാനത്തിലും സജീവമായി. കെ. കെ. നായര്‍ വിവാഹം ചെയ്‌ത ശകുന്തള നായര്‍ പിന്നീട് ഹിന്ദു മഹാസഭ നേതാവായിരുന്നു . ഉത്തർപ്രദേശ് സ്വദേശിനിയ ഇവര്‍ 1952 ലെ ആദ്യ പൊതു തെരഞ്ഞെടുപ്പിൽ തന്നെ ലോക്‌സഭയിലെത്തി. ഹിന്ദുമഹാസഭയുടെ പേരിലായിരുന്നു ശകുന്തള നായര്‍ മത്സരിച്ചത്.
1962 ല്‍ യുപി നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ച കെ.കെ. നായര്‍ പിന്നീട് ലോക്‌സഭാംഗവും ആയി. അതേ തെരഞ്ഞെടുപ്പില്‍ ഭാര്യ ശകുന്തളയും കൈസര്‍ഗഞ്ച് മണ്ഡലത്തില്‍ നിന്ന് ലോക്ഭസയിലെത്തി. പിന്നീട് ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അതിനെതിരെ പ്രതിഷേധിച്ച ഈ ദമ്പതികള്‍ ജയിലിലടക്കപ്പെട്ടിരുന്നു.
കെ. കെ. നായരുടെ പേരില്‍ ആലപ്പുഴയില്‍ ഇന്ന് ആകെയുള്ളത് ഒരു ട്രസ്‌റ്റ് മാത്രമാണ്. ട്രസ്‌റ്റ് പ്രസിഡണ്ടും ചാര്‍ട്ടേഡ് അക്കൗണ്ടുമായ സുനില്‍ പിള്ള ട്രസ്‌റ്റിനെ പ്രതിനിധീകരിച്ച് അയോധ്യയിലെ പ്രാണ പ്രതിഷ്‌ഠാ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. കെ. കെ. നായരുടെ മരുമകന്‍ കൂടിയായ കെകെ പത്മനാഭ പിള്ളയാണ് ട്രസ്‌റ്റിന്‍റെ രക്ഷാധികാരി.