ന്യൂഡൽഹി : മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ റൺവേകളിലെ തിരക്ക് കണക്കിലെടുത്ത് വിമാനങ്ങളുടെ എണ്ണം കുറയ്ക്കാൻ വ്യോമയാന മന്ത്രാലയം ഉത്തരവിറക്കി (Aviation Ministry ordered Mumbai Airport to reduce flights). രാജ്യത്തെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ മുംബൈ വിമാനത്താവളത്തിൽ (Mumbai International Airport) റൺവേയുടെ ശേഷിയിൽ അധികമുള്ള തിരക്ക് മൂലം വിമാനങ്ങൾ 40-60 മിനിറ്റോളം നഗരത്തിന് മുകളിലൂടെ സഞ്ചരിക്കാൻ നിർബന്ധിതരാകുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവിറക്കിയത്. ഇത് 1.8 മുതൽ 2.6 ലക്ഷം രൂപയുടെ ഇന്ധന നഷ്‌ടത്തിന് ഇടയാക്കുന്നുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
എയർ നാവിഗേഷൻ സേവനങ്ങൾ നൽകുന്ന എയർ അതോറിറ്റി ഓഫ് ഇന്ത്യ (Air Authority of India) മുംബൈയിലെ വ്യോമപാതയിലെ തിരക്ക് പരിഹരിക്കാൻ ഒരു വിശകലനം നടത്തിയിരിന്നു. വ്യോമപാതയിൽ ഒരു മണിക്കൂറിൽ അനുവദിച്ചിട്ടുള്ള തിരക്കും, ഉയർന്ന തീവ്രതയുള്ള റൺവേ ഓപ്പറേഷനുകൾ നടക്കുന്ന ആറ് മണിക്കൂറിൽ (രാവിലെ 8 മുതൽ 11 വരെയും, വൈകുന്നേരം 5 മുതൽ 8 വരെയും) ഉള്ള തിരക്കും ഏകദേശം തുല്യമാണെന്നാണ് പഠനത്തിൽ പറയുന്നത്. ഇത് കൂടാതെ ചാർട്ടേഡ് വിമാനങ്ങളും സൈനിക വിമാനങ്ങളും നിയന്ത്രണങ്ങളില്ലാതെ പ്രവർത്തിക്കുന്നുണ്ട്.
നോൺ-ഷെഡ്യൂൾഡ് വിമാനങ്ങളുടെ പ്രവർത്തനവും റൺവേ ഓപ്പറേഷനുകൾ കൂടുതൽ നടക്കുന്ന സമയങ്ങളിൽ എയർ ട്രാഫിക്കിന് കാരണമാവുന്നു. മുംബൈ വിമാനത്താവളം നിലവിൽ അതിന്‍റെ റൺവേയ്‌ക്ക് ഉൾക്കൊള്ളാനാവുന്ന പൂർണ ശേഷിയിലാണ് പ്രവർത്തിക്കുന്നത്. എയർപോർട്ട് ഓപ്പറേറ്ററിന്‍റെ പിടിപ്പുകേടാണ് ഇത്തരത്തിൽ തിരക്ക് വർധിക്കാൻ കാരണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
ഓപ്പറേറ്റർ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ സ്ലോട്ടുകൾ വിതരണം ചെയ്യുന്നത്, എയർലൈൻസ് സ്ലോട്ടുകൾ പാലിക്കാത്തത്, തിരക്കുള്ള സമയങ്ങളിൽ ഷെഡ്യൂൾ ചെയ്യാത്ത പ്രവർത്തനങ്ങൾ എന്നിവയാണ് എയർ ട്രാഫിക്കിന് കാരണമെന്നും വ്യോമയാന മന്ത്രാലയം കുറ്റപ്പെടുത്തി. എയർപോർട്ട് ഓപ്പറേറ്റർ സ്ലോട്ട് നൽകുമ്പോൾ, എയർ ട്രാഫിക് പരിഹരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും വ്യോമയാന മന്ത്രാലയം പറഞ്ഞു. ഇത് സംബന്ധിച്ച് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ കഴിഞ്ഞ മാസം എയർപോർട്ട് ഓപ്പറേറ്റർക്ക് നിർദേശങ്ങൾ നൽകിയിരുന്നു.
എല്ലാ എയർലൈൻസും നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ മുംബൈ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ഉടൻ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഉത്തരവിൽ പറയുന്നു.