ന്യൂഡൽഹി : അരവിന്ദ് കെജ്‌രിവാളിന്‍റെ രാജിയ്‌ക്ക് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത അതിഷി ഇന്ന് (സെപ്‌റ്റംബർ 23) ചുമതലയേറ്റു. വിദ്യാഭ്യാസം, റവന്യൂ, ധനകാര്യം, വൈദ്യുതി, പിഡബ്ല്യുഡി എന്നിവയുൾപ്പെടെയുളള 13 വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുക. സെപ്റ്റംബർ 26, 27 തീയതികളിൽ അടുത്ത നിയമസഭ സമ്മേളനം ചേരും.
എട്ട് വകുപ്പുകൾ കൈകാര്യം ചെയ്യുന്ന സൗരഭ് ഭരദ്വാജ് ശനിയാഴ്‌ച ചുമതലയേറ്റെടുത്തിരുന്നു. തൊഴിൽ, എസ്‌സി, എസ്‌ടി, ലാൻഡ് ആൻ്റ് ബിൽഡിങ് വകുപ്പുകളുടെ ചുമതലയാണ് പുതുതായി വന്ന മുകേഷ് അഹ്‌ലാവത്തിന് ലഭിച്ചത്. കൈലാഷ് ഗലോട്ടിൻ്റെ വകുപ്പുകൾക്ക് മാറ്റമില്ല.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അരവിന്ദ് കെജ്‌രിവാള്‍ രാജിവച്ചതിന് പിന്നാലെ അതിഷി മര്‍ലേന മുഖ്യമന്ത്രി പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ഡല്‍ഹി മുഖ്യമന്ത്രി കസേരയിലെത്തുന്ന വനിതയാണ് എഎപി നേതാവായ അതിഷി.
ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായി കെജ്‌രിവാള്‍ ജയിലില്‍ കഴിയവെ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്‌തിരുന്നത് അതിഷിയായിരുന്നു. എഎപിയുടെ ദേശീയ കണ്‍വീനര്‍ കൂടിയായ അരവിന്ദ് കെജ്‌രിവാളിന്‍റെ വസതിയില്‍ ചേര്‍ന്ന നിയമസഭ കക്ഷി യോഗത്തിലാണ് തീരുമാനമായത്.
അരവിന്ദ് കെജ്‌രിവാള്‍ രാജി പ്രഖ്യാപിച്ചതിന് പിന്നാലെ കെജ്‌രിവാളിന്‍റെ ഭാര്യ സുനിത ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍ കൂടുതല്‍ അംഗങ്ങളും അതിഷിയുടെ പേരാണ് ഉയര്‍ത്തിയത്. പിന്നാലെയാണ് അതിഷിയെ തന്നെ മുഖ്യമന്ത്രിയായി കെജ്‌രിവാള്‍ പ്രഖ്യാപിച്ചത്.
അതിനാടകീയ രംഗങ്ങൾക്കൊണ്ട് എപ്പോഴും കലുഷിതമായ ഡൽഹി രാഷ്ട്രീയത്തിൽ നടന്ന അപ്രതീക്ഷിത വഴിത്തിരിവായിരുന്നു മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ രാജി പ്രഖ്യാപനം. 177 ദിവസത്തെ തിഹാർ ജയിൽ ജീവിതത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ കെജ്‌രിവാൾ തന്‍റെ പാർട്ടി പ്രവർത്തകരെ ആദ്യമായി അഭിസംബോധന ചെയ്യവെയായിരുന്നു രാജിവയ്‌ക്കുന്നുവെന്ന നിർണായക പ്രഖ്യാപനം നടത്തിയത്.
മദ്യനയ അഴിമതി കേസിലെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തുള്ള രാജിയെ രാഷ്ട്രീയ നാടകമെന്നും സഹതാപം ഏറ്റെടുക്കാനുള്ള ശ്രമമെന്നുമൊക്കെ പ്രതിപക്ഷം തള്ളി പറഞ്ഞിരുന്നു. കെജ്‌രിവാളിനെ പോലെ ദേശീയ രാഷ്‌ട്രീയത്തിലെ തന്നെ പ്രതിപക്ഷ നിരയിലെ കരുത്തുറ്റൊരു നേതാവ് കളമൊഴിയുമ്പോൾ തലസ്ഥാന നഗരിയുടെ അധികാര കസേരയിൽ അടുത്തതാര് എന്ന ചോദ്യം ഉയർന്നു.
പകരക്കാരനാകാൻ ഏറ്റവും സാധ്യതയുണ്ടായിരുന്ന മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മുഖ്യമന്ത്രി പദം ഏറ്റെടുക്കില്ലെന്ന് കെജ്‌രിവാൾ തന്നെ വ്യക്തമാക്കിയതോടെ പിന്നീട് മറ്റു മൂന്ന് പേരുകൾ സാധ്യതാ പട്ടികയില്‍ ഇടം നേടി. കെജ്‌രിവാളിന്‍റെ ഭാര്യ സുനിത കെജ്‌രിവാൾ, മന്ത്രി അതിഷി മർലേന, സൗരഭ് ഭരദ്വാജ് എന്നിവരുടെ പേരുകളായിരുന്നു അത്.
ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ പല തവണ ഉയർന്ന് കേട്ടിരുന്ന പേരായിരുന്നു സുനിത കെജ്‌രിവാളിന്‍റേത്. പടിയിറങ്ങുമ്പോൾ സ്വന്തം കുടുംബത്തിലേക്ക് തന്നെ അധികാര കൈമാറ്റം നടത്തുമെന്ന് എല്ലാവരും കരുതിയിരുന്നു. എന്നാൽ ഈ പതിവ് ഉണ്ടായില്ല. ബിഹാറിൽ ലാലു പ്രസാദ്, ജാർഖണ്ഡിൽ ഷിബു സോറൻ, ഉത്തർപ്രദേശിൽ മുലായം സിങ് യാദവ് എന്നിങ്ങനെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ച ശേഷം അധികാരം കുടുംബത്തിലേക്ക് തന്നെ കൈമാറിയ ഒട്ടേറെ ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്.
എന്നാൽ അതിഷി മര്‍ലേന പാർട്ടിയുടെ ശക്തമായ പോർമുഖം എന്ന നിലയിൽ പാർട്ടിക്കകത്തും സ്വീകാര്യത കൂടുതൽ ഉണ്ടായിരുന്നു. ഇന്ത്യ എഗയ്ൻസ്റ്റ് കറപ്ഷൻ എന്ന പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ അതിഷി മന്ത്രിസഭയിൽ പത്തിലധികം വകുപ്പുകളുടെ ചുമതല വഹിക്കുന്നുണ്ടായിരുന്നു. മുഖ്യമന്ത്രി കെജ്‌രിവാളിൻ്റെയും മനീഷ് സിസോദിയയുടെയും വിശ്വസ്‌ത എന്ന നിലക്കും അതിഷി ശ്രദ്ധേയയായിരുന്നു.