ഹൈദരാബാദ്: ഹൈദരാബാദിലെ മീർപേട്ട് മേഖലയിൽ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തിന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. പാസ്‌റ്ററായ ദേവ സഹായവും പ്രദേശത്തെ ആടുമേയ്ച്ചിരുന്ന പത്മ എന്ന സ്‌ത്രീയും തമ്മിലുള്ള വാക്കേറ്റവും തുടര്‍ന്നുണ്ടായ അക്രമവുമാണ് വീഡിയോയിലൂടെ പുറത്തുവന്നത്. ഇക്കഴിഞ്ഞ മെയ് 24 ന് വൈകിട്ട് 6 മണിയോടെയാണ് പാസ്‌റ്ററുമായുണ്ടായ തര്‍ക്കത്തില്‍ പത്മയ്ക്കും അവളുടെ ആട്ടിൻകൂട്ടത്തിനും പരിക്കേറ്റത്.
പാസ്‌റ്റർ ദേവസഹായവും പത്മയും തമ്മിലുണ്ടായ തര്‍ക്കം പെട്ടെന്ന് ഏറ്റുമുട്ടലിലേക്ക് നീങ്ങുകയായിരുന്നു. പാസ്‌റ്റർ പത്മയെയും ആടുകളേയും ആക്രമിച്ചു. ആക്രമണത്തില്‍ ആടുകളിൽ ഒന്നിൻ്റെ കൊമ്പ് ഒടിഞ്ഞു.
പത്മ പറയുന്നതിങ്ങനെ: ഞാൻ ആടുകളുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ആടുകള്‍ മേഞ്ഞു കൊണ്ടിരിക്കുമ്പോള്‍ പാസ്‌റ്റർ ദേവസഹായം ഒരു വടി എടുത്ത് ആടിൻ്റെ തലയിൽ അടിക്കുകയായിരുന്നു. ആടിൻ്റെ കൊമ്പ് പൊട്ടി ചോരയൊലിച്ചു. ഞാൻ ചെന്ന് ചോദിച്ചപ്പോള്‍ ഒരു ചൂലെടുത്ത് എൻ്റെ നേരെയും വന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിൽ ഞാൻ അയാളുടെ വീടിൻ്റെ കോമ്പൗണ്ടിലാണ് കയറിയത്. അയാള്‍ അവിടെ വന്ന് എന്നെ അടിക്കുകയായിരുന്നു. ചുറ്റുപാടും ആളുകൾ ഉണ്ടായിരുന്നെങ്കിലും ആരും തടഞ്ഞില്ലെന്നും പത്മ പറഞ്ഞു. ആട് ഇപ്പോഴും മുടന്തിയാണ് നടക്കുന്നതെന്നും തനിക്കും പരിക്കേറ്റിട്ടുണ്ടെന്നും പത്മ പറഞ്ഞു.
സംഘർഷത്തിൻ്റെ തെളിവായി സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെ പത്മ ഉടൻ തന്നെ പൊലീസിൽ പരാതി നൽകി. പാസ്‌റ്റര്‍ തന്നെ ആക്രമിച്ചെന്ന പത്മയുടെ വാദങ്ങളെ പിന്തുണയ്‌ക്കുന്നതാണ് ദൃശ്യങ്ങള്‍.
പരാതിയിൽ മീർപേട്ട് പൊലീസ് ദ്രുതഗതിയിലുള്ള നടപടി സ്വീകരിച്ചു. പാസ്‌റ്റർ ദേവ സഹായത്തിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 448 (അതിക്രമം), 324 (അപകടകരമായ ആയുധങ്ങളോ മാർഗങ്ങളോ ഉപയോഗിച്ച് മുറിവേൽപ്പിക്കുക), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 509 (സ്‌ത്രീയുടെ മാന്യതയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യം അല്ലെങ്കിൽ പ്രവൃത്തി) എന്നിവ പ്രകാരം പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
പാസ്‌റ്ററെ കഠിനമായി ശിക്ഷിക്കണമെന്നും തനിക്കും മൃഗങ്ങൾക്കും സംഭവിച്ച ദ്രോഹത്തിന് നീതി ലഭിക്കണമെന്നും പത്മ ആവശ്യപ്പെട്ടു. വീഡിയോ പുറത്തു വന്നതോടെ സംഭവം പ്രാദേശിക സമൂഹത്തിൽ വലിയ രോഷത്തിന് കാരണമായി. സമഗ്രമായ അന്വേഷണം നടത്തി പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പലരും ആവശ്യപ്പെട്ടു. അതീവ ഗൗരവത്തോടെയാണ് കേസ് കൈകാര്യം ചെയ്യുന്നതെന്നും പത്മയ്ക്ക് നീതി ഉറപ്പാക്കുമെന്നും മീർപേട്ട് പൊലീസ് പൊതുജനങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
ALSO READ : ആറ് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം; കിണറ്റിൽ വീണ കുട്ടിയാന ഒടുവിൽ കരയ്‌ക്കെത്തി