കാമരൂപ് (അസം): അസമിലെ മാനസ് ദേശീയോദ്യാനത്തില്‍ വീണ്ടും ഏഷ്യാറ്റിക് ഗോള്‍ഡന്‍ ക്യാറ്റിന്‍റെ സാന്നിധ്യം. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇവയെ ഇവിടെ വീണ്ടും കണ്ടെത്തിയിരിക്കുന്നത്. അസം വനം വകുപ്പും രാജ്യത്തെ ജൈവ വൈവിധ്യ സംരക്ഷണ രംഗത്തെ പ്രമുഖ സംഘടനയായ ആരണ്യക്, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി വന്യ ജീവി സംരക്ഷകരുമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍(ഐയുസിഎന്‍) വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്ന മൃഗമാണ് ഏഷ്യാറ്റിക് ഗോള്‍ഡന്‍ ക്യാറ്റ്. 2007ല്‍ പ്രദേശത്ത് ഇവയെ കണ്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവയെ കണ്ടെത്താനായി 2011 മുതല്‍ 2018 വരെ നിരവധി ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തിയിരുന്നെങ്കിലും ഒരെണ്ണത്തെ പോലും കണ്ടെത്താനായില്ലെന്നും 'ആരണ്യക്' പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ 2019 ഡിസംബര്‍, 2021 ജനുവരി മാസങ്ങളില്‍ അസം വനം വകുപ്പിന്‍റെ ക്യാമറയില്‍ ഇവയുടെ ചിത്രം പതിയുകയുണ്ടായി. തുടര്‍ന്ന് നടത്തിയ ഗവേഷണങ്ങളില്‍ ഇവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി പഠനത്തിന് നേതൃത്വം നല്‍കിയ ഡോ.എം ഫിറോസ് അഹമ്മദ് വ്യക്തമാക്കി. ഐയുസിഎന്നിന്‍റെ എസ്‌എസ്‌സി ക്യാറ്റ് സ്പെഷ്യലിസ്റ്റ് ഗ്രൂപ്പിന്‍റെ 2024 എഡിഷന്‍ ക്യാറ്റ് ന്യൂസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇപ്പോള്‍ ഇവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളത്.
ആരണ്യകില്‍ നിന്നുള്ള ഗവേഷകരായ ഡോ.എം ഫിറോസ് അഹമ്മദ്, മുതിര്‍ന്ന സംരക്ഷകനും ജൈവശാസ്‌ത്രജ്ഞനായ ഡോ.ദീപാങ്കര്‍ ലഹ്‌കര്‍ , വന്യമൃഗസംരക്ഷകരായ അമല്‍ ചന്ദ്ര സര്‍മാഹ്, ഡോ.റാമി എച്ച് ബീഗം, അപരാജിത സിങ്, നിബിര്‍ മേധി, നിതുല്‍ കാളിത, സുനിത് കുമാര്‍ ദാസ്, ഡോ.അഭിഷേഖ് ഹരിഹര്‍ തുടങ്ങിയവരും ഈ പഠനവുമായി സഹകരിച്ചിട്ടുണ്ട്.
ഇടത്തരം വലുപ്പമുള്ള പൂച്ചയുടെ വര്‍ഗത്തില്‍ പെട്ട മാംസഭോജികളായ സസ്‌തനികളാണ് ഏഷ്യാറ്റിക് ഗോള്‍ഡന്‍ ക്യാറ്റ്. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ വടക്ക് കിഴക്കന്‍ മേഖലകള്‍, ദക്ഷിണ പൂര്‍വേഷ്യ, ദക്ഷിണ ചൈന മേഖലകളിലാണ് ഇവയെ കണ്ടു വരുന്നത്. ഐയുസിഎന്‍ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്ന ഇവയെ 1972ലെ ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം പട്ടിക പ്രകാരം സംരക്ഷിത ജീവികളുടെ ഗണത്തില്‍ പെടുത്തിയിട്ടുണ്ട്.
ഉഷ്‌ണ മേഖല വനങ്ങള്‍, മിതശീതോഷ്‌ണ നിത്യഹരിത വനങ്ങള്‍, ഉഷ്‌ണമേഖല മഴക്കാടുകള്‍, ഉഷ്‌ണ മേഖല -ആല്‍പ്പൈന്‍ കാടുകള്‍ തുടങ്ങി വ്യത്യസ്‌ത ഇടങ്ങളില്‍ ഇവ ജീവിച്ചിരുന്നു.
വടക്ക് കിഴക്കേന്ത്യയില്‍ സിക്കിമിലെ ഖാന്‍ഗ്ചെന്ദ്സോങ ബയോസ്‌പിയര്‍ റിസര്‍വ്, വടക്കന്‍ ബംഗാളിലെ ബക്‌സ കടുവ സംരക്ഷണ കേന്ദ്രം, നോങ്ഖെല്ലം വന്യജീവി സംരക്ഷണ കേന്ദ്രം, ഈസ്റ്റ് ഗാരോ, സൗത്ത് ഗാരോ, മേഘാലയയിലെ ജയിന്‍റിയ ഹില്‍സ്, മിസോറമിലെ ദംഫാ കടുവ സംരക്ഷണ കേന്ദ്രം, കാംലാങ് കടുവ സംരക്ഷണ കേന്ദ്രം, ദേബാങ് വാലി, പക്കെ കടുവ സംരക്ഷണ കേന്ദ്രം, ഈഗിള്‍ നെസ്റ്റ് വന്യജീവി സംരക്ഷണ കേന്ദ്രം, സിങ്ചുങ് ബുഗന്‍ വിസിആര്‍, അരുണാചല്‍പ്രദേശിലെ താല്ലെ വാലി വന്യജീവി സംരക്ഷണ കേന്ദ്രം, നാഗാലാന്‍ഡിലെ ഇന്‍ടാങ്കി ദേശീയോദ്യാനം തുടങ്ങിയിടങ്ങളില്‍ ഇവയുടെ സാന്നിധ്യം ഉണ്ട്. ഭൂട്ടാനിലെ ചില സംരക്ഷിത മേഖലകളിലും ഇവയുണ്ട്.