ഗുവാഹത്തി (അസം) : എ ഐ എം ഐ എം നേതാവ് വാരിസ് പത്താൻ്റെ വിമർശനത്തിന് മറുപടിയുമായി അസം മന്ത്രി പിജൂഷ് ഹസാരിക. അസമിലെ വിവാഹ നിയമം റദ്ദാക്കിയത് മുസ്‌ലിം വിരുദ്ധമാണെന്നായിരുന്നു വാരിസ് പത്താന്‍റെ പരാമര്‍ശം. ശൈശവ വിവാഹം നിരോധിക്കുന്നതും 1935ല്‍ ആരംഭിച്ച വിവാഹമോചന രജിസ്‌ട്രേഷൻ ഒഴിവാക്കുന്നതും എങ്ങനെയാണ് മുസ്ലിം വിരുദ്ധമാകുന്നതെന്ന് പിജൂഷ് ഹസാരിക ചോദിച്ചു.
1935ലെ മുസ്‌ലിം വിവാഹ, വിവാഹ മോചന രജിസ്‌ട്രേഷൻ നിയമമാണ് അസം ക്യാബിനറ്റ് റദ്ദാക്കിയത്. സംസ്ഥാനത്തെ ശൈശവ വിവാഹങ്ങൾ പൂർണമായും നിരോധിക്കാനുള്ള ചുവടുവയ്പ്പുമാണ് നടപ്പാക്കുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അവകാശപ്പെടുകയും ചെയ്‌തിരുന്നു. എന്നാൽ ഈ നിയമങ്ങള്‍ റദ്ദാക്കുന്ന നടപടി മുസ്ലിം വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എ ഐ എം ഐ എം നേതാവ് വാരിസ് പത്താൻ രംഗത്തെത്തി.
ബിജെപി സർക്കാർ തീര്‍ത്തും മുസ്‌ലിം വിരുദ്ധമാണ്. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വോട്ടുകൾ ധ്രുവീകരിക്കാൻ അവർ ആഗ്രഹിക്കുന്നുവെന്നുമാണ് വാരിസ് പത്താൻ വിമര്‍ശിച്ചത്.
പത്താന്‍റെ ഈ നിലപാടിനോട് എക്‌സിലൂടെയാണ് പിജൂഷ് ഹസാരിക പ്രതികരണം അറിയിച്ചത്. മുസ്‌ലിം നേതാക്കൾ പക്വതയോടെ പ്രവർത്തിക്കണമെന്ന് ഹസാരിക പറഞ്ഞു. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പ്രായപൂർത്തിയായ പുരുഷനുമായി വിവാഹം കഴിപ്പിക്കുന്നത് അനുവദിക്കുന്ന 89 വർഷം പഴക്കമുള്ള നിയമം റദ്ദാക്കുന്നത് എങ്ങനെ മുസ്‌ലിം വിരുദ്ധമാകുമെന്ന് പിജൂഷ് ഹസാരിക ചോദിച്ചു.
മുസ്‌ലിം വിഭാഗത്തിലുള്ള നേതാക്കൾ പക്വതയോടെ പ്രവർത്തിക്കുകയും നമ്മുടെ പെൺമക്കളുടെ താത്പര്യങ്ങള്‍ക്കൊപ്പം നിൽക്കുകയും വേണം. ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് നേതാവ് റഫീഖുൽ ഇസ്ലാമും ഈ തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. അത് മുസ്‌ലിം വിഭാഗത്തിലുള്ള ജനങ്ങളെ ലക്ഷ്യമിട്ടുള്ള അസം ഗവൺമെന്‍റിന്‍റെ തന്ത്രമാണ്. ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള അസം സർക്കാരിന് ഏകീകൃത സിവിൽ കോഡ് ( United Civil Code ) കൊണ്ടുവരാനുള്ള ധൈര്യമില്ലെന്നും റഫീഖുൽ പറഞ്ഞിരുന്നു.
Also read : മുസ്‌ലിം വിവാഹ, വിവാഹമോചന രജിസ്‌ട്രേഷൻ നിയമം റദ്ദാക്കി അസം
അസമിലെ വിവാഹ നിയമം റദ്ദാക്കുന്നു. എന്നാല്‍ എന്തുകൊണ്ട് ഈ സർക്കാർ ഏകീകൃത സിവിൽ കോഡ് (United Civil Code) കൊണ്ടുവരാൻ ധൈര്യപ്പെടുന്നില്ല. അവർക്ക് അത് കൊണ്ടുവരാൻ കഴിയില്ല. അവർ ഉത്തരാഖണ്ഡിൽ കൊണ്ടുവന്നത് ഏകീകൃത സിവിൽ കോഡ് അല്ല. ഇവിടെയും ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാൻ ശ്രമം നടത്തി. പക്ഷേ, അതിന് കഴിയില്ലെന്ന് ഞാൻ കരുതുന്നു, കാരണം ഇവിടെ നാനാ ജാതി മതസ്ഥര്‍ ഉണ്ട് - അദ്ദേഹം പറഞ്ഞു.