ദിസ്‌പൂര്‍: അസമിലെ വെളളപ്പൊക്കത്തില്‍ ഒരാള്‍ കൂടി മരിച്ചു. ടിൻസുകിയ സ്വദേശിയായ 35 കാരനാണ് മരിച്ചത്. ഇതോടെ ഈ വര്‍ഷം വെളളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി.
സംസ്ഥാനത്തെ 19 ജില്ലകളില്‍ ഇപ്പോഴും വെള്ളപ്പൊക്കം നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. ആറ് ലക്ഷത്തോളം പേരാണ് വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നത്. ഹെക്‌ടർ കണക്കിന് കൃഷി നശിച്ചു.
വെള്ളപ്പൊക്കത്തിൽ റോഡുകളും പാലങ്ങളും തകർന്ന് പലയിടത്തും ഗതാഗതവും തടസപ്പെട്ടു. ഹഫ്‌ലോങ്ങും ഷില്ലോങ്ങും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. ദുരന്തനിവാരണ വകുപ്പിൻ്റെ കണക്കനുസരിച്ച് ബ്രഹ്മപുത്രയുടെയും അതിൻ്റെ എല്ലാ പോഷക നദികളുടെയും ജലനിരപ്പ് ഉയരുകയാണ്.
നാളെയോടെ കൂടുതൽ ജില്ലകൾ വെള്ളത്തിനടിയിലാകാനാണ് സാധ്യത. ബാർപേട്ട, നൽബാരി, ബംഗഗാവ്, ജോർഹട്ട്, മജുലി, ശിവസാഗർ, ചാരിഡിയോ, ദിബ്രുഗഡ്, ടിൻസുകിയ എന്നീ ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ ഈ ജില്ലകളിലും കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനുള്ള ഒരുക്കത്തിലാണ് ഭരണകൂടം.
വെസ്റ്റ് കർബി ആംഗ്ലോങ്, ദിമ ഹസാവോ ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പലതരത്തിലുള്ള സാംക്രമിക രോഗങ്ങളും പടർന്നുപിടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ എന്നിവര്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ ഫോണിൽ വിളിച്ച് കാര്യങ്ങള്‍ വിലയിരുത്തി.
Also Read: സ്വിറ്റ്‌സർലൻഡിലും വടക്കൻ ഇറ്റലിയിലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; 4 പേര്‍ മരിച്ചു - Rain Issue In Italy and Switzerland