ഭോപ്പാൽ: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെയും ഭാര്യാ സഹോദരിയെയും കുത്തിക്കൊലപ്പെടുത്തി എഎസ്ഐ (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ). മണ്ഡ്ല സ്വദേശിയായ വിനീതയും സഹോദരിയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതി യോഗേഷ് മരാവെയ്ക്കായി തെരച്ചില്‍ ഊര്‍ജിതം.
ഭോപ്പാലിലെ അഷ്ബാഗ് പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഇന്ന് (ഡിസംബര്‍ 3) ഉച്ചയോടെയാണ് സംഭവം. മണ്ഡ്ല പൊലീസ് സറ്റേഷനിലെ എഎസ്ഐയാണ് യോഗേഷ് മരാവെ. വീട്ടുജോലിക്കാരിയാണ് വിവരം പൊലീസിനെ അറിയിച്ചത്.
10 വർഷം മുമ്പാണ് യോഗേഷും വിനീതയും തമ്മിലുള്ള വിവാഹം നടന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ദമ്പതികൾ തമ്മിൽ തർക്കം നിലനിന്നിരുന്നു. ഈ കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇരുവരും തമ്മിൽ തര്‍ക്കം പതിവായത് കൊണ്ട് വിനീത സഹോദരിക്കൊപ്പം വാടക വീട്ടിലായിരുന്നു താമസം.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ജോലിക്കാരിയുടെ വാക്കുകള്‍ ഇങ്ങനെ: ഇന്ന് ജോലിക്ക് വന്നപ്പോൾ എഎസ്ഐ തന്നെ തള്ളിമാറ്റി വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറി വാതിൽ പൂട്ടിയതായി വീട്ടുജോലിക്കാരി പൊലീസിനോട് പറഞ്ഞു. ഇതിന് പിന്നാലെ വീട്ടില്‍ നിന്നും ഇരുവരുടെയുടെ നിലവിളി കേട്ടു. ഇതില്‍ ഭയപ്പെട്ട താന്‍ അയൽവാസികളെയും വിനീതയുടെ മാതാപിതാക്കളെയും വിവരമറിയിച്ചു. വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും യോഗേഷ് രക്ഷപ്പെട്ടുവെന്നും അവര്‍ പറഞ്ഞു.
വിവരം അറിഞ്ഞെത്തി വീടിനുള്ളിൽ കയറി നോക്കിയപ്പോള്‍ രണ്ട് പേരും പരിക്കുകളോടെ രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വീട്ടുജോലിക്കാരി നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. പരിസരത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോള്‍ പ്രതിയായ എഎസ്ഐ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടുന്നതായും കണ്ടെത്തി.
അതേസമയം കൃത്യത്തിന് ഉപയോഗിച്ച കത്തി പൊലീസിന് കണ്ടെത്താനായില്ല. പ്രതി കത്തിയുമായാണ് കടന്നത് എന്നാണ് നിഗമനം. പ്രതി യോഗേഷിനായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Also Read: വിവാഹാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയുടെ അച്ഛനെ തലയ്ക്കടിച്ചു കൊന്നു; സംഭവം തിരുവനന്തപുരത്ത്