അമൃത്‌സർ: ശിരോമണി അകാലിദൾ നേതാവും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ്‌ബീർ സിങ് ബാദലിന് നേരെ വധശ്രമം. സുവർണക്ഷേത്രത്തിന്‍റെ കവാടത്തിൽ വച്ച് അക്രമി വെടിയുതിർക്കുകയായിരുന്നു. സുഖ്‌ബീർ സിങ് ബാദല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്നവർ അക്രമിയെ കീഴടക്കി. സിഖുകാരുടെ പരമോന്നത സംഘടനയായ അകാല്‍ തഖ്‌ത് വിധിച്ച ശിക്ഷയുടെ ഭാഗമായി സുവര്‍ണക്ഷേത്രത്തിന്‍റെ കവാടത്തില്‍ വീല്‍ച്ചെയറില്‍ കാവലിരിക്കുകയായിരുന്നു ബാദല്‍. കയ്യില്‍ കുന്തവും കഴുത്തില്‍ പ്ലക്കാർഡും ധരിച്ചായിരുന്നു കാവല്‍.
ഇതിന് അടുത്തേക്ക് എത്തിയ അക്രമി പോക്കറ്റില്‍ നിന്നും തോക്കെടുക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ ഇടപെടുകയായിരുന്നു. 2007- 2017 കാലത്ത് പഞ്ചാബില്‍ അകാലിദള്‍ ഭരണത്തിലിരിക്കെയുണ്ടായ തെറ്റുകള്‍ മുന്‍ നിര്‍ത്തിയാണ് ബാദലിനെ തഖ്‌ത് ശിക്ഷിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സ്ഥലത്തുണ്ടായിരുന്ന വിവിധ മാധ്യമങ്ങളുടെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
പ്രതി നാരായൺ സിങ് ചോഡയെ പൊലീസ് അറസ്റ്റ് ചെയ്‌തു. പ്രതിക്ക് ദൽ ഖൽസയുമായി ബന്ധമുണ്ടെന്നും ഇയാള്‍ ഇത്തരമൊരു ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് പൊലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിട്ടുണ്ടെന്നും എഡിസിപി ഹർപാൽ സിങ് പറഞ്ഞു. പൊലീസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നുവെന്നും എഡിസിപി വ്യക്തമാക്കി.
ALSO READ: ഗഗാംഗീര്‍ ആക്രമണത്തിലെ പ്രധാനി; കശ്‌മീരില്‍ കൊല്ലപ്പെട്ടത് ലഷ്‌കർ-ഇ-തൊയ്ബയിലെ ഭീകരന്‍
വെടിയുണ്ട നേരിയ വ്യത്യാസത്തിലാണ് കടന്ന് പോയതെന്നും ബാദല്‍ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടാണെന്നും മുതിർന്ന എസ്എഡി നേതാവ് ദൽജിത് സിങ് ചീമ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ക്രമസമാധാന തകർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ഭഗവന്ത് മാൻ രാജിവെക്കണം. ഈ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.