ഹൈദരാബാദ്: എല്ലാ വർഷവും ഡിസംബർ നാല് ഇന്ത്യൻ നാവികസേനാ ദിനമായാണ് ആചരിക്കുന്നത്. ഇന്ത്യൻ നേവി കൈവരിച്ച നേട്ടങ്ങള്‍ക്കുളള ആദരമായാണ് നേവി ദിനം ആചരിക്കുന്നത്. 1971ലെ ഇന്ത്യ-പാക് യുദ്ധത്തിലെ അതിപ്രധാനമായ ഓപ്പറേഷൻ ട്രൈഡൻ്റിന്‍റെ വിജയവും ഈ ദിവസം അടയാളപ്പെടുത്തുന്നു. കൂടാതെ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച നാവികസേനാംഗങ്ങള്‍ക്കുളള ആദരം കൂടിയായാണ് നാവികസേനാ ദിനം ആചരിക്കുന്നത്.
ഇന്ത്യയുടെ സമുദ്രാതിർത്തികൾ സംരക്ഷിക്കുന്നതിൽ ഇന്ത്യൻ നാവികസേന നിർണായക പങ്ക് വഹിക്കുന്നു. ത്രിമാന ശക്തിയായി സമുദ്രോപരിതലത്തിലും മുകളിലും താഴെയും സംരക്ഷണ കവചം തീര്‍ക്കുന്നു. ഏകദേശം 7500 കിലോമീറ്റർ വിസ്‌തൃതിയുള്ള തീരപ്രദേശവും രണ്ട് ദശലക്ഷം ചതുരശ്ര കിലോമീറ്ററിൽ കൂടുതലുള്ള എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണും (EEZ) ഇന്ത്യയ്ക്കുണ്ട്.
വടക്കുകിഴക്കൻ ഇന്ത്യയിലെ ബംഗാൾ ഉൾക്കടലിനെയും ദക്ഷിണേന്ത്യയിലെ അറബിക്കടലിനെയും ഇന്ത്യൻ നാവികസേന സംരക്ഷിക്കുന്നു. ഏകദേശം 150 കപ്പലുകളും 17 ഡിസ്ട്രോയറുകളും നിരവധി സൈനികരും അടങ്ങുന്ന കരുത്തുറ്റ നാവികസേനയാണ് ഇന്ത്യയ്ക്കുളളത്.
ചരിത്രം: രാജ്യത്തിൻ്റെ സമുദ്രാതിർത്തികൾ സംരക്ഷിക്കുന്നതിലുളള ഇന്ത്യൻ നാവികസേനയുടെ ധീരത, വൈദഗ്ധ്യം, പ്രതിബദ്ധത എന്നിവയെ ആദരിക്കുന്നതിനായാണ് ഡിസംബർ നാല് ഇന്ത്യൻ നേവി ദിനമായി ആഘോഷിക്കുന്നത്. 1971ലെ ഇന്ത്യ-പാക് യുദ്ധത്തിൽ, കറാച്ചിയിലെ പാകിസ്ഥാൻ നാവിക ആസ്ഥാനത്ത് സമർഥമായി നടത്തിയ ഓപ്പറേഷൻ ട്രൈഡൻ്റ് ഓര്‍മ ദിനമായി കൂടിയാണ് ഇന്ത്യന്‍ നേവി ദിനം ആചരിക്കുന്നത്. കമ്മഡോർ കാസർഗോഡ് പട്ടണഷെട്ടി ഗോപാൽ റാവുവാണ് ഓപ്പറേഷൻ ട്രൈഡന്‍റിന് നേതൃത്വം നല്‍കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഐഎൻഎസ് വീർ, ഐഎൻഎസ് നിപത്, ഐഎൻഎസ് നിർഘട്ട് തുടങ്ങിയ മിസൈൽ ബോട്ടുകൾ ഉപയോഗിച്ച് പിഎൻഎസ് ഖൈബർ ഉൾപ്പെടെ മൂന്ന് പാകിസ്ഥാൻ കപ്പലുകൾ മുക്കുകയും പാകിസ്ഥാന്‍ നാവിക സേനയ്‌ക്ക് വലിയ നാശനഷ്‌ടങ്ങൾ വരുത്തുകയും ചെയ്‌തതാണ് ഓപ്പറേഷന്‍ ട്രൈഡന്‍റ്. എല്ലാ വർഷവും, ആഘോഷങ്ങളുടെ ഭാഗമായി വൈവിദ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. വ്യത്യസ്‌തമായ പ്രമേയവും ഓരോ വര്‍ഷവും അവതിരിപ്പിക്കാറുണ്ട്.
നേവി ദിന തീം: 2024 ലെ ഇന്ത്യൻ നേവി ദിനത്തിൻ്റെ പ്രമേയം 'നവീകരണത്തിലൂടെയും സ്വദേശിവത്കരണത്തിലൂടെയും കരുത്തും കഴിവും' (Strength and Capability through Innovation and Indigenization) വര്‍ധിപ്പിക്കുക എന്നതാണ്. സ്വാശ്രയത്വം ഉറപ്പുവരുത്തുക സാങ്കേതിക പുരോഗതി കൈവരിക്കുക തുടങ്ങിയ ഇന്ത്യന്‍ നേവിയുടെ ലക്ഷ്യത്തെ പ്രതിനിധീകരിക്കുന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ഈ ലക്ഷ്യങ്ങള്‍ നാവിക സേനയെ കൂടുതൽ ശക്തമാക്കാനും സമുദ്രസുരക്ഷ ഉറപ്പുവരുത്താനും സഹായിക്കും.
നാവികസേനയുടെ പ്രവര്‍ത്തനങ്ങള്‍
യുദ്ധം മുതൽ മാനുഷിക സഹായവും ദുരന്ത നിവാരണ പ്രവർത്തനങ്ങളും വരെ നാവിക സേനയുടെ പ്രവര്‍ത്തനങ്ങള്‍ വിശാലമാണ്. ഈ പ്രവര്‍ത്തനങ്ങളെ പ്രധാനമായും നാലായി തരം തിരിക്കാം.
1. സൈനിക പ്രവര്‍ത്തനം: നാവിക സേന കടലില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെയാണ് സൈനിക പ്രവര്‍ത്തനം എന്ന് പറയുന്നത്. ശത്രുസൈന്യം, അതിര്‍ത്തി, വ്യാപാരം എന്നിവയ്‌ക്കെതിരെ നടത്തുന്ന ആക്രമണാത്മക പ്രവര്‍ത്തനങ്ങളും സ്വന്തം സൈന്യം, പ്രദേശം, വ്യാപാരം എന്നിവ സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു.
On Navy Day, we salute the valiant personnel of the Indian Navy who protect our seas with unmatched courage and dedication. Their commitment ensures the safety, security and prosperity of our nation. We also take great pride in India’s rich maritime history. pic.twitter.com/rUrgfqnIWs
— Narendra Modi (@narendramodi) December 4, 2024
2. നയതന്ത്ര പ്രവര്‍ത്തനം: വിദേശ നയം സംരക്ഷിക്കുന്നതിനായി പുതിയ സൗഹൃദങ്ങളും അന്താരാഷ്‌ട്ര സഹകരണവും വര്‍ധിപ്പിക്കുന്നത് നയതന്ത്ര പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. ശക്തി പ്രദര്‍ശിപ്പിച്ച് ആക്രമണം നടത്താന്‍ സാധ്യതയുളള എതിരാളികളെ പിന്തിരിപ്പിക്കുന്നതും ഇതില്‍ ഉള്‍പ്പെടും.
3. കോൺസ്റ്റബുലറി പ്രവര്‍ത്തനം: ഇന്ത്യയുടെ സമുദ്ര സുരക്ഷ ഉറപ്പുവരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നത് ഇന്ത്യൻ നാവികസേനയുടെ പ്രധാന കടമയാണ്. പൊലീസിങ് രീതിയിലുളള പ്രവര്‍ത്തനങ്ങളാണിത്. കുറഞ്ഞ തീവ്രതയുള്ള മാരിടൈം ഓപ്പറേഷൻസ് (LIMO) മുതൽ കടലിൽ ക്രമസമാധാനം ഉറപ്പാക്കുന്നത് വരെ നീളുന്നതാണ് കോൺസ്റ്റബുലറി പ്രവര്‍ത്തനങ്ങള്‍. ഇന്ത്യയുടെ സമഗ്രമായ സമുദ്ര സുരക്ഷ ഉറപ്പുവരുത്തുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.
4. നിരുപദ്രവകരമായ പ്രവര്‍ത്തനം: ആക്രമണ സ്വഭാവമില്ലാത്ത പ്രവര്‍ത്തനങ്ങളാണിവ. മാനുഷിക പിന്തുണ, ദുരന്ത നിവാരണ പ്രവര്‍ത്തനം, സെർച്ച് ആൻഡ് റെസ്ക്യൂ (എസ്എആർ), ഡൈവിങ് സപ്പോർട്ട്, രക്ഷാപ്രവർത്തനങ്ങൾ, ഹൈഡ്രോഗ്രാഫിക് വിശകലനം തുടങ്ങിയവ നിരുപദ്രവകരമായ ജോലികളില്‍ ഉള്‍പ്പെടുന്നു.